മർഹൂം അത്തിപ്പറ്റ ഉസ്താദിനെ ഓർക്കുമ്പോൾ | മൻസൂർ ഹുദവി പാതിരമണ്ണ


മൻസൂർ ഹുദവി പാതിരമണ്ണ


മർഹൂം അത്തിപ്പറ്റ ഉസ്താദിനെ വളരെ ചെറിയ പ്രായത്തിൽ തന്നെ കാണാനും അവിടത്തെ അനുഗ്രന പ്രാർത്ഥന നേടാനുമായിട്ടുണ്ട്. പതിമൂന്ന് വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ട പിതാവിന് ഒരു സ്വഭാവമുണ്ടായിരുന്നു. അദ്ദേഹത്തിന് പരിചയവും അടുപ്പവുമുള്ള ഉസ്താദുമാരുടെയും മഹൽ വ്യക്തികളുടെയും അടുക്കലേക്ക് ഞങ്ങൾ മക്കളെ കൊണ്ട് പോവുകയും അവരെ കൊണ്ട് പ്രാർത്ഥിപ്പിക്കുകയും ചെയ്യുക എന്നത്.. ജാമിഅ സമ്മേളനത്തിന്റെ സമാപനത്തിന് പലപ്പോഴും ഞങ്ങളുമായി നേരത്തെ പോവുകയും ഓരോ ഉസ്താദിന്റെയും അടുത്ത് കൊണ്ട് പോയി ദുആ ചെയ്യിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ശംസുൽ ഉലമ, കെ.കെ ഹസ്റത്ത്, പാണക്കാട് സയ്യിദന്മാർ, മറ്റു നിരവധി ആലിമീങ്ങൾ എന്നിവരുടെയൊക്കെ അനുഗ്രഹ പ്രാർത്ഥനകൾ ഇങ്ങനെ ചെറുപ്പത്തിൽ തന്നെ കിട്ടിയിരുന്നു...
അത് പോലെ ഒരിക്കൽ പിതാവ് തന്നെ അത്തിപ്പറ്റ സ്വലാത്ത് മജ്ലിസിലേക്ക് കൊണ്ട് പോയി. രാമപുരം അൻവാറുൽ ഹുദാ അറബിക് കോളേജിന്റെ ആവശ്യങ്ങൾക്കായി പിതാവ് ആ കാലത്ത് ഇടക്കിടെ യു.എ.ഇ യിൽ പോകാറുണ്ടായിരുന്നു. അൽ.ഐനിൽ ചെല്ലുമ്പോൾ അത്തിപ്പറ്റ ഉസ്താദ് പല സഹായങ്ങളും ചെയ്ത് കൊടുക്കാറുണ്ടായിരുന്നു. ഈ ഒരു ബന്ധവും പരിചയവും പിതാവിന്റെയും ഉസ്താദിന്റെയും ഇടയിൽ നിലനിന്നിരുന്നു.
പത്ത് വയസ്സിന് താഴെയുള്ള ആ പ്രായത്തിൽ അത്തിപ്പറ്റ ഉസ്താദ് തലയിൽ കൈ വെച്ച് പ്രാർത്ഥിച്ചത് ഇന്നും ഒളിമങ്ങാതെ ഓർമ്മ ചെപ്പിലുണ്ട്.
പതിനൊന്ന് വയസ്സായപ്പോൾ പഠനം ദാറുൽ ഹുദയിലായി. ദാറുൽ ഹുദയിലെ പന്ത്രണ്ട് വർഷത്തെ പഠനത്തിനിടയിൽ പലപ്പോഴായി ഉസ്താദിനെ കാണാനും സംസാരിക്കാനും നസ്വീഹത്തിലും പ്രാർത്ഥനകളിലും പങ്കെടുക്കാൻ അവസരം ലഭിച്ചു.
ഉദ്ദേശം രണ്ട് വർഷങ്ങൾക്ക് മുമ്പ് അത്തിപ്പറ്റയിൽ ഒരു മതപ്രഭാഷണത്തിന് പോയി.പ്രഭാഷണം തുടങ്ങുന്നതിന് മുമ്പേ സംഘാടകർ പറഞ്ഞു. ഉസ്താദ് വരും. നമുക്ക് അപ്പോൾ തൽക്കാലം നിർത്തി പിന്നെ തുടരാം. അര മണിക്കൂർ കഴിഞ്ഞപ്പോൾ ഉസ്താദ് വന്നു. നസ്വി ഹത്തും ദുആയും കഴിഞ്ഞ് സംഘാടകർ പിരിവ് തുടങ്ങിയപ്പോൾ നല്ലൊരു സംഖ്യ ബക്കറ്റിലേക്കിട്ട് ഉസ്താദ് തന്നെ പിരിവ് ഉദ്ഘാടനം ചെയ്തു. എന്നെ പരിചയപ്പെടുത്തിയ ഉടനെ മരണപ്പെട്ട് പോയ പിതാവിന് വേണ്ടിയും എനിക്ക് വേണ്ടിയും പ്രാർത്ഥിച്ചു.
ഒരു വർഷത്തിനപ്പുറം ആകസ്മികമായി അല്ലാഹു വിന്റെ വിളിക്കുത്തരം നൽകിയ ജാബിർ ഹുദവി ചേകന്നൂരിന്റെ ജനാസ കാണാൻ പോയപ്പോൾ അസർ നിസ്കാരത്തിനായി ഫത്ഹുൽ ഫത്താഹിൽ ഇറങ്ങി. നിസ്കാര ശേഷം ഉസ്താദിനെ കാണുകയും ബന്ധം പുതുക്കുകയും ചെയതു. അവിടെയും ഉസ്താദ് പിതാവിന്റെ മഗ്ഫിറത്തിനായി പ്രാർത്ഥിച്ചു. പിന്നെ മരണപ്പെട്ട ജാബിർ ഹുദവിക്കും ഞങ്ങൾ എല്ലാവർക്കും.... അന്നായിരുന്നു ഉസ്താദിനെ അവസാനമായി കണ്ടതും സംസാരിച്ചതും...
പ്രവാചക ചര്യകളുടെ പ്രായോഗിക രൂപമായിരുന്നു ഉസ്താദ്... നാം നേരിൽ അനുഭവിച്ച സ്വൂഫികളിൽ അദ്വിതീയൻ....
അല്ലാഹു അവരെയും നമ്മെയും സ്വർഗത്തിൽ ഒന്നിപ്പിക്കട്ടെ...ആമീൻ
മൻസൂർ ഹുദവി പാതിരമണ്ണ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only

Start typing and press Enter to search