ഓമാനൂർ ശുഹദാക്കൾ ചരിത്രം | Omanoor shuhada , omanur suhada history | ഓമാന്നൂർ ഷുഹദാ charithram

ദുൽഹിജ്ജ_ഏഴ് ഓമാനൂർ_ശുഹദാക്കളുടെ_ 316 ാം മത്ആണ്ട് ദിനം (2023)

മൗലിദ് പിഡിഎഫ് ഡൗൺലോഡ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

 ✒️മുആവിയ മുഹമ്മദ് ഫൈസി

' ഓമാനൂര്‍ ശുഹദാക്കള്‍'! ഒരു ശരാശരി മലയാളിയെ സംബന്ധിച്ചേടത്തോളം ഓര്‍മ്മവെച്ച കാലംതൊട്ടേ കേട്ടുപരിചയിച്ച നാമമായിരിക്കുമത്. അല്‍പ്പം മുന്നോട്ടോ പിന്നോട്ടോ മാറിയാണെങ്കിലും 'ഇന്ന് ഓമാനൂരല്ലേ' എന്ന് അറിഞ്ഞതാരായുന്ന ആ ചോദ്യം ഒരു ശീലമെന്നതില്‍ കവിഞ്ഞ് സ്വന്തം സംസ്‌കാരത്തിന്റെ തന്നെ ഭാഗമാക്കിമാറ്റിയവരായിരുന്നു ഇവിടുത്തെ കാരണവന്‍മാര്‍. അതു കൊണ്ടുതന്നെ ചരിത്രത്തിലെ ആ ഓമാനൂരുമായി സവിശേഷമായൊരു ബന്ധമുണ്ടായിരുന്നു നാട്ടുമ്പുറത്തെ നിത്യജീവിതത്തിന്.

 കേരളത്തിലെ, വിശിഷ്യാ മലബാറിലെ പള്ളികളിലും പരിസരങ്ങളിലുമായി അടുത്തകാലം വരെ സാധാരണമായിരുന്ന 'ഓമാനൂര്‍ നേര്‍ച്ചപ്പെട്ടി'കള്‍ മുതല്‍ ജാതി-മത ഭേദമന്യേ ജനം സംബന്ധിച്ചും സംഘമിച്ചും ശീലിച്ചു പോന്ന വിപുലമായ ആണ്ടു നേര്‍ച്ചകള്‍ വരെയുള്ള പ്രാദേശിക ജീവിത വ്യവഹാരങ്ങളിലൂടെ രൂഢമൂലമായിത്തീര്‍ന്ന അസാധാരണമായൊരാത്മ ബന്ധമായിരുന്നു അത്.

   വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദ്യമായി ഓമാനൂര്‍ ശുഹദാക്കളെ സിയാറത്ത് ചെയ്യാനെത്തുമ്പോള്‍ അതിനിങ്ങനൊരു പശ്ചാത്തലം കൂടിയുണ്ടായിരുന്നു വെന്നാണ് സൂചിപ്പിച്ചു വരുന്നത്. 

 മേല്‍ വിലാസത്തിലെ മൗലികത കൊണ്ടോ എന്തോ ഓമാനൂര്‍ തന്നെയായിരുന്നു കണക്കുക്കൂട്ടലിലെ ലക്ഷ്യസ്ഥാനം. കൊണ്ടോട്ടിയിലെത്തുന്നതുവരെ ആ ധാരണക്ക് മാറ്റമൊന്നു മുണ്ടായിരുന്നില്ല. പിന്നീടാണ് ഇടക്കാരോ പറഞ്ഞുതന്നതനുസരിച്ച് പഴയങ്ങാടി വലിയ ജുമുഅത്ത് പള്ളിക്ക് മുന്നിലെത്തിയത്.

 ഒറ്റ നോട്ടത്തില്‍ തന്നെ പഴമയുടെ പ്രൗഢി വിളിച്ചോതുന്ന പ്രദേശം. സിയാറത്ത് ചെയ്ത് പുറത്തിറങ്ങുമ്പോള്‍ നാട്ടുകാരനെന്നു തോന്നിപ്പിക്കുന്ന ഒരാള്‍ കുശലാന്വേഷണത്തിനായി അടുത്ത് കൂടി. 'ഓമാര് പട'യുടെ കാലത്ത് ഓമാനൂരില്‍ പള്ളിയില്ലാതിരുന്നതിനാലാണ് ശുഹദാക്കളുടെ മഖ്ബറ പഴയങ്ങാടിയിലായതെന്ന് സംസാരത്തിനിടെ കൂട്ടിച്ചേര്‍ത്തപ്പോള്‍ പള്ളിയോടുചാരി തിണ്ണകെട്ടിത്തിരിച്ച മഖ്ബറകള്‍ക്ക് മേല്‍ക്കൂര നിര്‍മ്മിക്കാത്തതിലെ കൗതുകം പങ്കുവെക്കാതിരിക്കാനായില്ല. മേല്‍ക്കൂര കെട്ടിയുണ്ടാക്കാനുള്ള ശ്രമങ്ങളൊന്നും ഇതുവരെ വിജയിച്ചിട്ടില്ലെന്നാണ് മറുപടി ലഭിച്ചത്; ഷീറ്റുകളോ മറ്റോ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന മേല്‍ക്കൂരകള്‍ ഉതിര്‍ന്നു വീഴുകയോ പറന്ന് പോവുകയോ ചെയ്യുന്ന മുന്‍കാല അനുഭവങ്ങള്‍ ശുഹദാക്കളുടെ കറാമത്തായാണ് നാട്ടുകാര്‍ വിലയിരുത്തുന്നതെന്ന വിശദീകരണവും... 

 തിരിച്ച് പോരുമ്പോള്‍ കയ്യില്‍ക്കരുതിയ 'ഓമാനൂര്‍ ശുഹദാ മൗലിദ്' നല്ലൊരുവായനാനുഭവം കൂടിയായിരുന്നു. സാന്ദര്‍ഭികമായി അതിലെ ചരിത്രാഖ്യാനം മാത്രം ഇവിടെ ചേര്‍ക്കുന്നത് ഉചിതമായിരിക്കുമെന്ന് വിശ്വസിക്കട്ടെ; സാമുദായിക വിദ്വേഷത്തിന്റെ വിത്തെടുത്ത് കുത്തിയവര്‍ക്കു മുന്നില്‍ നെഞ്ച് വിരിച്ച് നിന്ന് പോരാടി വീര മൃത്യു വരിച്ചവരുടെ മഹത് സ്മരണയില്‍ ജനം മതഭേദം മറന്ന് ഒന്നായി മാറുന്ന, ബഹുസ്വരതയുടെ കേരളീയ പരിപ്രേക്ഷ്യം പുതിയകാലത്ത് സംഗതമാവുന്നതെങ്ങനെയെന്ന് വായനക്കാര്‍ വായിച്ചെടുക്കുമല്ലോ!

 മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്തുള്ള ഒരു കര്‍ഷക ഗ്രാമമാണ് ഓമാനൂര്‍. ബിംബനൂര്‍ എന്നായിരുന്നു പഴയ പേര്. ഹിന്ദു മതസ്ഥരായ നായാടികളായിരുന്നു ഭൂരിപക്ഷവും. പൗരപ്രമാണിയും സര്‍വ്വ സമ്മതനുമായ കുഞ്ഞാലിയും സഹോദരി പുത്രന്‍മാരായ മൊയ്തീനും കുഞ്ഞിപ്പോക്കരുമടങ്ങുന്ന മൂന്ന് കുടുംബങ്ങളായിരുന്നു പ്രദേശത്തെ മുസ്ലിം സാന്നിധ്യം. ആവശ്യമായ അയോധനമുറകളും അഭ്യാസങ്ങളും ചെറിയ പ്രായത്തില്‍ തന്നെ വശത്താക്കിയ മൂവരും വലിയ പരോപകാരികളും പൗരപ്രധാനികളുമായാണ് നാട്ടുകാര്‍ക്കിടയില്‍ അറിയപ്പെട്ടത്. ഈ സ്വീകാര്യത പക്ഷെ, നാടുവാഴികളായ ചില ജന്മിമാര്‍ക്ക് അത്രകണ്ട് രസിച്ചിരുന്നില്ല.

 ആയിടക്കാണ് തിരൂര്‍ സ്വദേശിയായ ഒരു നായര്‍ കുഞ്ഞാലിയുടെ വീട്ടില്‍ അഭയം തേടിയെത്തിയത്. 

 നിരാലംബനായെത്തിയ ഒരു വ്യക്തി എന്നതില്‍ കവിഞ്ഞ് നാട്ടില്‍ ചില പ്രശ്‌നങ്ങളില്‍പെട്ട് നാട്ടു ജന്മിമാര്‍ പുറത്താക്കിയതായിരുന്നു അദ്ദേഹത്തെ. തെറ്റ് ഏറ്റു പറയുകയും വേണ്ട പരിഹാരമാര്‍ഗ്ഗങ്ങള്‍ ചെയ്യാനുള്ള സന്നദ്ധത അറിയിക്കുകയും ചെയ്തതാണ് അങ്ങനൊരാള്‍ക്ക് അഭയം കൊടുക്കാന്‍ കുഞ്ഞാലിയെ പ്രേരിപ്പിച്ചത്. അത് പക്ഷേ ഹിന്ദുക്കളായ ചില നാടുവാഴികള്‍ക്ക് ദഹിച്ചില്ല. തങ്ങള്‍ ആട്ടിയോടിച്ച ഒരാള്‍ക്ക് കുഞ്ഞാലി അഭയം കൊടുത്തത് അവരെ ചൊടിപ്പിച്ചു. നാട്ടുകാരില്‍ ചിലരെ കൂട്ടുപിടിച്ച് നായരെ വിട്ടുകിട്ടാന്‍ ചിലര്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കലും തന്റെ തീരുമാനത്തില്‍ നിന്ന് പിറകോട്ടുപോകാന്‍ കുഞ്ഞാലി തയ്യാറായില്ല. ഇതവരെ പ്രകോപിപ്പിച്ചു എന്ന് മാത്രമല്ല നായരുടെ കൊലപാതകത്തിലാണ് അതു കലാശിച്ചത്. 

 താന്‍ അഭയം നല്‍കിയ ഒരാള്‍ വധിക്കപ്പെട്ടതിലുള്ള വേദന കുഞ്ഞാലിയെ അസ്വസ്ഥനാക്കി. എടുത്തു ചാട്ടത്തിന് മുതിര്‍ന്നില്ലെങ്കിലും കുഞ്ഞാലിയും സഹോദരങ്ങളും അതോടെ അവരുടെ കണ്ണിലെകരടായി മാറിയിരുന്നു. കരിമൂര്‍ഖന്റെ പകയും പ്രകോപനം സൃഷ്ടിക്കാനുള്ള ത്വരയുമായി വര്‍ഗ്ഗീയ സൃഗാല ബുദ്ധികള്‍ തക്കം പാര്‍ത്ത് കഴിഞ്ഞു. 

 അതിനിടക്കാണ് സമീപ പ്രദേശമായി ചെറൂപ്പക്കടുത്ത് പാലായില്‍ (ഇന്നത്തെ പള്ളിക്കുന്ന്) മറ്റൊരു സംഭവം നടക്കുന്നത്. അമ്മാളുവെന്ന് പേരുള്ള ഒരു ഹൈന്ദവയുവതി ഇസ്ലാം മതം സ്വീകരിച്ച് ഹലീമയായി മാറിയതായിരുന്നു സംഭവത്തിന്റെ തുടക്കം. സ്വയം സന്നദ്ധയായി മതം മാറിയ അവരെ ഒരു മുസ്ലിം യുവാവ് വിവാഹം ചെയ്തതോടെ കലാപകാരികള്‍ക്ക് തേടിയവള്ളി കാലില്‍ ചുറ്റിയപ്രതീതിയായി. ഹലീമയെ പൂര്‍വ്വ മതത്തിലേക്ക് തിരിച്ച് കൊണ്ടു പോവാന്‍ കച്ചകെട്ടിയിറങ്ങിയ അവര്‍ അവരെയും ഭര്‍ത്താവിനെയും വീട്ടില്‍ കയറി ക്രൂരമായി ദേഹോപദ്രവമേല്‍പ്പിച്ചു. അടുത്തുള്ള മുസ്ലിം ഭവനങ്ങള്‍ക്കു നേരെയും അക്രമങ്ങളഴിച്ച് വിട്ടു. വീട്ടുപകരണങ്ങള്‍ തല്ലിപ്പൊളിച്ചു. കൃഷിയും ഉപജീവന മാര്‍ഗ്ഗങ്ങളും നശിപ്പിച്ചു. പ്രതികരിക്കാനാവാതെ ഗ്രാമീണര്‍ തളര്‍ന്നു. പലര്‍ക്കും നാടുവിട്ട് പലായനം ചെയ്യേണ്ടി വന്നു. 

  ഇത്തരം ചെയ്തികളിലെല്ലാം തങ്ങളുടെ സാമുദായികപിന്തുണ ഉറപ്പു വരുത്തുന്നതിനുള്ള ശ്രമങ്ങളും കലാപകാരികള്‍ നടത്തി നോക്കിയിരുന്നു. നാടുവാഴിയെ കൂട്ടുപിടിച്ച് അന്നത്തെ സാമൂതിരിയെ വശത്താക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. അത് പരാജയപ്പെട്ട തോടെ ജനങ്ങളെ ഭിന്നിപ്പിച്ച് മത സ്പര്‍ധവളര്‍ത്താനായി അടുത്ത നീക്കം. അതിനായി ആദ്യം ഒരു പന്നിത്തല അറുത്തെടുത്ത് മുസ്ലിം പള്ളിയില്‍ കൊണ്ടു പോയിട്ടു.  സമുദായത്തിന്റെ സമയോചിതമായ സംയമനം കൊണ്ടുമാത്രം സ്ഥിതി വഷളായില്ല എന്നു പറയാം. പക്ഷെ, വര്‍ഗ്ഗീയതയും വിദ്വേഷവും വളര്‍ത്താന്‍ തക്കം പാര്‍ത്തുകഴിഞ്ഞവര്‍ അടങ്ങിയിരുന്നില്ല. അമ്പലത്തിനുള്ളില്‍ ഒരുപശുവിന്റെ കഴുത്തറ്റ കബന്ധംകിടക്കുന്നുവെന്ന വാര്‍ത്തയുമായാണ് പിറ്റേന്ന് പാലായില്‍ നേരം പുലര്‍ന്നത്. 

 വര്‍ഗ്ഗീയതയുടെ അഗ്നിജ്വാലകള്‍ ആളിക്കത്തി. സര്‍വ്വായുധ സജ്ജരായി ഹൈന്ദവര്‍ തെരുവിലിറങ്ങി. എങ്ങും അക്രമവും അഴിഞ്ഞാട്ടങ്ങളും മാത്രം. പാലായിലെ പള്ളിക്ക് അവര്‍ തീയിട്ടു. മുസ്ലിംകളെ ഉ•ൂലനാശം വരുത്താന്‍ തന്നെയായിരുന്നു കലാപകാരികളുടെ തീരുമാനം. 

 വാര്‍ത്ത കേട്ടറിഞ്ഞ കുഞ്ഞാലിയും സഹോദരങ്ങളും പാലായിലേക്കു പുറപ്പെട്ടു. സ്ഥിതിഗതികള്‍ മനസ്സിലാക്കി നാട്ടിലേക്ക് തിരിക്കുമ്പോള്‍ പ്രതികരിക്കാനോ പ്രതിരോധിക്കാനോ ആളില്ലാതെ ഒരു സമുദായം അരക്ഷിതമാകുന്നതോര്‍ത്ത് മൂവരുടെയും ഹൃദയം നൊന്തു. അതിക്രമങ്ങള്‍ക്ക് അറുതിയാകാത്ത പക്ഷം ദൈവിക മാര്‍ഗ്ഗത്തില്‍ പൊരുതി മരിക്കാന്‍ മൂവരും ശപഥം ചെയ്തു.

 അപ്പോഴേക്കും മറ്റുചില അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പാലായ് മുതല്‍ 32 ചതുരശ്ര മൈലിനുള്ളിലുള്ള മുഴുവന്‍ മുസ്ലിംകളെയും ആട്ടിയോടിക്കാന്‍ നാടുവാഴി ആജ്ഞ പുറപ്പെടുവിച്ച് കഴിഞ്ഞിരുന്നു. കലാപകാരികള്‍ ആയുധമെടുത്തു. ഹിജ്‌റ വര്‍ഷം 1128 ദുല്‍ഹിജ്ജ-7 ന് വെള്ളിയാഴ്ച്ചയായിരുന്നു അത്. 

 തങ്ങളെ ലക്ഷ്യമാക്കി കലാപകാരികള്‍ പുറപ്പെട്ട വിവരം വീട്ടിലെ ഒരു 'തൊഴിലാളിച്ചെറുക്കന്‍' മുഖേനെ കുഞ്ഞാലി അറിഞ്ഞു. അവരെ നേരിടാന്‍ ശാരീരികമായും മാനസികമായും അദ്ദേഹം തയ്യാറെടുത്തു. രക്തസാക്ഷ്യത്തില്‍ കവിഞ്ഞ് മറ്റൊന്നും ആ മനസ്സ് ആഗ്രഹിച്ചിരുന്നില്ല. ഇനിയൊരു സമാഗമമില്ലെന്ന് തീര്‍ച്ചപ്പെടുത്തി കുടുംബാംഗങ്ങളെ രായ്ക്കുരാമാനം വിദൂര നാടുകളിലെ ബന്ധുവീട്ടിലേക്ക് യാത്രയാക്കി. വുളൂഅ് ചെയ്ത് രണ്ട് റക്അത്ത് നിസ്‌കരിച്ച് പ്രാര്‍ത്ഥനയോടെ കാത്തിരിപ്പായി. 

 അപ്പോഴേക്കും കുഞ്ഞിപ്പോക്കരും വിവരമറിഞ്ഞ് കഴിഞ്ഞിരിന്നു. പ്രായം പതിനഞ്ച് പിന്നിട്ടില്ലാത്ത ആ കൗമാരക്കാരന്റെ ഉള്ളം അമ്മാവനോടൊപ്പം പൊരുതി മരിക്കാന്‍ വെമ്പല്‍ കൊണ്ടു. ഏറെ നേരത്തെ അനുനയത്തിനു ശേഷം ഉമ്മയോട് സമ്മതം വാങ്ങി. കെട്ടിപ്പിടിച്ച് ചുംബിച്ച് അടക്കാനാവാത്ത ഗദ്ഗദത്തോടെ വത്സലയായ ആ മാതാവ് മകനെ യാത്രയാക്കി. 

 കുഞ്ഞിപ്പോക്കരുടെ വരവ് കുഞ്ഞാലി പ്രതീക്ഷിച്ചിരുന്നില്ല. ഉമ്മ തനിച്ചാവുമെന്നും നീ ചെറുപ്പമാണെന്നുമെല്ലാം പറഞ്ഞു നോക്കിയെങ്കിലും മടങ്ങിപ്പോകാന്‍ കുഞ്ഞിപ്പോക്കര്‍ കുട്ടാക്കിയില്ല. അവസാനം സമ്മതം മൂളി വുളൂഅ് ചെയ്ത് വരാനാവശ്യപ്പെട്ടു. അപ്പോഴേക്കും വന്‍ സന്നാഹത്തോടെ ആയിരക്കണക്കിന് കലാപകാരികള്‍ അടുത്തെത്തിക്കഴിഞ്ഞിരുന്നു. കുഞ്ഞാലി സംയമനത്തിന്റെ ഭാഷയില്‍ പലതും പറഞ്ഞു നോക്കിയെങ്കിലും ഫലമുണ്ടായില്ല. അവരതെല്ലാം പുഛിച്ച്തള്ളി. പരിഹാസത്തോടെയും ആര്‍പ്പുവിളികളോടെയും വീടു വളഞ്ഞു. കുഞ്ഞാലിക്കും കുഞ്ഞിപ്പോക്കര്‍ക്കും കൈ തരിച്ചു. അതിനിടയില്‍ കൂട്ടത്തിലാരോ കുഞ്ഞാലിയുടെ വീടിനു തീയിട്ടു. യോദ്ധാക്കള്‍ക്ക് നിയന്ത്രണം വിട്ടു. രണ്ടു പേരും ശത്രുവ്യൂഹത്തിലേക്ക് ഇരച്ചുകയറി. കനത്ത പോരാട്ടം. യോദ്ധാക്കളുടെ മുന്നേറ്റത്തില്‍ കലാപകാരികള്‍ക്കും പിടിച്ച് നില്‍ക്കാനായില്ല. പലരും വെട്ടേറ്റ് വീഴുകയും ബാക്കിയുള്ളവര്‍ ചിതറിയോടുകയും ചെയ്തു. പോരാട്ടത്തിന്റെ ചടുലതയും ശരവേഗവും കാരണം ഇരുവര്‍ക്കും കാര്യമായ പരിക്കുകളൊന്നു മേറ്റില്ല. കര്‍ത്തവ്യ ബോധവും രക്തസാക്ഷിത്വ മോഹവും അവരെ അക്ഷമരാക്കി. 

 ശത്രുക്കളുടെ അടുത്ത ലക്ഷ്യം സഹോദരീ പുത്രന്‍ മൊയ്തീന്റെ വീടായിരിക്കുമെന്ന് അവര്‍കണക്കുകൂട്ടി. താമസിച്ചില്ല ഇരുവരും മൊയ്തീന്റെ വീട്ടിലേക്ക് കുതിച്ചു. ആ സമയം മൊയ്തീന്‍ എന്തോ ആവശ്യത്തിന് പുറത്ത് പോയതായിരുന്നു. ഉടനെ മൊയ്തീന്റെ വീട്ടുകാരെ കുഞ്ഞാലിയും കുഞ്ഞിപ്പോക്കരും ചേര്‍ന്ന് സുരക്ഷിത സ്ഥലങ്ങളിലേക്ക് പറഞ്ഞയച്ചു.

 താമസിയാതെ മൊയ്തീന്‍ മടങ്ങിയെത്തി. കാര്യങ്ങളെല്ലാം ഉണര്‍ത്തിയ ശേഷം വുളൂവെടുത്ത് ഒരുങ്ങി നില്‍ക്കാനാവശ്യപ്പെട്ടു. 
 പ്രതീക്ഷ അസ്ഥാനത്തായിരുന്നില്ല. കലാപകാരികള്‍ ആളും ആരവങ്ങളുമായി മൊയ്തീന്റെ വീട്ടിലുമെത്തി. സര്‍വ്വ ശക്തിയും സംഭരിച്ച് പോരാടി മരിക്കുക തന്നെ. മൂവരും തീരുമാനിച്ചു. യോദ്ധാക്കളുടെ പോരാട്ട വീര്യത്തിനു മുന്നില്‍ അധിക സമയം പിടിച്ചു നില്‍ക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. കലാപകാരികള്‍ അല്‍പ്പം പിറകോട്ടു മാറി. ശത്രു നിര ദുര്‍ബലമായിക്കൊണ്ടിരിക്കുന്നു, യോദ്ധാക്കള്‍ക്ക് ശഹീദായി മരിക്കുകയും വേണം.! ഓരോരുത്തരായി അടര്‍ക്കളത്തിലിറങ്ങുക തന്നെ. 

 മൊയ്തീന്‍ അടര്‍ക്കളത്തിലേക്ക് ചാടിയിറങ്ങി ദ്വന്ദയുദ്ധത്തിന് വെല്ലുവിളിച്ചു.

      ശത്രുക്കള്‍ ഓരോരുത്തരായി നിലം പതിച്ചു കൊണ്ടിരുന്നു. സമയം ജുമുഅയോടടുക്കുന്നു, മൊയ്തീന്റെ കാലുകള്‍ തളരുകയാണ്. ആ തക്കം നോക്കി ശത്രുക്കള്‍ കൂട്ടമായി ചാടിവീണു. വെട്ടിത്തിരിഞ്ഞ മൊയ്തീന്റെ ഖഡ്ഗം ഇടിമിന്നലായി. വെട്ടേറ്റ് പലരും നിലം പൊത്തി. അതിനിടയില്‍ ആരോ ഒളിഞ്ഞിരിന്ന് മൊയ്തീനു നേരെ കുന്തമെറിഞ്ഞു. ഒഴിഞ്ഞുമാറും മുമ്പ് മൊയ്തീന്‍ പിടഞ്ഞ് വീണു. രക്തം ചീറ്റി ആ ധീര യോദ്ധാവ് രക്ത സാക്ഷിയായി.

  കുഞ്ഞാലിയുടെയും കുഞ്ഞിപ്പോക്കരുടെയും രക്തം തിളച്ചു. കുഞ്ഞാലി ശത്രുനിരയിലേക്കിരച്ചുകയറി. പോരാട്ട മുഖത്ത് കുഞ്ഞാലി വിട്ടുകൊടുത്തില്ല. കബന്ധങ്ങള്‍ ആ ധീര യോദ്ധാവിനു മുന്നില്‍ കുന്നുകൂടി. പക്ഷെ, ഓര്‍ക്കാപ്പുറത്താണ് അതു സംഭവിച്ചത്. കുഞ്ഞാലിയുടെ ചുമലിലേക്കാരോ നിറയൊഴിച്ചു. ചോരവാര്‍ന്ന് ശരീരം തളര്‍ന്നുകൊണ്ടിരുന്നു മുന്നേറ്റത്തിന് വേഗതകുറഞ്ഞു. അവസാന ശ്വാസംവരെ എതിരാളികളെ അരിഞ്ഞു വീഴ്ത്തി ആ ശരീരം നിശ്ചലമായി. 

 മൂവരില്‍ അവശേഷിക്കുന്നത് ഇനി ഒരാള്‍ മാത്രം; കുഞ്ഞിപ്പോക്കര്‍. നന്നേ ചെറുപ്പം ആ പയ്യന്‍ പേടിച്ച് പിന്‍വാങ്ങുമെന്ന് ധരിച്ചവര്‍ക്ക് തെറ്റി. സിംഹ വീര്യത്തോടെ കുഞ്ഞിപ്പോക്കര്‍ പോര്‍ക്കളത്തിലേക്ക് എടുത്തു ചാടി. പോരാട്ടത്തിന്റെ ചടുലതാളത്തില്‍ പ്രതിയോഗികളുടെ തലകള്‍ ഓരോന്നായി ആ വീട്ടുമുറ്റത്ത് ഉരുണ്ടു വീണു. രക്ഷയില്ലെന്നുകണ്ടപ്പോള്‍ അവസാനം ആ ഈറ്റപ്പുലിയെ വകവരുത്താന്‍ ചതി പ്രയോഗം തന്നെ വേണ്ടിവന്നു. ആളെ വരുത്തി ഒളിഞ്ഞിരുന്ന് അമ്പെയ്യാനായിരുന്നു തീരുമാനം. അമ്പേറ്റ് വീണ് ചോരവാര്‍ന്നു കൊണ്ടിരിക്കുമ്പോഴും മരിച്ചുവെന്ന് കരുതി ആനന്ദ നൃത്തമാടിയ എതിരാളികളെ വീണുകിടന്നിടത്തുനിന്ന് വെട്ടി വീഴ്ത്തിയാണെത്രെ ആ ധീര യോദ്ധാവ് പിന്‍വാങ്ങിയത്. ഒടുവില്‍ അവശേഷിച്ചവര്‍ പിന്തിരിഞ്ഞോടിയെന്നു ചരിത്രം. 

 എല്ലാം ശാന്തമായി, പോര്‍ക്കളത്തില്‍ മൂന്ന് യോദ്ധാക്കള്‍ വീരമൃത്യൂ വരിച്ച് കിടക്കുന്നു. എല്ലാത്തിനും മൂകസാക്ഷിയായി കുഞ്ഞാലിക്ക് ശത്രുസാന്നാഹത്തെ ക്കുറിച്ച് വിവരം നല്‍കിയ ജോലിക്കാരനായ ആ കുട്ടിമാത്രം. അവരെ ഖബറടക്കാനുള്ള ഏര്‍പ്പട് ചെയ്യണം. അടുത്തെങ്ങും മുസ്ലിങ്ങളായി ആരുമില്ല. ആരെയെങ്കിലും വിവരമറിയിക്കണമെങ്കില്‍ അരീക്കോട്ടേക്കോ കൊണ്ടോട്ടിയിലേക്കോ പോവണം. വൈകാതെ വിവരം കാട്ടുതീ പോലെ പടര്‍ന്നു. ജനം ഓമാനൂരിലേക്കൊഴുകി. ധീര രക്തസാക്ഷികളെ ഒരു നോക്കുകാണാന്‍ ആ പുണ്യ ശരീരങ്ങളേറ്റു വാങ്ങാന്‍ അരീക്കോട്ടു കാരും കൊണ്ടോട്ടിക്കാരും മത്സരിച്ചു. ഒടുക്കം നറുക്കിട്ടുകിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് പഴയങ്ങാടി പ്പള്ളിയിലേക്ക്  ജനാസ കൊണ്ടുപോയതെത്രെ.

 ഏറെ നേരം ചലനമറ്റു കിടന്നിട്ടും ഒരീച്ചയോ ഉറുമ്പോ ഒന്നും തന്നെ ആ ശരീരം സ്പര്‍ശിച്ചിരുന്നില്ലെന്ന് രേഖകളില്‍ കാണാം. കടുത്ത ഹൈന്ദവവാദികളുണ്ടായിരുന്ന ആ പ്രദേശം ഈ സംഭവത്തിനു ശേഷം മുസ്ലിം കേന്ദ്ര മായിമാറിയതും കുഞ്ഞിപ്പോക്കരെ അമ്പെയ്യാന്‍ പുറം നാട്ടില്‍ നിന്നെത്തിയ അമ്പെയ്ത്തു വിദഗ്ധന്റെ സന്താന പരമ്പരയില്‍ വൈകല്യതകളില്ലാതെ ആണ്‍ക്കുട്ടികള്‍ പിറന്നിട്ടില്ലെന്നതും ഓമാനൂര്‍ നേര്‍ച്ചപ്പെട്ടി കവര്‍ച്ച നടത്തിയ ഒരു മോഷ്ടാവിന്ന് തല്‍ക്ഷണം ഭ്രാന്തിളകിയെന്നതും മോഷണമുതല്‍ തിരിച്ച് വെക്കുംവരെ അയാള്‍ മുഴു ഭ്രാന്തനായി തുടര്‍ന്നുവെന്നതുമൊക്കെയുള്ള നിരവധി സംഭവങ്ങള്‍ ആ മഹാന്മാരുടെ കറാമത്തുകളായി ചരിത്രത്തില്‍ വായിക്കാം. 

      അല്ലാഹുവിന്റെ ദീനിനുവേണ്ടി ജീവനര്‍പ്പിച്ച ആ മാഹാന്‍മാര്‍ നൂറ്റാണ്ടുകള്‍ക്കിപ്പുറവും ജനമനസ്സുകളില്‍ ,അല്ല ജനങ്ങള്‍ക്കിടയില്‍ തന്നെ ജീവിച്ചുകൊണ്ടിരിക്കുന്നു;. വലിയൊരു സന്ദേശമായി. സാമൂഹ്യബന്ധങ്ങള്‍ക്കു മുകളില്‍ വര്‍ഗ്ഗീയത 
 കൊടുവാളുയര്‍ത്തുന്ന ഒരു കാലത്തും അതിജീവനത്തിന്റെ അമരാഭിധാനമായി മാറാന്‍ ആ സമര്‍പ്പണത്തിനു സാധിക്കുന്നുവെങ്കില്‍ അതു തന്നെയല്ലേ 'രക്ത സാക്ഷികള്‍ക്ക് മരണമില്ലെ'ന്ന ഖുര്‍ആന്‍ പ്രഖ്യാപനത്തിന്റെ അന്ത:സത്ത. 
അവരോരൊപ്പം സ്വര്‍ഗ്ഗത്തില്‍ ഓരുമിച്ചു കൂടാന്‍ നാഥന്‍ നമുക്ക് തൗഫീഖ് നല്‍കട്ടെ...


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only

Start typing and press Enter to search