നോമ്പുമായി ബന്ധപ്പെട്ട് ചില സംശയങ്ങളും അവക്കുള്ള മറുപടികളും muneer hudavi pathiramanna




നോമ്പുമായി ബന്ധപ്പെട്ട് സാർവത്രികമായി ചോദിക്കപ്പെടുന്ന ചില സംശയങ്ങളും അവക്കുള്ള മറുപടികളുമാണ് ഹൃസ്വമായി ഇവിടെ ചേർക്കുന്നത്. 
ചോദ്യം: നോമ്പിന് നിയ്യത്ത് വച്ച ശേഷം ഫജ്റിന് മുമ്പ് നോമ്പ് മുറിയുന്ന കാര്യങ്ങൾ ചെയ്യാമോ?
ഉത്തരം: ചെയ്യാം. പിന്നെ നിയ്യത്ത് മടക്കേണ്ടതില്ല.
ചോ: നിയ്യത്ത് കരുതുകയാണോ പറയുകയാണോ വേണ്ടത്?
ഉ: കരുതൽ നിർബന്ധമാണ്. പറയൽ സുന്നത്ത് മാത്രമേ ഉള്ളൂ. കരുതാതെ പറഞ്ഞത് കൊണ്ട് മാത്രം യാതൊരു കാര്യവുമില്ല.
ചോ: അത്താഴം കഴിച്ചയാൾ നിയ്യത്ത് മറന്നാൽ അത്താഴം നിയ്യത്തായി പരിഗണിക്കപ്പെടുമോ?
ഉ: ഇല്ല. നോമ്പ് പിന്നീട് ഖളാ വീട്ടേണ്ടതും അന്നത്തെ ദിവസം വൈകുന്നേരം വരെ നോമ്പുകാരനെ പോലെ ആയിരിക്കേണ്ടതുമാണ്.
ചോ: ബോധപൂർവം സ്ഖലനം ഉണ്ടാക്കിയാൽ നോമ്പ് മുറിയുമല്ലോ. എന്നാൽ സ്വപ്നസ്ഖലനം ഉണ്ടായാലോ?
ഉ: നോമ്പ് മുറിയില്ല.
ചോ: നോമ്പുകാരന് ഭാര്യയെ ചുംബിക്കാമോ?
ഉ: ചുംബിക്കാം. പക്ഷേ, വികാരത്തോടെ ആണെങ്കിൽ കടുത്ത കറാഹത്ത് ആണ്. ഇനി വികാരത്തോടെ അല്ലെങ്കിലും ഒഴിവാക്കലാണ് നല്ലത്.
ചോ: മലമൂത്ര വിസർജനത്തിന് പൈപ്പ് ഉപയോഗിച്ചാൽ നോമ്പ് മുറിയുമോ?
ഉ: മുറിയും. കാരണം തുറക്കപ്പെട്ട ദ്വാരത്തിലൂടെ ഉള്ളിലേക്ക് വല്ലതും കടന്നാൽ നോമ്പ് മുറിയുമല്ലോ.
ചോ: മൂലക്കുരു ഉള്ള ആളുടെ കുരു പുറത്ത് വന്നാൽ എന്ത് ചെയ്യണം?
ഉ: അത് ഉള്ളിലേക്ക് തള്ളാം. വേണമെങ്കിൽ വിരലുകൾ ഉപയോഗിക്കാം. ഇത് ഒരു പ്രയാസഘട്ടമായത് കൊണ്ട് നോമ്പ് മുറിയുകയില്ല.
ചോ: സ്വന്തം ഉമിനീർ വിഴുങ്ങിയാൽ നോമ്പ് മുറിയുമോ?
ഉ: ഇല്ല.
ചോ: പകൽ പേസ്റ്റ് ഉപയോഗിച്ച് പല്ലു തേക്കാമോ?
ഉ: വിരോധമില്ല. എന്നാൽ ഉച്ചക്ക് ശേഷം നോമ്പുകാരന് പല്ലുതേക്കൽ കറാഹത്താണ്.
ചോ: നോമ്പുകാരന് മുങ്ങിക്കുളിക്കാമോ?
ഉ: മുങ്ങികുളിക്കൽ കറാഹത്താണ്. ഇനി മുങ്ങുന്നതിനിടക്ക് ഉള്ളിലേക്ക് വെള്ളം കടന്നാൽ നോമ്പ് മുറിയുന്നതാണ്.
ചോ: വായ കൊപ്ലിക്കുമ്പോൾ ഉള്ളിലേക്ക് വെള്ളം കടന്നാലോ?
ഉ: നോമ്പുകാരൻ വായ കൊപ്ലിക്കുമ്പോൾ അമിതമാവാതിരിക്കാൻ ശ്രദ്ധിക്കണം. അമിതമാക്കി ഉള്ളിൽ വെള്ളം കടന്നാൽ നോമ്പ് മുറിയും. അല്ലെങ്കിൽ മുറിയില്ല.
ചോ: സുറുമ ഉപയോഗിച്ചാൽ നോമ്പ് മുറിയുമോ?
ഉ: ഇല്ല.
ചോ: നോമ്പുകാരന് പകൽ എണ്ണ തേക്കാമോ?
ഉ: തേക്കാം.
ചോ: റമളാനിൽ പകൽ പുക വലിക്കാമോ?
ഉ: പാടില്ല. നോമ്പ് മുറിയും.
ചോ: കഠിനമായ ജോലിക്കാരന് (ഉദാ, കൽപണി) നോമ്പ് ഉപേക്ഷിക്കാമോ?
ഉ: പാടില്ല. നോമ്പ് ആരംഭിക്കൽ നിർബന്ധമാണ്. പിന്നെ ഒരിക്കലും പൂർത്തിയാക്കാൻ സാധിക്കാതെ വന്നാൽ നോമ്പ് മുറിക്കാം. പിന്നെ ഖളാ വീട്ടണം.
ചോ: ജനാബത്ത്കാരനായിരിക്കെ നോമ്പ് നോൽക്കാമോ?
ഉ: നോൽക്കാം. പക്ഷേ, സുബ്ഹിയുടെ മുമ്പ് കുളിക്കൽ സുന്നത്താണ്.
ചോ: നോമ്പുകാരന് ഇഞ്ചക്ഷൻ എടുക്കാമോ?
ഉ: പറ്റും. അത് ഞരമ്പിലേക്കോ ഇറച്ചിയിലേക്കോ ആണെങ്കിലും ശരി.
ചോ: നോമ്പുകാരന്റെ രക്തം എടുക്കാമോ?
ഉ: എടുക്കാം.
ചോ: നോമ്പുകാരന് ഗ്ലൂക്കോസ് കയറ്റാമോ?
ഉ: പറ്റും. കയറ്റിയാൽ നോമ്പ് മുറിയില്ലെങ്കിലും അത് നോമ്പിന്റെ ആത്മാവിനെ ഇല്ലാതെയാക്കുമെന്ന് പറയേണ്ടതില്ലല്ലോ.
ചോ: നോമ്പുകാരന് പാട്ടു കേൾക്കാമോ?
ഉ: അനുവദനീയമായ ഗാനങ്ങളാണെങ്കിൽ നോമ്പ്കാരന് പാട്ടുകേൾക്കലും മനോഹരമായ ദൃശ്യങ്ങൾ ആസ്വദിക്കലും സുഗന്ധം അനുഭവിക്കലും കറാഹത്താണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only

Start typing and press Enter to search