"മാസപ്പിറവി ദൃശ്യമായാൽ നിങ്ങൾ വ്രതമനുഷ്ഠിക്കുക, പിറ ദൃശ്യമായാൽ വ്രതം അവസാനിപ്പിക്കുകയും ചെയ്യുക. അന്തരീക്ഷം മേഘാവൃതമായാൽ എണ്ണം (30 ദിവസം) പൂർത്തിയാക്കുക".(മുസ്ലിം)
ഈ നബി വചനത്തിന്റെ വെളിച്ചത്തിൽ ഇസ്ലാമിക ലോകം നോമ്പും പെരുന്നാളും ഉറപ്പിച്ചു വരുന്നു. കണക്കുകളോ ശാസ്ത്രനിരീക്ഷണങ്ങളോ ഈ വിഷയത്തിൽ ആധാരമാക്കാറില്ല. പൂർവ്വീകമായ ഈ നിലപാടാണ് ശരിയെന്ന് ഈ ശവ്വാൽ മാസപ്പിറവി തെളിയിച്ചിരിക്കുന്നു.
മുജാഹിദ് വിഭാഗം പറഞ്ഞിരുന്ന കണക്ക് ഇപ്രകാരം: "മക്ക അടക്കമുള്ള ലോകത്തെ വിവിധ സോണുകളിൽ 20 മിനിറ്റ് മുതൽ 40 മിനിറ്റ് വരെ ഹിലാൽ പിറ കാണാൻ സാധ്യമാണെന്നതിനാൽ ശവ്വാൽ ഒന്ന് ഏപ്രിൽ 21 വെള്ളിയാഴ്ച ആയിരിക്കും". ഈ കണക്കിനെതിരെ 13 അറബ് രാജ്യങ്ങളിലെ 25 ശാസ്ത്രജ്ഞന്മാർ രംഗത്ത് വന്നു. സൂര്യനും ചന്ദ്രനും തമ്മിലുള്ള അകലം 6 ഡിഗ്രിക്ക് താഴെയായതിനാൽ 13 അറബ് രാജ്യങ്ങളിൽ ഇന്ന് ഏപ്രിൽ 20ന് മാസപ്പിറ ദൃശ്യമാകില്ലെന്ന് 25 ജ്യോതിശാസ്ത്രജ്ഞന്മാർ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. പക്ഷേ ശാസ്ത്രത്തിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് ഇന്ന് അറബ് രാജ്യങ്ങളിൽ പിറദൃശ്യമാവുകയും നാളെ ഏപ്രിൽ 21ന് ശവ്വാൽ ഒന്നായി ഉറപ്പിക്കുകയും ചെയ്തിരിക്കുന്നു.
കേരളത്തിലെ മത നവീകരണ വാദികൾ ഈ വിഷയത്തിൽ ഇരുട്ടിൽ തപ്പുകയാണ്. പഴയ കണക്കു പ്രകാരം അറബ് നാടുകളിലെ പെരുന്നാൾ അംഗീകരിക്കണം. പുതിയ ശാസ്ത്രനിരീക്ഷണമനുസരിച്ച് അംഗീകരിക്കാൻ നിർവാഹവുമില്ല. കണക്കിനെതിരെ മാസം കണ്ടാൽ അംഗീകരിക്കാൻ പറ്റില്ല എന്നാണ് കെ എൻ എം നിലപാട്.
കോയക്കുട്ടി ഫാറൂഖിയുടെ നേതൃത്വത്തിലുള്ള മുജാഹിദ് വിഭാഗം നേരത്തെ കണക്കു പ്രകാരം ലോകത്ത് മൊത്തം നാളെ പെരുന്നാൾ ആയി മുൻകൂട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് 4.12-ന് ന്യൂ മൂൺ ദൃശ്യമാകും എന്നതാണ് അവരുടെ കണക്ക്. അവർക്ക് നാളെ നിരുപാധികം പെരുന്നാളാണ്.
പഴയ മടവൂർ വിഭാഗമുണ്ട്. സി.പി സുല്ലമിയുടെ നേതൃത്വത്തിലുള്ള കെ എൻ എം മർകസുദ്ദഅവ വിഭാഗം. അവർക്ക് നാളെ സോപാധികം പെരുന്നാൾ ആണ്. കണക്കു പ്രകാരം നാളെയാണ് ശവ്വാൽ ഒന്ന് എന്ന് അവർ നേരത്തെ പ്രഖ്യാപിച്ചു കഴിഞ്ഞു. പക്ഷേ, മാസപ്പിറവി ദൃശ്യമായില്ലെങ്കിൽ മറ്റു മുസ്ലിം സംഘടനകളോടൊപ്പം ആഘോഷം ശവ്വാൽ രണ്ടിലേക്ക് (ശനിയാഴ്ച) മാറ്റിവയ്ക്കും. നാളെ അവർ മുസ്ലിം സംഘടനകളോടൊപ്പം വ്രതമനുഷ്ഠിക്കുമോ ഇല്ലയോ എന്ന് അവർ ഇതു വരെ വ്യക്തമാക്കിയിട്ടില്ല. ആഘോഷം ശനിയാഴ്ചയാണെങ്കിലും പെരുന്നാൾ നിസ്കാരം നാളെ നിർവഹിക്കുമോ എന്നും വ്യക്തമാക്കിയിട്ടില്ല. വിസ്ഡം ഉൾപ്പെടെയുള്ള ജിന്ന് വിഭാഗങ്ങൾ നിലപാട് വ്യക്തമാക്കിയതായി ഇതുവരെ അറിയില്ല.
നബിവചനം തള്ളി കണക്കിനും ശാസ്ത്രത്തിനും പിറകെ പോയവർ ഇതിനുമുമ്പും കുഴിയിൽ ചാടിയിട്ടുണ്ട്. വെള്ളത്തിൽ വീണ ഈച്ചയുമായി ബന്ധപ്പെട്ട് നബിവചനം ശാസ്ത്രനിരീക്ഷണം അനുസരിച്ച് തള്ളിയ മുജാഹിദ് വിഭാഗം പിന്നീട് പുതിയ ശാസ്ത്രമനുസരിച്ച് സ്വീകരിക്കാൻ നിർബന്ധിതമായത് ഉദാഹരണം.
20.04.2023
അമ്പലക്കടവ്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ