സമസ്ത കേന്ദ്രം മുശാവറ അംഗം സി കെ മുഹമ്മദ് അബ്ദുറഹ്മാൻ ഫൈസിക്ക് ഡോക്ടറേറ്റ് | CK Muhammad Abdurahman Faizy received his doctorate





✍️ Dr.bahaudheen hudawi Km  . എഴുതുന്നു

സമസ്ത കേരള ജംഇയ്യതുൽ ഉലമ കേന്ദ്ര മുശാവറാംഗവും എന്റെ മഹല്ലിലെ ( ആലത്തൂർപടി) മുദരിസും ഖാസിയുമായ സികെ അബ്ദുറഹ്മാൻ ഫൈസിയുടെ ഡോക്ടറേറ്റ് ഏറെ സന്തോഷപ്രദമായ വാർത്തയാണ്. "പള്ളിദർസ് കരിക്കുലവും , കേരളത്തിലെ അറബിഭാഷയുടെയും സാഹിത്യത്തിന്റെയു പ്രചാരത്തിൽ അതിന്റെ പങ്കും ഒരു അപഗ്രഥന പഠനം"  എന്ന വിഷയത്തിൽ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിൽ നിന്നാണ് ഡോക്ടറേറ്റ്. ഡോ. കെടി ജാബിർ ഹുദവിയുടെ കീഴിൽ തുഞ്ചൻ കോളേജിലായിരുന്നു ഗവേഷണം പൂർത്തിയാക്കിയത്. 


നാട്ടിലെ പ്രാഥമിക പഠനത്തിനു ശേഷം കടമേരി റഹ്മാനിയ്യ അറബിക് കോളേജിൽ ചേർന്ന് എട്ടു വർഷം മതഭൗതിക വിദ്യ അഭ്യസിച്ചു. ശേഷം ജാമിയ നൂരിയ്യയിൽ നിന്ന് ഫൈസി ബിരുദം. 
തിരൂർക്കാട് ഹൈസ്കൂളിൽ നിന്നാണ് SSLC പാസായത്. പിന്നീട് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിൽ നിന്ന് ചരിത്രത്തിൽ BA ഡിഗ്രിയും അറബി സാഹിത്യത്തിലും മലയാള സാഹിത്യത്തിലും MA ബിരുദവും നേടി. അൽ അസ്ഹർ യൂനിവേഴ്‌സിറ്റിയിൽ നിന്ന് മൂന്ന് മാസത്തെ കോഴ്സ് പൂർത്തിയാക്കിയിട്ടുണ്ട്.


ഏലംകുളം ജുമുഅത്ത് പള്ളിയിൽ മുദരിസായിട്ടാണ് അദ്ധ്യാപകജീവിതം തുടങ്ങുന്നത്. അഞ്ചുവർഷത്തെ (1995-1999) സേവനത്തിനു ശേഷം മലപ്പുറം മേൽമുറിയിലെ ആലത്തൂർ പടി ജുമാമസ്ജിദിൽ സേവനം തുടങ്ങി, ഇരുപത്തഞ്ച് വർഷം പൂർത്തീകരിക്കാനിരിക്കുന്നു. 


2022 മുതൽ കേന്ദ്ര മുശവറാംഗമാണ്. 2018 ൽ, മർഹൂം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നാമനിർദ്ദേശം അനുസരിച്ച് സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോർഡ് ജനറൽ ബോഡി മെംബറായി. 2001 മുതൽ 2011 വരെ ദാറുൽ ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി പരീക്ഷാബോർഡ് മെംബറായിരുന്നു. നിലവിൽ ജംഇയ്യതുൽ മുദരിസീൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി, ജില്ലാ ജനറൽ സെക്രട്ടറി, ജാമിഅ നൂരിയ്യ പരീക്ഷാബോർഡ് മെംബർ(2000 മുതൽ), കടമേരി റഹ്മാനിയ്യ പരീക്ഷാ ബോർഡ് മെംബർ (2016 മുതൽ) എന്നീ നിലകളിൽ വർത്തിക്കുന്നു. ആലത്തൂർപടി ദർസിന് കീഴിൽ 33 ബ്രാഞ്ച് ദർസുകളുടെ ഉത്തരവാദിത്തവും വഹിക്കുന്നു. 


മഖ്ദൂമിയ്യ അവാർഡ് (2000), കോട്ടുമല ഉസ്താദ് പ്രതിഭാപുരസ്കാരം (2012), മികച്ച മുദരിസിനുള്ള ശിഹാബ് തങ്ങൾ സ്മാരക അവാർഡ്(2014) എന്നിവ നേടിയിട്ടുണ്ട്. ഇന്ത്യയിലെ അറബിക്കവികൾക്ക് വേണ്ടി UAE യിലെ ദാറുൽ യാസ്മീൻ നടത്തിയ കവിതാരചന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയതും പ്രസ്താവ്യമാണ്. 

മദ്രാസ് യൂനിവേഴ്‌സിറ്റിയിലും ട്രിച്ചി ജമാൽ മുഹമ്മദ്‌ കോളേജിലും നടന്ന സെമിനാറുകളിൽ പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്. ജോർദാനിൽ സംഘടിപ്പിക്കാനിരുന്ന അ‌ന്താരാഷ്ട്ര സെമിനാറിൽ പ്രബന്ധം അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചിരുന്നെങ്കിലും കൊറോണ കാരണത്താൽ പരിപാടി നടക്കാതെ പോയി. ഗവേഷണത്തിന്റെ ഭാഗമായി ഇരു ഹറമുകളുടെയും ദർസ് സംവിധാനത്തെക്കുറിച്ച് അതിന്റെ ഡയറക്ടറുമായും കേരളത്തിലെ എല്ലാ വിഭാഗം പണ്ഡിതരുമായും അഭിമുഖം നടത്തിയിട്ടുണ്ട്. 


ഗ്രന്ഥരചനയിലും ഫൈസി തന്റെതായ ഇടം കണ്ടെത്തി. അറബിയിൽ എട്ടും മലയാളത്തിൽ ഇരുപതും പുസ്തകങ്ങൾ രചിച്ചു. حركة التدريس في مساجد مليبار 
مناقب الشيخ احمد مخدوم رحمه الله 
سيرة الشيخ محي الدين رحمه الله 
نسيم المدينة 
الانسان الكامل 
منحة في محنة 
الكافية في علم العروض والقافية 
منهج اهل السنة والجماعة എന്നിവയാണ് അറബി ഗ്രന്ഥങ്ങൾ. 
ശക്തിക്കെതിരെ ഭക്തി, ഖുർആൻ പഠനവും പാരായണവും, ധനതത്വശാസ്ത്രം ഇസ്ലാമിൽ, ഈമാൻ, ഇസ്ലാം ഇഹ്സാൻ, നന്മയുടെ വഴികൾ, സംശയനിവാരണം- മൂന്നു വാള്യങ്ങൾ, ചരിത്രദർശനം, ആത്മവിചാരണ, ചിന്താധർമം ശാന്തിമന്ത്രം, ജീവിതം നാളേക്കു വേണ്ടി, അരിപ്ര മൊയ്തീൻ ഹാജി, അമാനിഷികത അതുല്യത, മുത്ത് നബി, അനന്തരാവകാശം, മുസ്ലിം കേരളത്തിന്റെ മതപൈതൃകം എന്നിവയാണ് മലയാള പുസ്തകങ്ങൾ. ഇറാഖ്, അജ്മീർ ഡൽഹി യാത്രാവിവരണങ്ങളും പ്രസിദ്ധീകരിച്ചു. 
ശൈഖ് യൂസുഫ് അൽ നബ്ഹാനിയുടെ അൽ റാഇയതു സ്സുഗ്റായുടെ മലയാള പരിഭാഷ വിവർത്തന രംഗത്തെ തന്റെ സംഭാവനയാണ്. തന്റെ പിതാമഹന്‍ അരിപ്ര മൊയ്ദീൻ ഹാജിയുടെ ഗുരുവാണ് അല്ലാമ യൂസുഫ് അൽ നബ്ഹാനി. പിതാമഹന്‍, ആലത്തൂർപടിയിൽ 1920 കളിൽ മുദരിസായിരുന്നു. സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ ആദ്യകാല മുശാവറാംഗമായിരുന്ന  അദ്ദേഹം കെടി മാനു മുസ്ലിയാർ, കുഞ്ഞാണി മുസ്ലിയാർ തുടങ്ങിയ പണ്ഡിതപ്രതിഭകളുടെ ഉസ്താദാണ്. 


പിതാവ് സികെ സഈദ് മുസ്ലിയാർ ബാഖവി ദീർഘകാലം ആലപ്പുഴയിലെ മതരംഗത്ത് നിറഞ്ഞു നിന്ന വ്യക്തിത്വമാണ്. മാതാവ് ആയിശ ഹജ്ജുമ്മ മർഹൂം യൂസുഫുൽ ഫസ്ഫരിയുടെ പൗത്രിയാണ്.

________


Ck Abdul Rahman faizi photos


Gifts from Indianoor dars & mahallu


Award from mk moitheenkutty usthad @jamia


Dr.bahaudheen nadwi with Dr. Abdurahman Faizy










ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only

Start typing and press Enter to search