PT Usthad | പി ടി ഉസ്താദിൻ്റെ വേർപാടിന് ഒരാണ്ട്.


പി ടി ഉസ്താദിൻ്റെ വേർപാടിന് ഒരാണ്ട്.

പട്ടൻന്മാതൊടി കുഞ്ഞുമുഹമ്മദ് ബാഖവി എന്ന പി .ടി . ഉസ്താത്
കർമ്മനിരതമായ ജീവിതത്തിൽ നിന്ന് വിട പറഞ്ഞിട്ട് ഒരാണ്ട് തികയുന്നു.
 പാലക്കാട് ജില്ലയിലെ പള്ളിപ്പുറത്തിനടുത്ത് പൈലിപ്പുറമാണ് സ്വദേശം.

 സ്വന്തം നാട്ടിലേക്കാൾ
 പിടി ഉസ്താദ് എന്ന രണ്ടക്ഷരം തൃശൂർ ജില്ലയിലെ ഓരോ കൊച്ചു കുട്ടിക്കും സുപരിച്ചിതമാണ്. 
ജന്മംകൊണ്ട് പാലക്കാട് ജില്ലക്കാരനാണെങ്കിലും കർമ്മംകൊണ്ട് തൃശൂർ ജില്ലക്കാരനാണു ഉസ്താദ്. 

തൃശൂർ ജില്ലയിലെ സുന്നത്ത് ജമാഅത്തിന്റെ സംഘ സംവിധാനത്തിന് തുടക്കം കുറിച്ച മർഹൂം *തൊഴിയൂർ ഉസ്താതിന്റെ* വലം കയ്യെന്നോണം ജില്ലയിൽ ഓടിനടന്ന്  
ദീനീ ദഅ് വത്തിന് വേണ്ടി പ്രയത്നിച്ചു. 

പി ടി
 ഉസ്താദിന്റെ ജീവിതം പല കാരണങ്ങൾ കൊണ്ടും വിസ്മയാവഹമാണ് . പകർത്താൻ താല്പര്യമുള്ളവർക്ക് ജീവിതത്തിൽ ഒരുപാട് ഗുണപാഠങ്ങൾ ബാക്കി വച്ചാണ് ഉസ്താദ് യാത്രയായത്. 

ശരിയെന്നു തോന്നുന്നത് ആരുടെ മുന്നിലും അദ്ദേഹത്തിന് പറയാനുള്ള ആർജ്ജവം അതൊന്ന് വേറെ തന്നെയാണ് . വ്യക്തിപരമായും ഒരു സംഘാടകൻ എന്ന നിലക്കും ഉസ്തിന്റെ ജീവിതം മാതൃകാപരമാണ്. ആരെയും ആകർശ്ശിക്കുന്ന സ്വഭാവമാണു സ്താദിന്റേത്. പരിചയമുള്ളവരോടും ഇല്ലാത്തവരോടും ചിരപരിചിതരേ ഹൃദമായി ഇടപ്പെടും ഒരിക്കൽ കണ്ടയാൾ രണ്ടാമത് കണ്ടാൽ പരിചയം പുതുക്കാതെ പോകില്ല. അതിനുമാത്രം ആ ബന്ധം രൂഢമൂലമായിട്ടുണ്ടാകും.
 

എത്ര നിസ്സാരമായ പരിപാടികൾക്കും ക്ഷണം സ്വീകരിച്ച് കൃത്യസമയത്ത് തന്നെ എത്തിച്ചേരും. യാത്രകൾക്ക് പൊതുവാഹനങ്ങളാണ് ആശ്രയം.
ഇക്കാലത്ത് സ്വന്തമായി വാഹനങ്ങളില്ലാത്തവർ വളരെ അപൂർവമാണ്.
 എന്നിട്ടും ജില്ലയുടെ മുക്ക് മൂലകളിലും സംസ്ഥാനതലങ്ങളിൽ പോലും നടക്കുന്ന ഓരോ പരിപാടിക്കും അദ്ദേഹം കൃത്യമായി എത്തിച്ചേരുമെന്നത് പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

 കാണുന്ന ആരെയും കയറി പരിചയപ്പെടും. അതിൽ ജാതി മത പ്രായ വ്യത്യാസങ്ങൾ ഒന്നുമില്ല. 
വടക്കേകാട് ആതിര സ്റ്റുഡിയോയിലെ ഒരു ഫോട്ടോഗ്രാഫർ ഉണ്ട്. അയാൾ ഒരു അമുസ്ലിമാണ് . ഉസ്താദുമായി നല്ല ബന്ധമാണ് അയാൾക്ക് . ഉസ്താദ് പങ്കെടുക്കുന്ന കല്യാണങ്ങളിൽ ഉസ്താദിനെ മാത്രം ഫോക്കസ് ചെയ്തു പ്രത്യേകമായ ഒരു ഫോട്ടോ എടുക്കുന്നത് പലപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട് . അയാൾ പറഞ്ഞു ഉസ്താദുമാരുടെ കൂട്ടത്തിൽ ഇത്രയും ഫോട്ടോഗ്രാഫിയോട് സഹകരിക്കുന്ന ലാളിത്യമുള്ള ഒരു പണ്ഡിതനെ ഞാൻ കണ്ടിട്ടില്ല. അവൻ എന്തായാലും ഫോട്ടോ എടുക്കും. അപ്പോൾ പിന്നെ നല്ല നിലക്ക് ആയിക്കോട്ടെ ! എന്തിനാ മുഖം തിരിച്ചിരിക്കുന്നത്?ഇതായിരുന്നു ഉസ്താതിന്റെ മറുപടി .

ചെറിയ കുട്ടികളാടുള്ള ഉസ്താദിന്റെ പെരുമാറ്റ രീതി ഏറെ മാതൃകാ പരമാണ്. കുട്ടികളോട് കൈപിടിച്ച് സലാം ചൊല്ലുകയും കുശല അന്വേഷണം നടത്തുകയും ചെയ്യും. മുഹമ്മദ് എന്ന് പേരുള്ള കുട്ടികളോട് ആ പേരിന്റെ മഹത്വവും അതിന്റെ ശരീയായ ഉഛാരണരീതിയും തമാശയിലൂടെ മനസിലാക്കിക്കൊടുക്കും.

ഉസ്താദുമായി പരിചയപ്പെടുന്ന ആർക്കും
 പ്രഥമ ദൃഷ്ട്യാതന്നെ ഉസ്താദിന്റെ എളിമയും വിനയവും മനസ്സിനെ ആകർഷിക്കുന്നതായിരുന്നു. 

പ്രാസ്ഥാനിക രംഗത്ത്
 സ്വന്തം ഗുരുവര്യനായ ശൈഖുനാ എം കെ എ ഉസ്താദാണ് അദ്ദേഹത്തിന്റെ റോൾ മോഡൽ. ശൈഖുനായുടെ ശിഷ്യത്വം സ്വീകരിച്ചത് മുതൽ ജില്ലക്ക് അകത്തും പുറത്തുമുള്ള വലിയതും ചെറിയതുമായ ഏതൊരു പരിപാടിക്കും ശൈഖുനായുടെ നിഴൽ പോലെ ഉസ്താദിനെ കാണുമായിരുന്നു.
തൊഴിയൂർ ഉസ്താദിന്റെ പിന്നിൽ ബാഗും പിടിച്ച് നിൽക്കുന്ന ഒരു പി ടി ഉസ്താദിനെ ജില്ലയിലെ സുന്നത്ത് ജമാഅത്തിന്റെ പ്രവർത്തകർക്ക് പെട്ടെന്ന് മറക്കാൻ കഴിയില്ല . 

പുതിയ തലമുറക്ക് ഗുരുശിഷ്യബന്ധം എന്താണെന്ന് സ്വയം ജീവിതം കൊണ്ട് പഠിപ്പിച്ച ആളാണ് പി ടി ഉസ്താദ്.

 തലയും താടിയുംനരച്ച കാലത്തും ഉസ്താദിനോട് കാണിക്കുന്ന താഴ്മയും ബഹുമാനവും അനുകരണവും പലപ്പോഴും മനസ്സിനെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. 

സ്വന്തം മക്കൾക്ക് പേര് വിളിക്കുന്നതിൽ പോലുംഅധികവും സ്വന്തം ഗുരുവര്യനെ അനുകരിച്ചിട്ടുണ്ട്. എന്തിനേറെ സ്വന്തംവീടിന്റെ പേരിൽ പോലും സാമ്യതയുണ്ട്.
 പറയുന്നത് സ്വന്തം ജീവിതത്തിൽ പകർത്താൻ ഉസ്താദ് അങ്ങേയറ്റം ശ്രമിച്ചിരുന്നു.

ജില്ലയിലെ എത്ര നിസാരമായ പരിപാടികളിലും വിളിച്ചാൽ സമയത്തിന് മുമ്പ് എത്തിചേരുകയും പരിപാടികഴിയും വരെ ഇരിക്കുകയും ചെയ്യുന്ന ലാളിത്യം ഉസ്താതിൻ്റെ പ്രത്യേകതയാണ്. ഇത് ശൈഖുന തൊഴിയൂർ ഉസ്താദിൽ നിന്ന് ലഭിച്ച ഒരു ഗുണമായിരുന്നു . 

സ്ഥാനമാനങ്ങൾക്ക് പിന്നാലെ ഒരിക്കലുമദ്ദേഹം പോകാറില്ല.
 അർഹതയുണ്ടായിട്ടും സ്ഥാനമാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടുമ്പോൾ പലപ്പോഴും പിന്നോട്ട് നിൽക്കുന്ന സ്വഭാവക്കാരനാണ്.

മുഖസ്തുതി പറയുന്നവരെ വിലക്കും. പ്രായത്തിന്റെ അവശതയിലും താൻ ഇഷ്ടപ്പെടുന്നവരെയും തന്നെ ഇഷ്ടപ്പെടുന്നവരെയും കാണാനും സന്ദർശിക്കാനും വേണ്ടി യാത്ര ചെയ്യാൻ അദ്ദേഹത്തിന് മടി ഉണ്ടായിരുന്നില്ല . 

മരണ ദിവസവും അദ്ദേഹം ഒന്നിലേറെ പരിപാടികളിൽ പങ്കെടുത്തു . അദ്ദേഹത്തിന് വിശ്രമിക്കാൻ മനസ്സില്ലായിരുന്നു. അത് പറയുന്നവരോട് അദ്ദേഹത്തിന് വിയോജിപ്പായിരുന്നു .
 എന്നും ഒരു മുഅല്ലിമായിരിക്കാൻ ഉസ്താദ് ഇഷ്ടപ്പെട്ടു. 

ജില്ലാ SKJM ജില്ലാ കമ്മറ്റിയുടെയും
വടക്കേക്കാട് റേഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡണ്ടായി ഏകദേശം അരനൂറ്റാണ്ട് കാലം അദ്ദേഹം പ്രവർത്തിച്ചു. മുഅല്ലിം കൾ അവരിൽ ഏൽപ്പിക്കപ്പെട്ട ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ ജാഗ്രതരാകണമെന്നതാണ് എപ്പോഴും അദ്ദേഹത്തിന്റെ പ്രസംഗത്തിലെ കാതലായ ഒരു ഉപദേശം. 


സ്വന്തം ഉസ്താദ് ജനറൽ സെക്രട്ടറിയായ സ്ഥാപനത്തിലാണ് അദ്ദേഹം സേവനം ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ ഉത്തരവാദിത്വത്തിൽ വീഴ്ച വരാതിരിക്കാൻ അദ്ദേഹം പരമാവധി ശ്രമിക്കും. പരിസര മഹല്ലുകളിലെ ഉസ്താദുമാർ പെരുന്നാളിന് ഒരാഴ്ചയും അതിലധികവും ലീവ് എടുക്കുമ്പോൾ പി.ടി ഉസ്താദിനെ രണ്ടാം പെരുന്നാളിന് പോയാലും സേവനം ചെയ്യുന്ന പള്ളിയിൽ കാണാൻ കഴിയുമായിരുന്നു.
 യാത്ര സൗകര്യങ്ങൾ പരിമിതമായ കാലത്ത് രാവിലെ മദ്രസയിലേക്ക് എത്താൻ വേണ്ടി പുലർകാലത്ത് ഇരുമ്പിളിയം പുഴ നീന്തിക്കടന്ന് മീൻ വണ്ടിയിൽ കയറി കുന്നംകുളത്ത് വരുന്ന കഥ ഉസ്താദ് പലപ്പോഴും പറഞ്ഞിട്ടുണ്ട് .
 അദ്ദേഹം ആഗ്രഹിച്ചതുപോലെ ഓടി നടന്നുകൊണ്ടിരിക്കെ ഒരു ദിവസം ഈമാനോട് മരിക്കണം . വിശേഷങ്ങൾ ചോദിക്കുന്നവരോട് എപ്പോഴും അങ്ങിനെയാണ് പറയാറുള്ളത് . 
 തീർച്ചയായും ഉസ്താദ് ലക്ഷ്യംപ്രാപിച്ചു. പുഞ്ചിരി തൂകിയ ആ ജനാസ നമ്മോടതാണ് പറയുന്നു.

 ഉസ്താദിനോട് അടുപ്പമുള്ളവർക്ക് ഉസ്താദൊരു കരുത്തായിരുന്നു. പ്രയാസങ്ങളും വിഷമങ്ങളും പങ്കുവെക്കുമ്പോൾ പ്രാർത്ഥന കൊണ്ട് സമാധാനവും ആശ്വാസവും തന്നിരുന്ന ഉസ്താദ് നമ്മോട് യാത്രയായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only

Start typing and press Enter to search