✍️ ളിയാഉദ്ദീൻ ഫൈസി മേൽമുറി
നാടും വീടും കുടുംബവും വിശ്വാസ സംരക്ഷണത്തിന് മുന്നിൽ ഒന്നുമല്ലെന്ന മഹത്തായ സന്ദേശം ഹിജ്റ നൽകുന്നുണ്ട്. സ്വന്തം നാടും വീടും സമ്പാദ്യങ്ങളും വലിച്ചെറിഞ്ഞ മുഹാജിറുകളും സ്വന്തം വീടും സമ്പത്തും മുഹാജിറുകൾക്ക് പകുത്ത് നൽകിയ അൻസ്വാറുകളും പഠിപ്പിക്കുന്നത് ഈയൊരു പാഠമാണ്. ത്യാഗവും ത്യാഗമനോഭാവവുമാണ് ദീനീ പ്രബോധനത്തിന്റെ അടിത്തറയെന്ന് ഹിജ്റയിൽ നിന്ന് നാം ഉൾക്കൊള്ളണം. അതാണ് നമുക്ക് കൈമോശം വന്ന് കൊണ്ടിരിക്കുന്നതും. ഇസ്ലാമിനെ അല്ലാഹു സംരക്ഷിച്ച് കൊള്ളുമെന്ന് സമാധാനിച്ച് കൈയും കെട്ടി ഇരിക്കേണ്ടവരല്ല നാം. എന്തിനും അല്ലാഹു കാര്യകാരണങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അപ്പോൾ, ഇസ്ലാമിക പ്രചരണത്തിന് സാധ്യമായ പുതുവഴികൾ നാം കണ്ടെത്തണം. ഒരു വാതിൽ അടയുമ്പോൾ മറ്റൊന്ന് തുറക്കപ്പെടും. പക്ഷേ, അടഞ്ഞ വാതിൽ നോക്കി നെടുവീർപ്പിടുന്നതിനിടയിൽ തുറന്നത് നാം കാണാതെ പോകുന്നു. ഇസ്ലാമിക സാഹോദര്യത്തിന്റെ മഹത്വവും ഹിജ്റ നമ്മെ ബോധ്യപ്പെടുന്നുണ്ട്. മഹാജിറുകൾക്കും അൻസ്വാറുകൾക്കുമിടയിൽ നബി (സ) സ്ഥാപിച്ച സാഹോദര്യ ബന്ധം അതാണ് നമ്മെ ഓർമിപ്പിക്കുന്നത്. ഹിജ്റ പഠിപ്പിക്കുന്ന മറ്റൊരു പ്രധാന പാഠം ഇതാണ്: ജീവിതത്തിൽ വരുന്ന പ്രതിസന്ധികളും കഷ്ടപ്പാടുകളും അല്ലാഹു നമ്മെ കൈവിട്ടുവെന്നതിന് തെളിവല്ല. അത് മഹത്തായ വിജയത്തിന്റെയും രക്ഷയുടെയും നാന്ദിയാവാം. ഇത്തരം പരീക്ഷണങ്ങളിൽ നിന്ന് പ്രവാചകർ പോലും ഒഴിവല്ല താനും
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ