usthad ziyaudheen faizi melmuri
പ്രതിഭകളെ പ്രസവിക്കാൻ കാലത്തിന് മടിയാണ്. സൈദ് മുഹമ്മദ് നിസാമിയുടെ മരണത്തിലൂടെ വലിയൊരു പ്രതിഭയെയാണ് സമുദായത്തിന് നഷ്ടമായത്. കഴിവുകളുടെ സംഗമമായിരുന്നു നിസാമി. പണ്ഡിതൻ, വാഗ്മി, ബഹുഭാഷാ പരിജ്ഞാനി, എഴുത്തുകാരൻ, ചിന്തകൻ, വിദ്യാഭ്യാസ വിചക്ഷണൻ, ചരിത്രകാരൻ, പ്രബോധകൻ ... എല്ലാമായിരുന്നു അദ്ദേഹം. വിഷയസമ്പുഷ്ടവും വശ്യവുമായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം. ശുദ്ധഭാഷയിൽ വാക്കുകൾ ഒഴുകുമ്പോൾ അതിനൊരു താളാത്മകതയുണ്ടായിരുന്നു. ആരെയും അനുകരിക്കുകയായിരുന്നില്ല. ഒരു വശ്യശൈലി സൃഷ്ടിക്കുകയായിരുന്നു. ശ്രോതാവ് താനറിയാതെ അങ്ങ് കൊർഡോവയിലും വലൻസിയയിലും ഇശ്ബീലിയയിലും ചെന്നെത്തും. ഉംറുഉൽ ഖൈസും ത്വറഫയും സുഹൈറും അവന്റെ മുന്നിൽ പുനർജനിക്കും. മാലിക് ബ്നു ദീനാറും സംഘവും മുന്നിലൂടെ കടന്ന് പോകും. ഐൻസ്റ്റീനും ന്യൂട്ടണും കൺമുമ്പിൽ തെളിയും. ചരിത്രവും ശാസ്ത്രവും സാഹിത്യവും അദ്ദേഹത്തിന്റെ പ്രസംഗത്തിന് പൂരകങ്ങളായിരുന്നു. സമുദായത്തിന്റെ ഗതി നിർണയത്തിലും വിദ്യാഭ്യാസ പുരോഗതിയിലും വ്യക്തമായ കാഴ്ചപ്പാട് നിസാമിക്കുണ്ടായിരുന്നു. വാഫി സംവിധാനത്തിന്റെ അമരത്ത് അദ്ദേഹം എത്തിയതും അത് കൊണ്ടാണ്. തന്റെ കാഴ്ചപ്പാടുകൾ സ്വന്തം ഉയർച്ചയെ ഒരളവോളം പിന്നോട്ടടിപ്പിച്ചുവോ എന്ന് ഞാൻ സംശയിച്ച് പോകാറുണ്ട്. ഒരേ പ്രസരിപ്പോടെ അഞ്ച് പതിറ്റാണ്ടിലേറെ കേരളത്തിന്റെ ദഅവാ രംഗത്ത് അദ്ദേഹം നിറഞ്ഞ് നിന്നു. മരിക്കുന്നതിന്റെ ഏതാനും നാൾ മുമ്പ് വരെ കർമരംഗത്ത് അദ്ദേഹം സജീവമായിരുന്നു. അദ്ദേഹത്തിന്റെ സേവനങ്ങൾ നാഥൻ ഖബൂലാക്കട്ടെ. സ്വർഗലോകത്ത് അവൻ നമ്മെ ഒരുമിപ്പിക്കട്ടെ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ