ഗ്രാന്‍ഡ് മുഫ്തി വിവാദം വസ്ഥുത എന്ത് | Grand Mufti of india | Bahauddeen Muhammed Nadwi |


കാന്തപുരത്തിന്റെ ഗ്രാന്‍ഡ് മുഫ്തി പട്ടം തട്ടിക്കൂട്ട് പരിപാടിയും തനി വ്യാജവുമാണെന്ന് പൊതുജന സമക്ഷം സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ജൂലൈയില്‍ ദിവംഗതനായ താജുശ്ശരീഅ മൗലാനാ അഖ്തര്‍ റസാഖാന്റെ ഒഴിവിലേക്കാണ് ടിയാനെ നിയമിച്ചതെന്നും ഇന്ത്യന്‍ മുസ്‌ലിംകളുടെ മതവിഷയങ്ങളില്‍ ഇനി ഔദ്യോഗികമായി മതവിധി പറയുന്ന ആള്‍ കാന്തപുരമായിരിക്കുമെന്നുമാണ് അനുയായികള്‍ മാധ്യമ ദ്വാരാ പ്രചരിപ്പിച്ചിരുന്നത്.
എന്നാല്‍ ബറേല്‍വികളുടെ ആസ്ഥാനത്ത് മൂന്ന് ദിവസമായി നടന്ന ശറഈ കൗണ്‍സിലിന്റെ പതിനാറാമത് വാര്‍ഷിക സംഗമത്തില്‍ താജുശ്ശരീഅയുടെ സമ്പൂര്‍ണ പിന്‍ഗാമിയായി അദ്ദേഹത്തിന്റെ പുത്രനും ബറേല്‍വി പണ്ഡിത സഭയുടെ അധ്യക്ഷനുമായ മൗലാനാ മുഫ്തി മുഹമ്മദ് അസ്ജദ് റസാഖാനെ കൗണ്‍സില്‍ അംഗങ്ങള്‍ ഏകകണ്‌ഠേന തെരഞ്ഞെടുക്കുകയും വര്‍ഷങ്ങളായി ഡെപ്യൂട്ടി ഗ്രാന്‍ഡ് മുഫ്തി പദവിയിലുള്ള അല്ലാമാ ദിയാഉല്‍ മുസ്ഥഫാ സാഹിബ് നിരാക്ഷേപം അത് പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് കാന്തപുരത്തിന്റെ വ്യാജ മുഫ്തി ചില്ലുകൊട്ടാരം വീണുടഞ്ഞത്.
നാട്ടില്‍ നിന്നു ഡല്‍ഹിയിലെത്തിയ ചില വിദ്യാര്‍ത്ഥികള്‍ താജുശ്ശരീഅയുടെ പിന്‍ഗാമിയായി കേരളത്തില്‍ നിന്നുള്ള ഒരാളെ നിയമിച്ചു എന്ന് വാര്‍ത്ത വന്നപ്പോള്‍ തന്നെ ഇതൊരു തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടിരുന്നു. കാരണം, ഹനഫി കര്‍മശാസ്ത്ര സരണി അനുവര്‍ത്തിക്കുന്നവരുടെ മതവിധി പറയാന്‍ ശാഫിഈ സരണിയിലുള്ള കേരളത്തിലെ ഒരാളെ നിയമിക്കുക എന്നത് ദുര്‍ഗ്രഹവും അപ്രായോഗികവുമാണല്ലോ. തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ചതാകട്ടെ തികച്ചും അനര്‍ഹനായ ഒരു വ്യക്തിയും.
മുഗള്‍ ഭരണകൂടത്തിലെ ഒടുവിലത്തെ ചക്രവര്‍ത്തിയായിരുന്ന ബഹദൂര്‍ഷാ സഫറിന്റെ കാലത്താണ് ഇന്ത്യയില്‍ മുസ്‌ലിംകളുടെ മതവിധി പറയുന്ന പരോമന്നത പണ്ഡിതനെ നിയമിക്കുന്ന വ്യവസ്ഥിതി നിലവില്‍ വന്നത്. ഈ പദവി അലങ്കരിച്ച മൗലാനാ ഹസ്രത്ത് സയ്യിദ് ഫള്‌ലേ റസൂല്‍ ബദായൂനി, പൗത്രന്‍ മൗലാനാ ഹസ്രത്ത് അബ്ദുല്‍ ഖദീര്‍ ബദായൂനി, മൗലാനാ ഹസ്രത്ത് മുഫ്തി അംജദ് അലി അഅ്ദമി, അല്ലാമാ മുസ്ഥഫാ റസാഖാന്‍, താജുശ്ശരീഅ ഹസ്രത്ത് മൗലാനാ അഖ്തര്‍ റസാഖാന്‍ തുടങ്ങിയവരൊക്കെ ഉത്തരേന്ത്യയില്‍ നിന്നുള്ള പ്രമുഖ ഹനഫീ പണ്ഡിതരായിരുന്നു.
ബറേല്‍വികളുടെ ആത്മീയാചാര്യനായിരുന്ന അഅ്‌ലാ ഹസ്രത്ത് അഹ്മദ് റസാഖാന്റെ പുത്രനാണ് അല്ലാമാ മുസ്ഥഫാ റസാഖാന്‍; പിന്നീട് പദവി അലങ്കരിച്ച മൗലാനാ അഖ്തര്‍ റസാഖാന്‍ അദ്ദേഹത്തിന്റെ പൗത്രനുമാണ്. താജുശ്ശരീഅയുടെ പുത്രനാണ് പുതുതായി പദവിയിലെത്തിയ മുഫ്തി അസ്ജദ് റസാഖാന്‍. അതായത് അഹ്മദ് റസാഖാന്റെ പണ്ഡിത കുടുംബ പരമ്പരയിലുള്ളവരാണ് ഏറെക്കാലമായി മുഫ്തി പദവി അലങ്കരിക്കുന്നത് എന്ന് ചുരുക്കം.
ബറേല്‍വികളുടെ സുപ്രധാന കേന്ദ്രങ്ങളായ യു.പിയിലെ മുബാറക്പൂരിലുള്ള ജാമിഅ അശ്രഫിയ്യ, ബറേലിയിലെ ജാമിഅത്തുര്‍റസാ, ജാമിഅ മന്‍സറേ ഇസ്‌ലാം, ഗോഷിയിലെ ജാമിഅ അംജദിയ്യ എന്നീ മത സ്ഥാപനങ്ങളിലെ മേധാവികളും ശറഈ കൗണ്‍സില്‍ അംഗങ്ങളും ചേര്‍ന്നാണ് മുഫ്തിയെ തെരഞ്ഞെടുക്കാറുള്ളത്. അസ്ജദ് റസാഖാനെ പുതിയ മുഫ്തിയായി നിയമിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ നേരത്തെ നടന്നിരുന്നുവെങ്കിലും റജബ്-ശഅ്ബാന്‍ മാസങ്ങളിലാണ് പൊതുവെ ബറേല്‍വികളുടെ മിക്ക പൊതു സമ്മേളനങ്ങളും പരിപാടികളും നടത്താറുള്ളതെന്നതിനാലാണ് ഇതുവരെ താജുശ്ശരീഅയുടെ പിന്‍ഗാമിയെ പ്രഖ്യാപിക്കാതിരുന്നത് എന്നാണ് ഔദ്യോഗിക വ്യത്തങ്ങളില്‍നിന്നുള്ള സ്ഥിരീകരണം.
എന്നാല്‍ ബറേല്‍വികള്‍ ഔദ്യോഗികമായി പുതിയ മുഫ്തിയെ പ്രഖ്യാപിക്കാന്‍ വൈകിയതിനാല്‍, അവസരം മുതലെടുത്ത് അരങ്ങിലെത്തുകയായിരുന്നു കാന്തപുരം. താജുശ്ശരീഅയും അനുയായികളും തള്ളിപ്പറഞ്ഞ അദ്ദേഹത്തിന്റെ സഹോദരന്‍ മന്നാന്‍ റസാഖാനെയും രണ്ടോ മൂന്നോ കടലാസ് സംഘടനാ പ്രതിനിധികളെയും കൂട്ടുപിടിച്ചാണ് കാന്തപുരം മുഫ്തി പട്ടം വാങ്ങിയത്. വിവിധ പത്ര മാധ്യമങ്ങളിലും ചാനലുകളിലും വാര്‍ത്ത നല്‍കി അണികള്‍ ഈ വ്യാജ പട്ടാഭിഷേകം സാര്‍വത്രികമായി പ്രചരിപ്പിക്കുകയും ചെയ്തു. കോഴിക്കോട് മുതലക്കുളത്ത് ചില സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക നായകരെ പങ്കെടുപ്പിച്ച് അണികളുടെ വക പ്രത്യേക സ്വീകരണവും ഒരുക്കി. ഒടുവില്‍ ബറേല്‍വി ശരീഫില്‍ നിന്നു അസ്ജദ് റസാഖാനെ പുതിയ മുഫ്തിയായി നിയമിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ അങ്കലാപ്പിലായിരിക്കുകയാണ് ഇക്കൂട്ടര്‍.
അസ്ജദ് റസാഖാന്‍ സാഹിബ് ബറേല്‍വി സമൂഹത്തിന്റെ ഖാദില്‍ ഖുദാത്തും (ചീഫ് ജഡ്ജ്) കാന്തപുരം മുഫ്തി അഅ്ദമും (ഗ്രാന്‍ഡ് മുഫ്തി) ആണെന്നാണ് ഇപ്പോള്‍ അണികള്‍ ന്യായീകരിക്കുന്നത്. വ്യാജം പൊളിഞ്ഞെന്നു കണ്ടപ്പോള്‍ വീണിടത്ത് കിടന്ന് നിരങ്ങുകയും ഉരുളുകയുമല്ലാതെ പിന്നെന്തു ചെയ്യും? ഗ്രാന്‍ഡ് മുഫ്തിയായിരുന്ന താജുശ്ശരീഅയുടെ തുടര്‍ച്ചയായാണ് കാന്തപുരത്തിന്റെ നിയമനമെന്നാണ് ഇതുവരെ തട്ടിവിട്ടിരുന്നത്. (സ്വന്തം പത്രം, 01.03.2019, പുറം 6) അങ്ങനെയെങ്കില്‍ പിന്നെന്തിനാണ് അസ്ജദ് റാസാഖാനെ പിന്‍ഗാമിയായി പ്രഖ്യാപിച്ചിരിക്കുന്നത്? ഇനി കേവല ഖാദിയായിട്ടാണ് അദ്ദേഹത്തെ നിയമിച്ചതെങ്കില്‍ ഈ നിയമന യോഗത്തിലേക്ക് എന്തുകൊണ്ട് കാന്തപുരത്തെ ക്ഷണിച്ചില്ല? ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നൂറ്റമ്പതോളം മുഫ്തിമാര്‍ സംഗമിച്ച ശര്‍ഈ കൗണ്‍സിലിലേക്ക് 'ഗ്രാന്‍ഡ് മുഫ്തി'യെ ക്ഷണിക്കാതിരുന്നതിനെ എങ്ങനെ ന്യായീകരിക്കും? മോഡിയുടെ സ്വൂഫി സമ്മേളനം ബഹിഷ്‌കരിക്കാന്‍ നേരത്തെ ആഹ്വാനം ചെയ്ത പണ്ഡിത പ്രമുഖനാണ് നിയുക്ത മുഫ്തി അസ്ജദ് റസാഖാന്‍ എന്നതിനാല്‍ പ്രസ്തുത സമ്മേളനത്തില്‍ സംബന്ധിച്ച കാന്തപുരത്തെ ബറേല്‍വികള്‍ എങ്ങനെ സ്വീകരിക്കും എന്നതും കഠിനമായൊരു ചോദ്യമാണ്.
അറബി-ഉര്‍ദു രീതിയിലുള്ള ഖാദില്‍ ഖുദാത്ത്, മുഫ്തി അഅ്ദം എന്നീ പദങ്ങള്‍ പര്യായങ്ങളായാണ് ബറേല്‍വികള്‍ ഉപയോഗിച്ചുവരുന്നത്. ദിവംഗതനായ താജുശ്ശരീഅക്കും മുന്‍ഗാമികള്‍ക്കും ഇതേ സ്ഥാനപ്പേര് ഒരേ അര്‍ത്ഥത്തില്‍ ഉപയോഗിക്കപ്പെട്ടിരുന്നതായി അവരുടെ സാഹിത്യങ്ങളിലും പ്രസംഗങ്ങളിലും പരക്കെ അറിയപ്പെട്ടിരുന്നതാണ്. ഇതില്‍ മുഫ്തി അഅ്ദമിന്റെ നേര്‍ പരിഭാഷയാണ് ഗ്രാന്‍ഡ് മുഫ്തി. ചില മുസ്‌ലിം രാഷ്ട്രങ്ങളില്‍ ഈ പേരാണ് ഉപയോഗിക്കപ്പെടുന്നത്. ബറേല്‍വികളുടെ ഗ്രാന്‍ഡ് മുഫ്തിയും ഖാദില്‍ ഖുദാത്തും ഒരേ പദവിയെയാണ് സൂചിപ്പിക്കുന്നത് എന്നര്‍ത്ഥം. താജുശ്ശരീഅയെ ഗ്രാന്‍ഡ് മുഫ്തിയായി അംഗീകരിക്കുന്നവര്‍ തന്നെ അദ്ദേഹത്തിന്റെ സമ്പൂര്‍ണ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെട്ട പണ്ഡിതനെ മുഖ്യ ഖാദിയായി ചുരുക്കുന്നതിലെ സാംഗത്യം ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും.
ഇതിനിടെ കേട്ട തികച്ചും വിസ്മയകരായ കാര്യം, പുതിയ ഗ്രാന്‍ഡ് മുഫ്തിയെ കാന്തപുരം വിളിച്ചു അഭിനന്ദനമറിയിച്ചു എന്നതാണ്. രാംലീലാ മൈതനായിലെ പട്ടാഭിഷേകം എത്രമാത്രം വിശ്വസിക്കാന്‍ കൊള്ളാത്തതാണോ അതിലേറെ അവിശ്വസനീയമാണിതെന്നാണ് ബറേലി ശരീഫില്‍ നിന്നു ലഭിച്ച സ്ഥിരീകരണം. ഗ്രാന്‍ഡ് മുഫ്തി അസ്ജദ് റസാഖാന്റെ ജാമാതാവ് മൗലവി ആശിഖ് ഹുസൈന്‍ കശ്മീരി പ്രതികരിച്ചത് കല്ലുവെച്ച നുണയാണതെന്നാണ്. കാര്യസിദ്ധിയുണ്ടാവുന്നിടത്തെല്ലാം പോയി അഭിനന്ദനങ്ങളര്‍പ്പിക്കുന്നത് വ്യാജ മുഫ്തിക്ക് പുതുമയില്ലാത്തതാണെന്നത് മറ്റൊരുകാര്യം. 1995-ല്‍ എ.കെ ആന്റണി ഐക്യമുന്നണി സ്ഥാനാര്‍ത്ഥിയായി തിരൂരങ്ങാടി മണ്ഡലത്തില്‍ നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. കാന്തപുരവും അണികളും ആന്റണിയെ പല്ലും നഖവുമുപയോഗിച്ച് എതിര്‍ക്കുകയും എതിര്‍ സ്ഥാനാര്‍ത്ഥിക്കു വേണ്ടി ഒളിഞ്ഞും തെളിഞ്ഞും പ്രചാര വേലകള്‍ നടത്തുകയുമാണ് ചെയ്തത്. എന്നാല്‍ ആന്റണി വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചപ്പോള്‍ ഏറ്റവുമാദ്യമായി തിരുവനന്തപുരത്ത് അഭിനന്ദനങ്ങളുടെ പൂചെണ്ടുകളുമായി ഉടലോടെ എത്തിയത് കാന്തപുരമായിരുന്നു. അതങ്ങനെയാണ്, നേതാവാണെന്നു പറഞ്ഞാല്‍ പോരാ, അവസരത്തിനൊത്ത് നിറം മാറാനും ഉണര്‍ന്നു പ്രവര്‍ത്തിക്കാനും കഴിയണം.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പണ്ഡിത നേതൃത്വം 1989 ല്‍ കാന്തപുരത്തെ സംഘടനയില്‍ നിന്നു പുറത്താക്കിയതു മുതല്‍ തന്നെ, വിവിധ രൂപത്തിലും വേഷത്തിലുമുള്ള തട്ടിപ്പുകളും ചൂഷണങ്ങളുമായി ഇയാള്‍ എഴുന്നള്ളിയിട്ടുണ്ട്. സമസ്തയുടെ പേരില്‍ തന്നെ മറ്റൊരു വ്യാജ സംഘടനയുണ്ടാക്കിയാണ് ആദ്യമായി രംഗത്തുവന്നത്. പിന്നീട് ആത്മീയ ചൂഷണങ്ങളുമായി രംഗത്തിറങ്ങി. 2011-ലാണ് പ്രവാചകന്റേതെന്ന പേരില്‍ വ്യാജ കേശമിറക്കിയത്. പിന്നീട് പൊടിയും പാത്രവും ചട്ടിയുമൊക്കെയായി അരങ്ങിലെത്തിയെങ്കിലും എല്ലാം സമൂഹം തള്ളിക്കളഞ്ഞുവെന്നു മാത്രം.
മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ വിവിധ തട്ടിപ്പുകള്‍ നടത്തി സമൂഹത്തെ ചൂഷണം ചെയ്യാമെന്നും തനിക്കും സംഘടനക്കും ഏറെ സാമ്പത്തിക നേട്ടം കൈവരിക്കാമെന്നുമായിരിക്കാം ഇതിലൂടെയൊക്കെ പകല്‍കിനാവു കാണുന്നത്. എന്നാല്‍ കേരളീയ മുസ്‌ലിംകള്‍ക്കിടിയില്‍ ഛിദ്രതയുണ്ടാക്കി വിവിധ മഹല്ലുകളിലും പ്രദേശങ്ങളിലുമെല്ലാം വിദ്വേഷത്തിന്റെയും വിഘടനത്തിന്റെയും മതിലുകള്‍ പണിത നേതാവും കുഞ്ഞാടുകളും രാജ്യത്തിന്റെ സമകാലിക സാഹചര്യം പരിഗണിച്ചെങ്കിലും അരങ്ങൊഴിഞ്ഞിരിക്കണമെന്നാണ് വിനയപൂര്‍വം ഉപദേശിക്കാനുള്ളത്.
കേരളീയ മുസ്‌ലിം പണ്ഡിത നേതൃത്വത്തിനിടയില്‍ ഭിന്നിപ്പുണ്ടാക്കിയതു പോലെ ഉത്തരേന്ത്യയിലും അനൈക്യത്തിന്റെ വിത്തിറക്കരുത്. കാരണം, ഏറെ പരിതാപകരമായ അവസ്ഥയാണവര്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായി അവരെ ശാക്തീകരിക്കുന്നതിനു പകരം വിഘടിപ്പിക്കാനും തമ്മിലടിപ്പിക്കാനും അതുവഴി രാഷ്ട്രീയ പ്രഭുക്കള്‍ക്കു മുന്നില്‍ നേട്ടം കൈവരിക്കാനുമുള്ള തല്‍പര കക്ഷികളുടെ ശ്രമങ്ങള്‍ സമുദായം ചെറുത്തു തോല്‍പിച്ചേ തീരൂ.
'സത്യം സമാഗതമാവുകയും അസത്യം നിഷ്‌ക്രമിക്കുകയും ചെയ്തിരിക്കുന്നു. നിശ്ചയം നശിക്കാനുള്ളത് തയൊണ് അസത്യം.' (വിശുദ്ധ ഖുര്‍ആന്‍ 17:81).

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only

Start typing and press Enter to search