പാതിരമണ്ണ ജബ്ബാർ ഫൈസി | PK ABDUL JABBAR FAIZY | MANSOR HUDAVI




✍️ |MANSOOR HUDAVI PATHIRAMANNA | 

*വന്ദ്യ പിതാവ് മർഹൂം പാതിരമണ്ണ ജബ്ബാർ ഫൈസി യുടെ ഓർമകൾക്ക് മുന്നിൽ*

ജീവിതത്തെ പല തരത്തിൽ ബാധിച്ച ആ മരണത്തിനു 15 ആണ്ടു തികയുന്നു. ഇത് പോലെയുള്ള ഒരു ദുൽഖ അദ് 26 നാണു പിതാവ് മർഹൂം ജബ്ബാർ ഫൈസി പാതിരമണ്ണ എന്നെന്നേക്കുമായി ഈ ലോകത്തോട്  വിട്ടു പിരിഞ്ഞത്. 
ചില തണൽ മരങ്ങൾ ഇല്ലാതാവുമ്പോഴാണ് ശരിക്കും അവ എത്രമാത്രം നമുക്ക് മുകളിൽ പടർന്നു പന്തലിച്ചിരുന്നു എന്ന് ബോധ്യപ്പെടുക. ജീവിച്ചിരിക്കുന്ന മാതാ പിതാക്കളുടെ സാന്നിധ്യം അങ്ങനെയാണ്. ആ തണലൊരുക്കുന്ന സുരക്ഷിതത്വത്തിന്റെ വ്യാപ്തി ബോധ്യപ്പെടുക  അതില്ലാതാവുമ്പോഴാണ്. ആ മരണം ഏറ്റവും കൂടുതൽ കരിനിഴൽ വീഴ്ത്തിയത് ആദ്യം ഉമ്മയുടെയും പിന്നെ ഞങ്ങൾ പത്തു മക്കളുടെയും മേലിലാകും.
വ്യക്തി ജീവിതം,  വീട്, കുടുംബം, സൗഹൃദം, ജോലി, അദ്ധ്യാപനം  സംഘടന, രാഷ്ട്രീയം.... തുടങ്ങി വിവിധ മേഖ ലകളോട് ഒരേ സമയം ചേർന്ന് നിന്ന ഒരു ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.
ഓർമ വെച്ച കാലത്ത് കിഴക്കൻ ഏറനാട്ടിലെ കാളികാവിലെ ഖതീബും മുദരിസുമായിരുന്നു. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രം വീട്ടിൽ ഉണ്ടാവുന്ന തൊഴിൽ സാഹചര്യം. വീട്ടിലുണ്ടാവുന്ന സമയത്ത് സ്വന്തം മക്കളോടൊപ്പവും  അടുത്ത കുടുംബ വീടുക ളിലെലെ കുട്ടികളോടാപ്പവും കളിക്കാനും അവരെ സന്തോഷിപ്പിക്കാനുമൊക്കെയായി ധാരാളം സമയം കണ്ടെത്തു  മായിരുന്നു... കൊച്ചു കുട്ടികളുടെ സാന്നിധ്യത്തെ ഏറെ സന്തോഷത്തോടെ എപ്പോഴും കണ്ടു.  അതിഥികൾ വന്നാലും മറ്റുള്ള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുമ്പോഴും ഒക്കെ  മക്കളെ കൂടെ കൊണ്ട് പോവുന്നത് ഒരു പതിവാണ്. 
ആ കാലഘട്ടം  മഹല്ലുകൾ തോറും മതപ്രഭാഷണങ്ങൾ സാധാരണ യായി നടക്കുന്ന കാലമാണ്. പിതാവ് പരിസരത്തൊക്കെ മുഖ്യ ധാര പ്രഭാഷകരിൽ എണ്ണപ്പെട്ട വ്യക്തിയായിരുന്നു. അത് കൊണ്ട് മിക്ക ദിവസങ്ങളിലും രാത്രി വ അളുണ്ടാവും.   രാത്രി പോയി രാത്രി തന്നെ തിരിച്ചു വരുന്ന സമീപ പ്രദേശങ്ങളിലാണ് പ്രസംഗമെങ്കിൽ പലപ്പോഴും ഞങ്ങൾ വണ്ടി നിറയെ കുട്ടികൾ ഉണ്ടാവും. വഅളു പറയാൻ വരുന്ന ഉസ്താദിനൊരുക്കുന്ന സുഭിക്ഷമായ ഭക്ഷണത്തിലെ ഒരു പങ്കായിരിക്കും പലപ്പോഴും ഞങ്ങൾ കുട്ടികളുടെ താല്പര്യം. 
ജീപ്പിലും ഓട്ടോ യിലും ഉള്ള ആ പാതിരാ യാത്രകൾ ഇപ്പോഴും ഓർമ്മയുണ്ട്.  അന്നത്തെ പാതിരാപ്രസങ്ങൾ തുടങ്ങാൻ തന്നെ 10 മണി ഒക്കെ കഴിയും. പ്രസംഗവും ലേലം വിളിയും ദുആയും ഒക്കെ തീർന്ന് പിരിഞ്ഞു പോരുമ്പോൾ സാധാരണ ഒരു മണിയും രണ്ടു മണിയും ഒക്കെ  കഴിയും.. വഴിവക്കിൽ എവിടെയെങ്കിലും ഒക്കെ നിർത്തി കട്ടൻ ചായയും ഓംലെറ്റും ഒക്കെ കഴിച്ചാണ് പലപ്പോഴും വീട്ടിലേക്ക് പോരുക... 
റമദാൻ മാസം ഒരു ദിവസം പോലും ഒഴിവില്ലാതെ വഅളുണ്ടാവും... അങ്ങനെ നോമ്പ് കാലത്തെ വീട്ടിലെ അത്താഴ സമയം എപ്പോഴാണോ വഅദു കഴിഞു വരുന്നത് അപ്പോഴായിരിക്കും.... മലപ്പുറം ജില്ലയിലെ പല ഭാഗങ്ങളിലായി തൊണ്ണൂറുകളിൽ നിർമിക്കപ്പെട്ട പല പള്ളികളുടെയും മദ്റസ കളുടെയും നിർമാണത്തിൽ ഒരു മത  പ്രഭാഷകൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ സാന്നിധ്യം കണ്ടെത്താനാവും.
പല പ്രദേശങ്ങളും ചെറുപ്പ കാലത്ത് കണ്ടത് പിതാവിനോടപ്പമുള്ള ഈ പ്രസംഗ യാത്രകളിലായിരുന്നു. ദൂരം അടുപ്പം എന്ന് വ്യതാസമില്ലാതെ കൊണ്ട് പോവാൻ പറ്റുന്ന സ്ഥലങ്ങളിലേക്കൊക്കെ മക്കളെയും കൊണ്ട് പോവും. ഒരിക്കൽ പാലക്കാട്‌ ജില്ലയുടെ ഏതോ ഭാഗത്തു തുടർച്ചയായ രണ്ടു ദിവസങ്ങളിൽ പ്രസംഗം ഉണ്ടായിരുന്നു. അന്ന് കൂടെ പോവാൻ ഭാഗ്യം ഉണ്ടായത് എനിക്കായിരുന്നു.. തുടർച്ചയായി ദൂര സ്ഥലങ്ങളിൽ പ്രസംഗങ്ങൾ ഉണ്ടാവുമ്പോൾ അവിടെ തങ്ങലാണ് പതിവ്.. അങ്ങനെ ഒരു രാത്രിയിലെ പ്രസംഗം കഴിഞ്ഞു അവിടെ തങ്ങി.. അടുത്ത പകലിൽ പരിസരത്തുള്ള പല ടൂറിസ്റ്റ് കേന്ദ്രങ്ങളും കാണിച്ചു തന്നു.. കാഞ്ഞിരപ്പുഴ ഡാം ഒക്കെ ഞാൻ  സന്ദർശിച്ചത് ആ ഒരു യാത്രയിലായിരുന്നു. 
ലക്ഷദ്വീപിലേക്ക് പലപ്പോഴും പ്രസംഗത്തിനായി പോകുമായിരുന്നു. ദ്വീപുമായുള്ള ഈ ബന്ധം ലക്ഷദ്വീപിലെ പലരുമായി ഹൃദയ ബന്ധം സ്ഥാപിക്കാൻ ഉപയോഗപ്പെടുത്തി. മുൻ കേന്ദ്ര മന്ത്രി യായിരുന്ന പിഎം സഈദ് സാഹിബുമായിട്ടൊക്കെ നല്ലൊരു സൗഹൃദം നില നിർത്തിയിരുന്നു....
എനിക്ക് ഏകദേശം 8 വയസ്സൊക്കെ പ്രായമായപ്പോഴേക്ക് കാളികാവിലെയും അടുത്ത പ്രദേശമായ പരിയങ്ങാട്ടെയും ജോലി നിർത്തി നാട്ടിൽ തന്നെ നിൽക്കാൻ തുടങ്ങിയിരുന്നു. 
സമീപ പ്രദേശമായ രാമപുരത്തെ ചില പൗര പ്രമുഖർ ഒരു സ്ഥാപനത്തെ ക്കുറിച്ച് ആലോചിച്ചപ്പോൾ പിതാവിനെയും അതിന്റെ ഭാഗമാക്കി. പിതാവ  ടക്കമുള്ള ഒരു കൂട്ടം ദീനി സ്നേഹികളുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ് ഇന്ന് പെരിന്തൽമണ്ണ -മലപ്പുറം റോഡിൽ പ്രൗഢിയോടെ തല ഉയർത്തി 
നിൽക്കുന്ന അൻവാറുൽ ഹുദ ഇസ്ലാമിക്‌ കോംപ്ലക്സ്. 
കർമ്മ മണ്ഡലം രാമപുരത്തേക്ക് മാറിയത് മുതൽ സ്ഥിരമായി വീട്ടിൽ ഉണ്ടാവും. രാവിലെ വീട്ടിൽ നിന്നിറങ്ങി കോംപ്ലെക്സിന്റെയും മറ്റു സംഘടന പ്രവർത്തനങ്ങളുടെയും ഉത്തരവാദിത്തങ്ങളിൽ നിന്നും മോചിതനാ വുമ്പോഴേക്കും രാത്രി ഏറെ വൈകും. എന്നാലും ഭക്ഷണം വീട്ടിൽ നിന്ന് തന്നെ ഭാര്യ മക്കളോടൊത്തു കഴിക്കാൻ വേണ്ടി കാത്തിരിക്കും. ഞങ്ങൾ മക്കൾ പലപ്പോഴും വീട്ടിലേക്കുള്ള വഴിയിൽ തെളിയുന്ന ആ ടോർച്ചിന്റെ വെളിച്ചത്തിനായി കാത്തിരിക്കും..... പലപ്പോഴും വളരെ വൈകിയാലും ഒരുമിച്ചിരുന്ന് ഉള്ളത് വിളമ്പി യുള്ള ആ ഭക്ഷണം വലിയ സന്തോഷം പകരുന്നതാണ്. 
സ്ഥിരമായി വീട്ടിൽ നിൽക്കാൻ തുടങ്ങിയ കാലം മുതൽ വീട്ടിലെ എല്ലാ അംഗങ്ങളെയും വിളിച്ചുണർത്തിയുള്ള  സുബ്ഹി ജമാഅത്തും രാത്രിയിലെ ഒരുമിച്ചുള്ള ഭക്ഷണവും ഏറെ സന്തോഷം നൽകുന്ന കാര്യങ്ങളായിരുന്നു.
സ്ഥിരമായി വീട്ടിൽ നിൽക്കുന്ന സമയത്തുള്ള ചില ശീലങ്ങൾ മാതൃക പരമാണ്.  ചായ കുടിച്ചശേഷം വീടിനു അടുത്തുള്ള അമ്മാവൻ മാനു ഹാജി യുടെ വീട്ടിലേക്കിറങ്ങും. മാതൃ സഹോദരനാണെങ്കിലും ചെറുപ്പകാലം തൊട്ടേ മാനു ഹാജി ഒരു പിതാവിന്റെ സ്ഥാനത്തും ഭാര്യ ഒരു മാതാവിന്റെ സ്ഥാനത്തുമായിരുന്നു. 
അഞ്ചാമത്തെ വയസ്സിൽ ഉമ്മയും ഏഴാമത്തെ വയസ്സിൽ ഉപ്പയും മരണപ്പെട്ടപ്പോൾ പിതാവിന്റെയും സഹോദരി മാരായ മറിയം അമ്മായി, ഖദീജ അമ്മായി  എന്നിവരുടെയും  സംരക്ഷണച്ചുമതല അമ്മാവൻ മാനു  ഹാജി ഏറ്റടുക്കുകയായിരുന്നു... പിന്നീട് ഇവർ ഉമ്മയുടെ വീട്ടിൽ അമ്മാവന്റെ സംരക്ഷണത്തിലാണ് വളർന്നത്. പിൽക്കാലത്തു മാനു ഹാജി അമ്മാവൻ, വളർത്തു പിതാവ് എന്നിവക്ക് പുറമെ ഭാര്യാ പിതാവ് കൂടിയായി ത്തീർന്നു. 
ചന്ദ്രിക ദിനപ്പത്രം അന്ന് അവിടെ വരാറുണ്ട്. ആദ്യ കാലങ്ങളിൽ മാനു ഹാജി സൗദിയിലായിരുന്നു. പത്ര വായനക്ക് ശേഷം വളർത്തു മാതാവും ഭാര്യാ മാതാവുമായ വലിയുമ്മയെ സന്ദർശിച്ചു സംസാരിച്ചതിന് ശേഷമാണു ഔദ്യോഗിക കാര്യങ്ങളിലേക്ക്  പ്രവേശിക്കുന്നത്. 1999 ൽ മാനു ഹാജി ഗൾഫ് നിർത്തി നാട്ടിൽ സ്ഥിരമായപ്പോൾ എല്ലാ ദിവസവും വലിയുമ്മക്കൊപ്പം അവരെയും സന്ദർശിച്ചാണ് ഔദ്യോഗിക കാര്യങ്ങളിലേക്ക് തിരിയുന്നത്... മിക്കവാറും രാമപുരത്തേക്കായിരിക്കും യാത്ര... കോംപ്ലക്സ് നിർമാണ കാലത്ത് അതിന്റെ മേൽനോട്ടം അടക്കം പല ചുമതലകളും വഹിച്ചിരുന്നു. ആ കാലഘട്ടത്തിൽ ആ പരിസരത്തുള്ള അബാല വൃദ്ധം ജനങ്ങളോടും വലിയ സൗഹൃദം സ്ഥാപിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഞാൻ പനങ്ങാങ്ങര ഗവണ്മെന്റ് UP സ്കൂളിൽ പഠിക്കുന്ന കാലത്തൊക്കെ അദ്ദേഹം രാമപുരത്താണ്.. ആ ഭാഗത്തു നിന്നും വരുന്ന കുട്ടികൾ പലരും നിന്റെ ഉപ്പയോട് സംസാരിച്ചെന്നും മിട്ടായി തന്നു എന്നും ഒക്കെ പറയാറുണ്ടായിരുന്നു.  ശരിക്കും രാമപുരം കോംപ്ലെക്സിന്റെ നിർമ്മാണ കാലം തൊട്ടേ അദ്ദേഹം പരിസര വാസികളോട് സ്ഥാപിച്ച ആ വ്യക്തി ബന്ധങ്ങളാണ് ആ സ്ഥാപനത്തിന്റെ ജനകീയതയുടെ അടിത്തറ... 
ഈ കാലഘട്ടങ്ങളിൽ സമസ്തയുടെ പ്രവർത്തനങ്ങളിലും അദ്ദേഹം വളരെ സജീവമായിരുന്നു. SYS, SMF എന്നീ സംഘടനകളിൽ ജില്ലാ കമ്മിറ്റി കളിൽ വരെ അംഗമായിരുന്ന കാലത്ത് ദിനേനെ മീറ്റിങ്ങുകളിലേക്ക് ക്ഷണിച്ചുള്ള കത്തുകൾ, മഹല്ലുകളിലേക്കുള്ള സർക്കുലറുകൾ തുടങ്ങി പലതും പലർക്കും എത്തിക്കേണ്ട ചുമതല ഞങ്ങൾ മക്കളിൽ ഏല്പിക്കപ്പെടാറുണ്ട്.
നടന്നും സെയ്‌ക്കിളിലുമായി പാതിരമണ്ണ, പുഴക്കാട്ടിരി, പനങ്ങാങ്ങര, 38 എന്നിവിടങ്ങളിലെല്ലാം ഉള്ള മഹല്ല് ഭാരവാഹികളെയും സമസ്ത പ്രവർത്തകരെയും ഒക്കെ ചെന്ന് കണ്ട് മീറ്റിംഗിന്റെ കത്തുകൾ കൊടുക്കാനും മഹല്ലുകളിലേക്കുള്ള സമസ്തയുടെയും SMF ന്റെയും സർക്കുലറുകൾ എത്തിക്കാനും പലപ്പോഴും സഞ്ചരിക്കേണ്ടി വന്നിട്ടുണ്ട്. കർമ്മ ഗോഥയിൽ ഉള്ള കാലത്തൊക്കെയും സമസ്തയിൽ സജീവമായി പ്രവർത്തിച്ചു..മങ്കട മണ്ഡലത്തിലും പെരിന്തൽമണ്ണ താലൂക്കിലും സമസ്ത യുടെ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിൽ ഏറെ പരിശ്രമിച്ചു. പെരിന്തൽമണ്ണ ആസ്ഥാനമായി ഇന്ന് നിലനിൽക്കുന്ന സുന്നി മഹൽ നിർമ്മാണത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങളിൽ സജീവമായി ഉണ്ടായിരുന്നു. 
അതിലേക്കുള്ള പണം കണ്ടെത്താൻ മഹല്ലുകൾ തോറും പിരിവെടുക്കാനും മറ്റു കാര്യങ്ങളിലും മുന്നിലുണ്ടായിരുന്നു. 
മലപ്പുറം ജില്ലയിൽ നടന്ന പല സമസ്ത സമ്മേളനങ്ങളിലും സംഘാടകന്റെ റോളിൽ സജീവമായിരുന്നു. 1999 ൽ രാമപുരത്ത് വെച്ച് നടന്ന സമസ്ത ജില്ലാ സമ്മേളനത്തിൽ ആഥി തേയനായും സംഘടകനായും ആത്മാർഥമായി പ്രവർത്തിച്ചു....
രാമപുരം മഹല്ല് ഖാദി ആയിരുന്ന തന്റെ അമ്മായിയുടെ മകൻ കൂടിയായ ചക്കൻതൊടി യുസുഫ് മുസ്‌ലിയാർ മരണപ്പെട്ടപ്പോൾ രാമപുരം മഹല്ല് ഖാദി യായി നിയമിക്കപ്പെട്ടു. അങ്ങനെ രാമപുരം മഹല്ലിൽ വിശാലമായ വ്യക്തി ബന്ധങ്ങൾ സ്ഥാപിച്ചിരുന്നു. 

*ജാമിഅ എന്ന മാതൃ സ്ഥാപനം*


താൻ പഠിച്ച സ്ഥാപനമായ പട്ടിക്കാട് ജാമിയ നൂരിയ അറബിക് കോളേജിനോട് വലിയ ഹൃദയ ബന്ധം നിലനിർത്തി. ജാമിയ യുടെ വാർഷിക സമ്മേളനങ്ങളിൽ സ്വയം പങ്കെടുക്കുകയും പലരെയും പങ്കെടുപ്പിക്കുകയും ചെയ്തു. 
ജാമിയ സമ്മേളനങ്ങൾ സമസ്ത യുടെ ഒരു സമ്മേളനം ആയത് കൊണ്ട് എല്ലാ ഉസ്താദുമാരും നേതാക്കളും അവിടെ എത്തും. എല്ലാ വർഷവും നേരത്തെ എത്തി മുഴുവൻ ഉസ്താദുമാരെയും നേതാക്കളെയും കണ്ട് പരിചയം പുതുക്കലും അനുഗ്രഹം വാങ്ങലും പതിവായിരുന്നു. ഞങ്ങൾ മക്കളെയും ഉസ്താദുമാരുടെ അടുക്കൽ കൊണ്ട് പോയി പരിചയപ്പെടുത്തി പ്രതേകം ദുആ ചെയ്യിപ്പിക്കുമായിരുന്നു. കഴിഞ്ഞ തലമുറയിലെ മുതിർന്ന ഉസ്താദുമാരുടെ യൊക്കെ പ്രാർത്ഥന ചെറുപ്പത്തിൽ തന്നെ ലഭിച്ചത് ഇന്നും ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളാണ്. 
ശംസുൽ ഉലമ EK അബൂബക്കർ മുസ്‌ലിയാർ, KK അബൂബക്കർ ഹസ്‌റത് തുടങ്ങിയ മഹാ പണ്ഡിതർ തലയിൽ കൈ വെച്ച് മന്ത്രിക്കുന്ന രംഗങ്ങൾ ഇപ്പോഴും ഓർമ യിൽ തങ്ങി നിൽക്കുന്നുണ്ട്.
ജാമിയ നൂരിയ യുടെ പൂർവ വിദ്യാർത്ഥി സംഘടന ഓസ്ഫോജ്ന നിലവിൽ വന്നപ്പോൾ അതിന്റെ ജില്ലാ ഭാരവാഹികളിൽ ജബ്ബാർ ഫൈസിയും ഉണ്ടായിരുന്നു. ആ കാലഘട്ടത്തിൽ സുന്നി ആശയ പ്രചാരണത്തിനായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഓസ്ഫോജ്ന  യുടെ കീഴിൽ പല പരിപാടി കളും നടത്തിയിരുന്നു. ജാമിഅ യിൽ മർഹൂം കോട്ടുമല അബൂബക്കർ മുസ്‌ലിയാർ സ്മാരക ലൈബ്രറി എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഓസ്ഫോജ്ന നടത്തിയ പരിശ്രമങ്ങളിൽ മുൻ പന്തിയിലുണ്ടായിരുന്നു...

*വിദ്യാഭ്യാസ സാംസ്‌കാരിക പ്രവർത്തനങ്ങൾ*


കാർഷിക മേഖലയായ കിഴക്കൻ ഏറനാട്ടിലെ കാളികാവിൽ താൻ മുദരിസും ഖതീബും ആയി ജോലി ചെയ്യുന്ന സമയത്ത് തന്റെ കർമ്മ മണ്ഡലം മഹല്ല് പരിധിയിൽ ഒതുക്കാതെ ആ പ്രദേശത്തു മുഴുവനായും വ്യാപിപ്പിച്ചിരുന്നു. 
തന്റെ മത പ്രഭാഷണങ്ങളിലൂടെയും സംഘാടന പ്രവർത്തനങ്ങളോടെയും ആ പ്രദേശത്തിന്റെ മതകീയ സാംസ്‌കാരിക വിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്താൻ ശ്രമിച്ചു. കിഴക്കൻ ഏറനാട്ടിന്റെ വികസന ശില്പികളിൽ പ്രമുഖനായ മർഹൂം അടക്കാക്കുണ്ട് ബാപ്പു ഹാജി യുമായി നല്ല ബന്ധം നിലനിർത്തി. ആരുമായും കൂടുതൽ അടുക്കുകയോ തീരുമാനങ്ങളിൽ മറ്റാരുടെയെങ്കിലും അഭിപ്രങ്ങൾക്ക് കാത്തിരിക്കുകയോ ചെയ്യുന്ന പ്രകൃതം  ഇല്ലാതിരുന്ന ബാപ്പു ഹാജി  ജബ്ബാർ ഫൈസി യുമായി പല വിഷയങ്ങളിലും അഭിപ്രായം ചോദിക്കുമായിരുന്നത്രെ. 
ബാപ്പു ഹാജിയുടെ ജീവ ചരിത്ര കാരനായ സമദ് റഹ്മാനി കരുവാരക്കുണ്ട് പറയുന്നത് ദീർഘ സംഭാഷണങ്ങളിൽ പോലും തന്റെ അടുത്ത ഒരു സഹപ്രവർത്തകൻ എന്ന നിലയിൽ പരാമർശിക്കുന്നത് ജബ്ബാർ ഫൈസിയെ മാത്രമാണെന്നാണ്.. 
കാളികാവിൽ ജോലി ചെയ്യുന്ന കാലത്ത് താൻ മുൻകൈയെടുത്തു മഹല്ല് കമ്മിറ്റിക്ക് കീഴിൽ സ്ഥാപിച്ച ഹയാത്തുൽ ഇസ്ലാം വനിതാ അറബിക് കോളേജ് മർഹൂം പാങ്ങിൽ അഹ്മദ് കുട്ടി മുസ്‌ലിയാർ 1920 കളിൽ താനൂരിൽ സ്ഥാപിച്ച മദ്രസത്തുൽ ബനാത് കഴിഞ്ഞാൽ സ്ത്രീ ഉന്നത വിദ്യാഭ്യാസത്തിനു സ്ഥാപിക്കപ്പെട്ട സുന്നി പക്ഷത്തു നിന്നുള്ള പ്രഥമ സംരംഭമായിരുന്നു. 1992 ൽ സ്ഥാപിതമായ ഈ വനിതാ കോളേജിൽ അഫ്ദലുൽ ഉലമ പ്രീലി കോഴ്സും പത്താം ക്ലാസ്സിൽ വിജയിക്കാൻ കഴിയാത്ത കുട്ടികൾക്കുള്ള ട്യൂഷനും നല്കപ്പെട്ടിരുന്നു. അന്ന് കാളികാവിൽ സ്ഥാപിക്കപ്പെട്ട വനിതാ കോളേജിൽ തന്റെ ശിഷ്യ കളായിരുന്ന പലരും ഇന്ന് ഏറനാട്ടിലെ പല സർക്കാർ സ്കൂളുകളിലും അധ്യാപികമാരായി ജോലി ചെയ്യുന്നവരും വിരമിച്ചവരും ഉണ്ട്. കിഴക്കൻ ഏറനാട്ടിൽ ഈ വനിതാ കോളേജ് സ്ത്രീ വിദ്യാഭ്യാസത്തിനു നൽകിയ സംഭാവനകൾ ശ്രദ്ധേയമാണ്.
രാമപുരം അൻവാറുൽ ഹുദ ഇസ്ലാമിക്‌ കോംപ്ലെക്സിന് കീഴിലും ഇംഗ്ലീഷ് മീഡിയം സ്കൂൾ അടക്കമുള്ള പല സംരംഭങ്ങൾക്കും തുടക്കം കുറിച്ചിരുന്നെങ്കിലും അത് പരിപൂർണ്ണമായി വിജയിപ്പിക്കാൻ കഴിഞ്ഞില്ല എന്നത് മരണം വരെ അദ്ദേഹത്തിന്റെ ഒരു സ്വകാര്യ ദുഖമായിരുന്നു.

*തങ്ങന്മാരുമായുള്ള ബന്ധം*


തങ്ങന്മാരുമായി വിശിഷ്യാ പാണക്കാട് സയ്യിദ് കുടുംബവുമായി നല്ല ബന്ധം പുലർത്തിയിരുന്നു. 
പല ഘട്ടങ്ങളിലും വിഷയങ്ങളിൽ പരിഹാരം തേടി അണയുന്ന ആശാ കേന്ദ്രം കൂടി ആയിരുന്നു പാണക്കാട്. വടക്കാങ്ങരയിൽ ഏതാനും വർഷം ജോലി ചെയ്തിട്ടുണ്ട്. ആ സന്ദർഭങ്ങളിൽ വടക്കാങ്ങര തങ്ങന്മാരുമായി നല്ല ബന്ധം സ്ഥാപിച്ചു.
വീട്ടിൽ മൂത്ത സഹോദരിയുടെ വിവാഹം തീരുമാനിക്കപ്പെട്ട സമയം.  
വീട്ടിലെ ആദ്യത്തെ കല്യാണമാണല്ലോ... പാണക്കാട്ടു നിന്നും ഏതെങ്കിലും ഒരു സയ്യിദിനെ വിളിക്കണം എന്ന ചർച്ച വന്നു. മുഹമ്മദ്‌ അലി ശിഹാബ് തങ്ങളോടും ഉമറലി തങ്ങളോടും ഹൈദരലി തങ്ങളോടും ഒക്കെ നല്ല അടുപ്പവും പരിചയവും ഉണ്ടായിരുന്നു.  SYS ന്റെ പ്രവർത്തകൻ എന്ന നിലയിൽ മർഹൂം സയ്യിദ് ഉമറലി തങ്ങളുമായി നല്ല ബന്ധവും പരിചയവും ഉണ്ടായിരുന്നു. മുഹമ്മദലി തങ്ങളെയോ ഉമറലി തങ്ങളെയോ വിളിക്കാം എന്ന് അഭിപ്രായപ്പെട്ടപ്പോൾ അവരൊക്കെ വലിയ തങ്ങന്മാരാണെന്നും നമ്മുടെ ചെറിയ വീട്ടിലേക്ക് അവരെ വിളിക്കുന്നത് അവരോട് ചെയ്യുന്ന മര്യാദക്കേടാണെന്നും പറഞ്ഞു ജാമിഅ യിലെ തന്റെ സഹപാഠി കൂടിയായ ഹൈദരലി തങ്ങളെ ക്ഷണിക്കാം എന്ന് തീരുമാനിച്ചു. അങ്ങനെ ഇപ്പോഴത്തെ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്‌ ഹൈദരലി തങ്ങൾ ആ വിവാഹ ദിവസം വീട്ടിൽ വന്നു.. 
ജാമിഅ യിലെ തന്റെ സഹപാഠി എന്ന നിലയിൽ ഹൈദരലി തങ്ങൾ ഇപ്പോഴും കാണുമ്പോഴൊക്കെ ഉമ്മയുടെയും മറ്റു വീട്ടിലെ അംഗങ്ങളുടെയും ഒക്കെ വിശേഷങ്ങൾ ചോദിക്കും. 
രണ്ടു വർഷം മുമ്പ് ഞാൻ  ജോലി ചെയ്യുന്ന മഹല്ലിൽ ഒരു പള്ളി ഉത്ഘാടനത്തിനു തങ്ങൾ വന്നപ്പോൾ പരിചയം പുതുക്കിയപ്പോൾ തന്നെ തങ്ങൾ കൂടെ യുള്ളവരോട് പറഞ്ഞത് ഇവരുടെ ബാപ്പ എന്റെ കൂടെ പഠിച്ചവരും നമ്മുടെ സജീവ പ്രവർത്തകനും ആയിരുന്നു എന്നായിരുന്നു. 


*ഹജ്ജ് കർമ്മങ്ങളും അവസാന ഹജ്ജ് യാത്രയും*


1978 മുതൽ 1986 വരെ 8 വർഷത്തോളം പ്രവാസി യായി സൗദി അറേബ്യ യിലായിരുന്നു. അങ്ങനെ തുടർച്ചയായ 8 വർഷങ്ങളിൽ ഹജ്ജ് കർമത്തിന് അവസരം ലഭിച്ചു.. സൗദി പ്രവാസം അവസാനിപ്പിച്ചു നാട്ടിൽ സ്ഥിരമാക്കാനുള്ള തീരുമാനമെടുത്ത ശേഷം കഅബ യുടെ പരിസരത്തു നിന്നും പിരിഞ്ഞു പോരുമ്പോൾ മനസ്സിൽ തട്ടി ഒരു പ്രാർത്ഥന നടത്തിയിരുന്നത്രെ.... 
അല്ലാഹുവേ അഞ്ചു വർഷത്തിലൊരിക്കലെങ്കിലും ഹറമിൽ വന്നു ഹജ്ജ് ചെയ്യാനും മദീനയിൽ വന്നു റൗള ശരീഫ് സിയാറത്ത് ചെയ്യാനും അവസരം നൽകണേ എന്ന്.. അള്ളാഹു ആ പ്രാർത്ഥന കേട്ടിരിക്കുന്നു എന്ന് തന്റെ അവസാന യാത്രക്കിറങ്ങിയപ്പോൾ പിതാവ് പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു. 1986 ന്റെയും 2005 ന്റെയും ഇടയിൽ നാലു പ്രാവശ്യം വീണ്ടും ഹജ്ജിനു പോയി അഞ്ചാമത്തെ ഹജ്ജ് യാത്ര യായിരുന്നു 2005 ലേത്. ആ യാത്ര തന്റെ 54 ആമത്തെ വയസ്സിൽ മദീനയിലെ മസ്ജിദുന്നബവിയിൽ വെച്ച് അവസാനിച്ചു.
2005 ഡിസംബറിൽ രാമപുരം അൽ ഹറമൈനി ഹജ്ജ് ഗ്രൂപ്പിന്റെ അമീർ ആയാണ് ഹജ്ജിന് പോവുന്നത്. രാമപുരം കോംപ്ലക്സുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ തുടങ്ങിയത് മുതൽ പലപ്പോഴായി ഗൾഫ് യാത്രകൾ നടത്താറുണ്ടായിരുന്നു. UAE, Oman എന്നിവിടങ്ങളിലൊക്കെ സ്ഥാപനത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് യാത്ര ചെയ്തിരുന്നു. അത് കൊണ്ട് തന്നെ വിദേശ യാത്രകൾ അത്ര കാര്യമാക്കാറില്ലായിരുന്നു. 
എന്നാൽ പതിവിനു വിരുദ്ധമായി 2005 ലെ ഹജ്ജ് യാത്രക്ക് മുന്നോടിയായി വീട്ടിൽ വേണ്ടപ്പെട്ടവരെയൊക്കെ വിളിച്ചു കൂട്ടി സൽക്കാരം നടത്തി. അതിനു മുമ്പേ കാര്യമായ എന്തോ സൂചനകൾ നൽകുന്ന ചില കാര്യങ്ങൾ ഉണ്ടായി. യാത്രയുടെ ഏതാനും മാസം മുമ്പ് മഹല്ലിൽ നടന്ന ജനറൽ ബോഡി മീറ്റിംഗിൽ വർഷങ്ങളായി താൻ വഹിച്ചിരുന്ന മഹല്ല് പ്രസിഡന്റ്‌ സ്ഥാനം പ്രതേകിച്ചു കാ രണങ്ങളൊന്നുമില്ലാതെ മറ്റൊരാളെ ഏല്പിച്ചു. പലരോടുമുള്ള സംസാരങ്ങളിൽ വേർപിരിയലിന്റെ ചില  സൂചനകൾ നൽകി. ചെറിയ കടങ്ങൾ ഒക്കെ തീർത്തു. യാത്രക്കിറങ്ങുന്നതിനു മുമ്പ് ദുആ കൊണ്ട് വസിയ്യത്ത് ചെയ്തവരോടൊക്കെഞാൻ അവിടെ എത്താൻ നിങ്ങൾ ദുആ ചെയ്യണമെന്ന് തിരിച്ചു ആവശ്യപ്പെട്ടു. വീട്ടിൽ നിന്നും എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി രാമപുരം കോംപ്ലെക്സിലെ യാത്ര അയപ്പും കഴിഞ്ഞ് സഹ യാത്രികർക്കൊപ്പം ഹജ്ജിനായി മക്ക യിലേക്ക് പുറപ്പെട്ടു. സംഘം ആദ്യം പോയത് മക്കയിലേക്കായിരുന്നു. 
ഏതാനും ദിവസങ്ങൾ മക്കയിൽ ഉംറകളിലും മറ്റു ഇബാദത്തുകളിലും കഴിഞ്ഞു ദുൽ ഖഅദ് 26 നു മദീനയിലേക്കെത്തി. 
എത്തിയ ഉടനെ കൂടെ യുള്ളവരെയൊക്കെ റൂമുകളിൽ എത്തിച്ചു വിശ്രമിക്കാൻ പറഞ്ഞു. വിശ്രമ ശേഷം ഒരുമിച്ച് സിയാറത്തിന് ഇറങ്ങാം എന്നും പറഞ്ഞു. 
എല്ലാവരും ക്ഷീണം കാരണം വിശ്രമിക്കാൻ തുടങ്ങിയപ്പോൾ പിതാവ് റൗള യുടെ അടുത്തേക്ക് പോയി... റൗള ഷെരീഫിന്റെ സമീപത്തു നിന്ന് പുണ്യ റസൂലിനോട് സലാം പറഞ്ഞു ദീർഘ നേരം റൗള യുടെ മുമ്പിൽ പ്രാർത്ഥനയിൽ മുഴുകി.... വീണ്ടും റസൂലിനോട് സലാം പറഞ്ഞു റൂമിലേക്ക് നടക്കാൻ തുടങ്ങിയപ്പോഴേക്കും മസ്ജിദുന്നബവിയിൽ വെച്ച് ആ ശ്വാസം നിലച്ചു..
ഹജ്ജ് യാത്രയിൽ കൂടെ യുണ്ടായിരുന്ന ചിലർ പങ്കു വെച്ചത് അദ്ദേഹം അവസാനം ചെയ്ത സൽകർമ്മം റസൂലിനോടുള്ള സലാം ആയിരുന്നു എന്നാണ്.  ദിവസങ്ങളോളം തന്റെ കൂടെയുള്ള ഹാജി മാരുടെ സേവനങ്ങളിൽ വ്യാപൃതനായി അവരെയൊക്കെ മദീനയിൽ എത്തിച്ചു വിശ്രമത്തിനു വിട്ട ശേഷം നമുക്കൊരുമിച്ചു സിയാറത്തിനിറങ്ങാം എന്ന് പറഞ്ഞു പോയ ഗ്രൂപ്പ്‌ അമീറിന്റെ അവിശ്വസനീയ മരണ വാർത്തയാണ് അവർക്ക് കേൾക്കാൻ കഴിഞ്ഞത്.. 
നാട്ടിൽ നിന്നും 4000 കിലോമീറ്റർ അകലെ മദീനയിൽ വെച്ച് ആ ആത്മാവ് അള്ളാഹു വിലേക്കു മടങ്ങിയപ്പോൾ തന്റെ കഴിഞ്ഞ 54 വർഷത്തെ ജീവിതത്തിനടിയിൽ നേടി എടുത്ത പരസഹസ്രം സുഹൃത്തുക്കൾ നാടിന്റെ നാനാ ഭാഗത്ത് നിന്നും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥനയിൽ മുഴുകി. ഹജ്ജ് കാലമായത് കൊണ്ട് അന്ത്യ കർമ്മങ്ങൾ ചെയ്യാൻ ഹജ്ജിനായി വന്ന തന്റെ പല സഹപ്രവർത്തകരും മദീനയിൽ ഉണ്ടായിരുന്നു. 
അടുത്ത ദിവസം മസ്ജിദുന്നബവിയിൽ നടന്ന ജനാസ നിസ്കാരത്തിനു ശേഷം അവിടത്തെ ജനാസ ജന്നത്തുൽ ബഖിഇൽ ഉസ്മാന് ബിൻ അഫ്ഫാൻ (റ) ഖബറിനു സമീപത്തായി ഖബർ അടക്കി. 
അള്ളാഹു അവരെയും നമ്മെയും അവന്റെ  ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ.... ആമീൻ...




*മൻസൂർ ഹുദവി പാതിരമണ്ണ*

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only

Start typing and press Enter to search