അരിപ്ര മൊയ്തീൻ ഹാജി; ദേശാന്തര പ്രശസ്തി നേടിയ കേരളീയ പണ്ഡിതൻ
✍️ കെ ടി അജ്മൽ പാണ്ടിക്കാട്
#കരുവാരകുണ്ട് പഴയ ജുമുഅത്ത് പള്ളിയിൽ ദർസ് നടത്തുന്ന കാലം. പുന്നക്കാട് ചന്തയിൽ യാചനക്ക് വന്ന അന്ധനായ ഒരാൾ ജുമാഅത്ത് പള്ളിയിലും വന്നു... പുറത്തേക്കുള്ള ജനാല ആണെന്ന് കരുതി അയാൾ മുമ്പിലേക്ക് കാർക്കിച്ചു തുപ്പി... അത് നേരെ ചെന്ന് പതിച്ചത് പള്ളി മുദരിസിൻ്റെ ശരീരത്തിലും വസ്ത്രത്തിലും..
ആളറിയാതെ മുദരിസ് ദേഷ്യപ്പെട്ടു.... പിന്നീടാണ് തുപ്പിയത് അന്ധനാണ് എന്നറിഞ്ഞത്..വിവരമറിഞ്ഞതോടെ ദേശാന്തര പ്രശസ്തി നേടിയ ആ മഹാപണ്ഡിതൻ യാചകൻ്റെയടുത്ത് ചെന്നു...കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ്.മാപ്പപേക്ഷിച്ചു വിനയാന്വിനായ ആ പണ്ഡിതൻ..
ബീരാൻ ഔലിയയുമായി വളരെ അടുത്ത സ്നേഹ ബന്ധം കാത്തുസൂക്ഷിച്ച ആ മഹാഗുരുവിനൊരുമോഹം..
ആഗ്രഹം വീട്ടുകാരെയറിയിച്ചു ... സമയമധികം കഴിഞ്ഞില്ല..വീടിനു മുമ്പിലതാ സാക്ഷാൽ ബീരാൻ ഔലിയ.. കൂടെ ഖാദിമായ മുഹമ്മദ് മുസ്ലിയാരും.കാഴ്ച കണ്ട് അന്തം വിട്ടു നിൽക്കാനേ വീട്ടുകാർക്കായൊള്ളൂ...
ഒരിക്കൽ വീട്ടിലെത്തിയ ബീരാൻ ഔലിയ മുറ്റത്തു അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുന്നതിനിടയിൽ കിണറിലേക്ക് നോക്കി ആ മഹാപണ്ഡിതനോട് പറഞ്ഞു:'മോല്യാരെ നിങ്ങൾക്ക് ദുനിയാവും ആഖിറവും ഉണ്ട്.'
മഹാപണ്ഡിതരിൽ നിന്ന് വേണ്ടുവോളം അറിവ് നുകരാനും മഹാ പണ്ഡിതർക്ക് മതിയാം വണ്ണം അറിവ് പകരാനും ഭാഗ്യമുണ്ടായ വലിയ വ്യക്തിത്വമായിരുന്നു അരിപ്ര മൊയ്തീൻ ഹാജി. അറിവ് തേടി കരയും കടലും കടന്ന വിജ്ഞാനദാഹി. ആഗോളതലത്തിൽ ഗുരുശിഷ്യ ബന്ധങ്ങൾ നെയ്തെടുത്ത ഒരാൾ.അറബി ഭാഷയിലെ സ്ഫുടതയും നൈപുണ്യവും കണ്ട് "ആപ് ഹാജി സാഹിബ് ഹേ ക്യാ" (അങ്ങ് ഹാജി സാഹിബാണോ)എന്ന് ബാഖിയാത്തിന്റെ ശിൽപി ശൈഖ് അബ്ദുൽ വഹാബ് ഹസ്റത്ത് ആശ്ചര്യപൂർവ്വം ചോദിച്ച ബഹുഭാഷാ പണ്ഡിതൻ.... നാലു മദ്ഹബുകളിലും ഫത്‌വ നൽകാൻ മാത്രം വളർന്ന മഹാപണ്ഡിതൻ. മഹത്തുക്കളുമായി ബന്ധം കാത്തുസൂക്ഷിച്ച സൂഫി വര്യൻ...
സമസ്തയുടെ സ്ഥാപകകാലം മുതൽ സംഘടനയിൽ പ്രവർത്തിച്ച മഹാപണ്ഡിതനും, സൂഫീവര്യനുമായിരുന്നു ആ മഹാൻ.. വിജ്ഞാനസമ്പാദനത്തിനും പ്രചാരണത്തിനുമായി ആയുഷ്ക്കാലം മുഴുവൻ ചെലവഴിച്ച ആ മഹാൻ കേരളം കണ്ട മഹാരഥന്മാരിൽ പ്രമുഖനാണ്.
പെരിന്തൽമണ്ണ താലൂക്കിലെ അരിപ്ര പാതിരമണ്ണയിൽ ഹിജ്റ 1308-ലാണ് (1889 എ.ഡി.) ജനനം.. തിരൂരങ്ങാടിയിലെ പ്രസി ദ്ധമായിരുന്ന കൊടപ്പനക്കൽ തറവാട്ടിൽ നിന്ന് പാതിരമണ്ണ് കക്കാട്ട് തൊടുവിലേക്ക് കുടിയേറിപ്പാർത്ത ഉണ്ണീന്റെ മകൻ സൂഫി മകൻ സൈതാലിഹാജി (മ: 1322)യാണ് പിതാവ്. മാതാവ് ഖദീജ. പിതാവ് ഹജ്ജിനു ശേഷം മക്കയിൽ മരിച്ചു. ജന്നത്തുൽ മുഅല്ലയിൽ മറവ് ചെയ്യപ്പെട്ടു. പിതാമഹന്മാരിലൊരാൾ പാതിരമണ്ണയിൽ താമസി ക്കുന്നതിനു മുമ്പ് ചൂളയിൽ എന്ന സ്ഥലത്ത് താമസിച്ചിരുന്നതിനാൽ രണ്ടിലേക്കും ചേർത്ത് ചുളയിൽ കക്കാട്ടിൽ (സി കെ ) എന്നു വീട്ടുപേര് ഉപയോഗിച്ചു.
പ്രസിദ്ധ ഖാരിഅ് അബ്ദുൽ ഖാദിർ മൊല്ലയിൽ നിന്ന് ഖുർആൻ പഠനം പൂർത്തിയാക്കി ദർസിൽ ചേർന്നു. അൽഫിയക്കാരൻ എന്ന പേരിൽ പ്രസിദ്ധമായ കൈപ്പറ്റി കുഞ്ഞി മുഹ്യദ്ദീൻ മുസ്ലിയാർ (മ: 1356), മണ്ണാർക്കാട് കരിമ്പനക്കൽ അഹ്മദ് മുസ്ലിയാർ (മ:1354), 1335-ൽ നിര്യാതരായ മൗലാനാ കട്ടിലശ്ശേരി ആലി മുസ്ലിയാർ എന്നിവരാണ് മലബാറിലെ ഗുരുനാഥന്മാർ. ഇവരിൽ ഹറമിൽ ദർസ് നടത്തിയ കട്ടിലശ്ശേരി ആലി മുസ്ലിയാരാണ് പ്രധാന ഗുരു. ഇദ്ദേഹം ശൈഖ് അഹ്മദ് സൈനീദഹ്ലാന്റെ ശിഷ്യനാണ്. ദർസീ പഠനം പൂർത്തിയാക്കിയ ശേഷം അടങ്ങാത്ത വിജ്ഞാന ദാഹവും, ഹജ്ജും, ഉംറയും, സിയാറത്തും നിർവ്വഹിക്കാനുള്ള ഉൽക്കടമായ ആഗ്രഹവും കാരണം 1329 (1911 എ.ഡി.) ൽ മക്കയിലേക്ക് പുറപ്പെട്ടു. നാലുവർഷത്തോളം അവിടെ താമസിച്ച് വിജ്ഞാനം വർദ്ധിപ്പിക്കുകയും, ആത്മീയ ശിക്ഷണം നേടുകയും ചെയ്തു. ശൈഖ് അഹ്മദ് സൈനീ ദഹ്ലാൻ അവർകളുടെ പ്രധാന ശിഷ്യനായ മുഫ്തി ശൈഖ് മുഹമ്മദ് ബാവുസൈൽ പ്രമുഖ പണ്ഡിതനായിരുന്ന , "ബാജുനൈദുൽമക്കി' എന്ന പേരിൽ പ്രസി ദ്ധനായ ശൈഖ് ഉമർബിൻ അബീബക്കർ (മ: 1353), 'ബാഫളിൽ എന്ന പേരിലറിയപ്പെടുന്ന ശൈഖ് മുഹമ്മദ് സ്വാലിഹ് മക്കി, ഇആനത്തിന്റെ രചയിതാവ് ശൈഖ് അബൂബക്കർ ശതായുടെ പുത്രൻ ശൈഖ് അഹ്മദ്, പ്രശസ്ത ഗ്രന്ഥകാരൻ ശൈഖ് മുഹമ്മദ് ഹസ്ബു ള്ളാഹിൽ സുലൈമാൻ മക്കി (മ. 1333) എന്നിവരുടെ ശിഷ്യത്വം സ്വീകരിച്ച് രണ്ടു വർഷം മക്കയിൽ താമസിച്ച ശേഷം മദീനയി ലേക്ക് തിരിച്ചു.
വീണ്ടും മദീനയിലേക്ക് പുറപ്പെടാനുള്ള പ്രചോദനം ഒരു സ്വപ്നദർശനമായിരുന്നു. തന്റെ മാതാവിന്റെ പേരിൽ ഹജ്ജും, ഉംറയും നിർവ്വഹിച്ച ശേഷം അദ്ദേഹം ത്വാഇഫിലെത്തി. അബ്ദു ള്ളാഹിബ്നു അബ്ബാസ് (റ)വിനെ സ്വിയാറത്ത് ചെയ്തു. തിരിച്ചു വന്ന് സാധാരണ പോലെ പഠനമാരംഭിച്ചു. അന്ന് വ്യാഴാഴ്ചയായി രുന്നു. രാത്രി മസ്ജിദുൽ ഹറാമിൽ ഉറങ്ങുമ്പോൾ താൻ സംസംകിണറിൽ നിന്ന് വെള്ളം കോരുന്നതിനിടയിൽ അവിടെയാകെ ദിവ്യ പ്രകാശം പരന്നതായി സ്വപ്നം കണ്ടു. പിന്നിലെ കവാടത്തിലൂടെ നബി (സ്വ)യും കുറേ സ്വഹാബികളും കടന്നു വന്നു. ഉസ്താദിന്റെ നിർദ്ദേശ പ്രകാരം ബക്കറ്റ് നബി(സ്വ)ക്ക് നൽകിയ ശേഷം കാൽക്കൽ വീണു ചുംബിച്ചു. നബി (സ) മദീനയുടെ ഭാഗത്തേക്ക് പോകാൻ നിർദ്ദേശിച്ചതായി ശൈഖുനക്ക് തോന്നി. ഉണർന്നയുടനെ ഉസ്താദിനോട് സമ്മതം വാങ്ങി മദീനയിലേക്ക് പുറപ്പെട്ടു.
ജീവിതകാലം മുഴുവൻ മുതഅല്ലിമും, മുദറ്റസുമായി മദീനയിൽ കഴിച്ചുകൂട്ടണമെന്ന തീരുമാനത്തോടെ അവിടെ പഠനം തുടങ്ങി.
ശൈഖുൽ അസ്ഹറായിരുന്ന യാസീൻബ്നു അഹ്മദുൽ ഖിയാരി (മ. 1340), അബുൽ അബ്ബാസ് അഹ്മദുൽ ശർഖിതി സയ്യിദ് അബ്ബാസ് മുഹമ്മദ് റിള് വാൻ, ശൈഖ് മുഹമ്മദ് തൗഫീ ഖുൽ അയ്യൂബി, പ്രശസ്ത ഗ്രന്ഥകാരൻ ശൈഖ് യൂസുഫ് ബിൻ
ഇസ്മാഈൽ നബ്ഹാനി (മ: 1350), ബദലുൽ മജ്ഹൂദിന്റെ കർത്താവ് ഹസ്രത്ത് ഖലീൽ അഹ്മദ് സഹാറൻപുരി തുടങ്ങിയ മഹാന്മാർ ശൈഖുനയുടെ മദീനയിലെ ഗുരുനാഥന്മാരിൽപ്പെടുന്നു. തസവ്വുഫിൽ അവഗാഹം നേടിയതും, ത്വരീഖത്ത് വാങ്ങിയതും ശൈഖ്
യാസീനിൽ നിന്നാണ്.
നാട്ടുകാരുടേയും വീട്ടുകാരുടേയും നിരന്തരമായ അഭ്യർത്ഥ നയനുസരിച്ച് അദ്ദേഹം നാട്ടിൽ വരാൻ തീരുമാനിച്ചു. കുറേ കിത്താ ബുകൾ മദീനാ പള്ളിയിൽ സൂക്ഷിക്കാനേൽപ്പിച്ച് ഉസ്താദുമാരിൽ നിന്നും ഇജാസത്തും, സനദും സ്വീകരിച്ച ശേഷം 1332-ൽ നാട്ടിലേക്ക് മടങ്ങി. സ്വന്തം നാടായ അരിപ്ര വേളൂർ ജുമാ മസ്ജിദിൽ ദർസ് ആരംഭിച്ചു. ഒരു വർഷം ദർസ് നടത്തിയശേഷം വെല്ലൂർ ബാഖിയാത്തിൽ ചേർന്നു. ബാനീ ഹസ്രത്ത് ശാഹ് അബ്ദുൽ വ ഹാബ് (മ: 1337), അബ്ദുൽ ജബ്ബാർ ഹസ്രത്ത് (മ. 1353), ശൈഖ് ആദം ഹ്രസത്ത് (മ: 1380), അബ്ദുറഹീം ഹ്രസത്ത് (മ: 1367) എന്നി വരുടെ ശിഷ്യത്വം സ്വീകരിച്ച് അവിടെ പഠിച്ചു. പ്രമുഖ പണ്ഡിതനായ
ശൈഖ് മുഹമ്മദ് അബ്ദുൽ അലി ഹനഫി (വെല്ലൂർ) ശൈഖുനയുടെ കൂട്ടുകാരനായിരുന്നു. സ്ഫുടമായി അറബി സംസാരി അറബി സംസാരിച്ചിരുന്ന ശൈഖുനയെ അവിടത്തെ ഉസ്താദുമാർ ഹാജി സാഹിബ് എന്നാണ് വിളിച്ചിരുന്നത്.അനവദ്യ വൈഭവത്തിന് പതിച്ചുനല്‍കിയ അംഗീകാരം പോലെ. പില്‍ക്കാലത്ത് നാട്ടിലും മൊയ്തീന്‍ ഹാജി എന്ന പേരിലറിയപ്പെട്ടു. ഒരല്‍പം ഭേദഗതിയോടെ അതുപിന്നെ അരിപ്ര മൊയ്തീന്‍ ഹാജി എന്നായി. ഒരു നാടിന്റെ തന്നെ പ്രതിനിധാനമായി... നാട്ടുകാരുടെ അഭിമാനമായി... ബാഖവി ബിരുദം നേടി തിരിച്ചെത്തിയ അദ്ദേഹം 1336-ൽ പാങ്ങിലും, പിന്നീട് 1339-ൽ കക്കൂത്തും ദർസ് നടത്തി. വീണ്ടും 1340-ൽ വേലൂരിലേക്ക് പുറപ്പെട്ടു. ഖിലാഫത്ത് സമരം ശക്തിപ്പെട്ട അക്കാലത്ത് ദർസ് നടത്താൻ കഴിയാ ത്തതിനാലും, നാട്ടിലെ അരാജകത്വത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ വേണ്ടിയുമാണ് ശൈഖുന വേലൂരിലെത്തിയത്. ശൈഖുനയുടെ അടുത്ത സുഹൃത്തും, ഉസ്താദിന്റെ മകനുമായ കട്ടിലശ്ശേരി മുഹമ്മദ് മുസ്ലിയാർ ഖിലാഫത്ത് നേതാവായിരുന്നു.
1342-ൽ വെല്ലൂരിൽ നിന്ന് തിരിക്കുമ്പോൾ കേരളമാകെ വെള്ള പ്പൊക്കവും, കടുത്ത ക്ഷാമവും വിശിഷ്യാ മലബാറിൽ കലാപത്തിന്റെ ഫലമായി സാമ്പത്തിക തകർച്ചയും അനുഭവപ്പെട്ടിരുന്നു. ബേപ്പൂരിൽ നിന്ന് ക്ഷണം കിട്ടിയപ്പോൾ അവിടെ ദർസ് തുടങ്ങി. ഒരു വർഷത്തിനുശേഷം മണ്ണാർക്കാട് ഖാൻ ബഹാദൂർ കല്ലടി മൊയ്തീൻകുട്ടി സാഹിബിന്റെ ക്ഷണപ്രകാരം മഅ്ദനുൽ ഉലൂമിൽ മുദരിസായി സ്ഥാനമേറ്റു.
1343 മുതല്‍ 49 വരെ അവിടെ തുടര്‍ന്നു ശേഷം മേല്‍മുറി പൊടിയാട്ടില്‍ (ആലത്തൂർപടി) ദര്‍സേറ്റെടുത്തു. 1350 ല്‍ വീണ്ടും മണ്ണാര്‍ക്കാട്ടേക്ക് തന്നെ തിരിച്ച്‌പോയി. 1352 മുതല്‍ 1354 വരെ തിരൂരങ്ങാടി നടുവിലെ പള്ളിയിലായിരുന്നു ദര്‍സ്.
ശേഷം നാട്ടിൽ തന്നെ ദർസ് തുടങ്ങി.1355-ൽ വീണ്ടും മണ്ണാർക്കാട്ടെത്തി. 1358-ൽ വീണ്ടും നാട്ടിലെത്തി. സയ്യിദ് ഇസ്മാ ഈൽ ബുഖാരി തങ്ങളുടെ ക്ഷണമനുസരിച്ച് പിന്നീട് വള്ളുവങ്ങാട്
ദർസ് നടത്തി. 1362-ലാണ് വള്ളുവങ്ങാട്ടെത്തിയത്.
1364-ൽ ഉണ്ണീൻകുട്ടി ഹാജിയുടെ ക്ഷണം സ്വീകരിച്ച് കരുവാരക്കുണ്ടിലെത്തി. 1376 വരെ അവിടെ തുടർന്നു. പിന്നീട് ഒരു വർഷം പൊന്നാനിയിലെ ജുമാമസ്ജിദിൽ പ്രശസ്തമായ ദർസ് നടത്തി. 1377-ൽ തലശ്ശേരിക്കടുത്ത് പുല്ലൂക്കരയിൽ ഒരു വർഷം പൂർത്തിയാക്കി നാട്ടിലെത്തിയ ശേഷമാണ് മരണപ്പെട്ടത്. ശൈഖുനയുടെ ദർസിൽ എക്കാലത്തും നിരവധി വിദ്യാർത്ഥികൾ വിജ്ഞാനം തേടിയെത്താറുണ്ടായിരുന്നു. കരുവാരക്കുണ്ട്, പെരിന്തൽമണ്ണ എന്നിവി ടങ്ങളിൽ ഖാളിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
സമസ്തയുടെ ആദ്യകാല തീരുമാനങ്ങളിൽ ശൈഖുന നിസ്സീമമായ പങ്കു വഹിച്ചിട്ടുണ്ട്.കാര്യവട്ടം മുശാവറയിലെ പതിനെട്ടാം നമ്പർ മെമ്പറായിരുന്നു മഹാൻ. വരക്കൽ മുല്ലക്കോയ തങ്ങൾ, പാങ്ങിൽ അഹ്മദ്കുട്ടി മുസ്ലിയാർ, അബ്ദുൽ ബാരി മുസ്ലിയാർ, അഹ്മദ്കോയ ശാലിയാത്തി, ഖുത്ബി മുഹമ്മദ് മുസ്ലിയാർ, കിട ങ്ങയം ഇബ്രാഹീം മുസ്ലിയാർ തുടങ്ങിയവരുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. ബിദ്അത്തുകാർക്കെതിരെ 1953-ൽ പെരിന്തൽമണ്ണയിൽ കേരളത്തിലെ പ്രമുഖരായ ആലിമീങ്ങൾ സമ്മേളിച്ച് വഹാബി, മൗദൂദി പ്രസ്ഥാനങ്ങളുമായി മതപരമായ വിഷയത്തിൽ പെരുമാറേണ്ടതിനെക്കുറിച്ച് പുറത്തിറക്കിയ പ്രസിദ്ധമായ "തർക്കുൽ മുവാലാത്ത് (ബന്ധവിച്ഛേദം) ഫത്വയിൽ ശൈഖുന ഒപ്പു വെച്ചിട്ടുണ്ട്. പ്രസിദ്ധമായ കാര്യവട്ടം സമ്മേളനത്തിൽ അദ്ദേഹം സജീവമായി രംഗത്തുണ്ടായിരുന്നു. മഹാന്മാരായ കണ്ണിയത്ത് അഹ്മദ് മുസ്ലിയാരും, ശംസുൽ ഉലമാ ഇ.കെ. അബൂബക്കർ മുസ്ലിയാരും(ന. മ.) അദ്ദേഹവുമായി ബന്ധം സ്ഥാപിക്കുകയും, അദ്ദേഹത്തിൽ നിന്ന് പുത്തൻ പ്രസ്ഥാനങ്ങളെ ഖണ്ഡിക്കുന്ന കിതാബുകൾ സ്വീകരിക്കുകയും ചെയ്തിരുന്നു. തന്റെ ഗുരു യൂസുഫുന്നബ്ഹാനി നൽകിയ "ശവാഹിദുൽ ഹഖ്', 'ദീവാനുന്നബ്ഹാനി' തുടങ്ങിയ അനേകം ഖണ്ഡന സമാഹാരങ്ങൾ അദ്ദേഹത്തിന്റെ വശമുണ്ടായിരുന്നു. മുഹമ്മദ്ബ്നു അബ്ദുൽ വഹാബിന്റെ തൗഹീദിനെ ഖണ്ഡിച്ചു കൊണ്ട് അദ്ദേഹം അറബിയിൽ ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ടെങ്കിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല.
ഗാംഭീര്യവും, കുലീനതയും സ്ഫുരിക്കുന്ന ശൈഖുന വളരെ വിനയാന്വിതനും, നിഷ്കളങ്കനുമായിരുന്നു. ദീനിന്റെ വിഷയങ്ങളിൽ വിട്ടുവീഴ്ച ചെയ്തിരുന്നില്ല. ബിദ്അത്തുകാരോട് കടുത്ത വിരോ ധമുണ്ടായിരുന്നു. തന്റെ വാദങ്ങൾ സ്ഥാപിക്കാനുള്ള കഴിവും, അഗാധമായ പാണ്ഡിത്യവും, അപാരമായ ഓർമ്മശക്തിയും അദ്ദേഹ ത്തിനുണ്ടായിരുന്നു. സമകാലിക പണ്ഡിതന്മാരിൽ ചിലർ ശൈഖുനയുടെ ഫത്വകളെ ആദ്യം എതിർക്കുകയും പിന്നീട് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.
അവരുടെ വാക്കിനും പ്രാർത്ഥനക്കും വലിയ ഫലം ഉണ്ടായിരുന്നു. അവിടുത്തെ ദർസിൽ പഠിക്കുന്ന കാലത്ത് കാപ്പ് മുഹമ്മദ് മുസ്ലിയാരുടെ പിതാവ് കാപ്പ് ഖാസിയായിരുന്ന കുഞ്ഞമ്മദ് മുസ്‌ലിയാർ മരണപ്പെട്ടു. ഒഴിവു വന്ന സ്ഥാനത്തേക്ക് മകനെ ഖാസിയാക്കാൻ നാട്ടുകാർ തീരുമാനിച്ചു. സ്ഥാനം ഏറ്റെടുക്കൽ നിർബന്ധിതമായ ഘട്ടം വന്നപ്പോൾ ഗുരുവുമായി കൂടിയാലോചന നടത്തി ഒരു തീരുമാനത്തിലെത്താൻ ആഗ്രഹിച്ചു. വിഷയങ്ങൾ മുഴുവൻ ഉസ്താദിനെ കേൾപ്പിച്ചു. നീ പോയി ദറസ് നടത്തിക്കോ എന്ന് പറഞ്ഞ് മഹാനവർകൾ തൻ്റെ പ്രിയ ശിഷ്യനെ യാത്രയാക്കി. ആ വാക്ക് വലിയൊരു ശക്തിയും മുതൽ കൂട്ടുമായി മുഹമ്മദ് മുസ്ലിയാർക്ക്. അതൊരു വലിയ അംഗീകാരമായി അവർ കണ്ടു. പഠിച്ചതും പഠിക്കാത്തതുമായ വലിയ കിതാബുകൾ ഓതി കൊടുക്കാനും എളുപ്പമുള്ളതും പ്രയാസമുള്ളതുമായ സംശയങ്ങൾക്ക് അനായാസം മറുപടി പറയാനും അവർക്കായി. കണ്യാല മൗല അനുസ്മരിക്കാറുള്ള ഒരു സംഭവം കൂടിയാണിത്.
അനേകം പണ്ഡിത പ്രതിഭകളെ വാർത്തെടുക്കാൻ നാലു പതിറ്റാണ്ടുകാലത്തെ വിജ്ഞാന പ്രചരണത്തിനിടക്ക് ശൈഖുനക്ക് കഴിഞ്ഞു. മർഹും ശൈഖ് ഹസ്സൻ മുസ്ലിയാർ, കരിങ്കപ്പാറ മുഹ മ്മദ് മുസ്ലിയാർ, ഏലംകുളം കുരിക്കൾ മൂസ മുസ്ലിയാർ, കെ.ടി. മാനു മുസ്ലിയാർ, കാപ്പ് ഖാളിയായിരുന്ന മുഹമ്മദ് മുസ്ലിയാർ, ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാർ, എ.വി. മാനുപ്പ മുസ്ലിയാർ അലനല്ലൂർ, മർഹും കെ.പി. മുഹമ്മദ് മുസ്ലിയാർ കരിങ്ങനാട്, കുഞ്ഞിപ്പു മുസ്ലിയാർ കുമരംപുത്തൂർ തുടങ്ങിയവർ ശൈഖുനയുടെ ശിഷ്യന്മാരിൽ ചിലരാണ്.നാലു മദ്ഹബിലും ഫത്വ നൽകിയിരുന്ന അദ്ദേഹം വിവിധ ത്വരീഖത്തുകളിൽ ഇജാസത്ത് നേടിയിരുന്നു. സയ്യിദ് അലവി അഹ്മദ് മാലികിയിൽ നിന്ന് മക്കയിൽ വെച്ച് ഖാദിരി ത്വരീഖത്ത് സ്വീകരിച്ചു. മദീനയിലെ സയ്യിദ് മുഹമ്മദ് മൻസൂർ ഹസനിയിൽ നിന്ന് രിഫാഈ ത്വരീഖത്ത് നേടി. ശൈഖ് അബ്ദുൽ അബ്ബാസ് അഹ്മദ് ബിൻ ശംസുദ്ദീൻ മക്കി, സയ്യിദ് മുഹമ്മദ് ബിൻ അബ്ദുല്ലാ ബാ ഹസൻ കൊയിലാണ്ടി (മ. 1350) തുടങ്ങിയവരിൽ നിന്നും അദ്ദേഹം ഇജാസത്തും, ത്വരീഖത്തും സ്വീകരിച്ചിട്ടുണ്ട്.
1335-ലാണ് വിവാഹിതനായത്. പനങ്ങാങ്ങര മണ്ണാംതൊടി മൊയ്തുണ്ണിയുടെ പുത്രി ഫാത്വിമയായിരുന്നു പത്നി. നാല് ആൺകുട്ടികളും, മൂന്നു പെൺകുട്ടികളും അവരിലുണ്ടായി. മുഹമ്മദ് മുസ്ലിയാർ, മുഹമ്മദ് സഈദ് മുസ്ലിയാർ, അബുൽ ഫൈള് അബ്ദുറഹീം മുസ്ലിയാർ, അബ്ദുൽ ഖാദർ മുസ്ലിയാർ എന്നീ പുത്രന്മാരെല്ലാം പിതാവിന്റെ പാത പന്തുടർന്ന് വിജ്ഞാന സേവന രംഗത്ത് തുടർന്നു. ഇവരിൽ മുഹമ്മദ് മുസ്ലിയാരും, സഈദ് മുസ്ലി യാരും പിതാവിൽ നിന്ന് പഠിച്ച് ബാഖവി ബിരുദം നേടിയവര ണ്. മർഹൂം സി.കെ. അബ്ദുറഹ്മാൻ മുസ്ലിയാർ, പൊന്നങ്ങാതൊടി കുഞ്ഞാൻ ഹാജി,അലനല്ലൂർ മാനുപ്പ മുസ്ലിയാർ എന്നിവർ ജാമാതാക്കളാണ്. എം.ടി. അബ്ദുള്ള മുസ്ലിയാർ ഭാര്യാസഹോദരപുത്രനാണ്. സമസ്ത മുശാവറ മെംബറും
ആലത്തൂർപടി മുദരിസുമായ
അബ്ദുറഹ്മാൻ ഫൈസി പേരമകനാണ്.
ഹി. 1377 ശവ്വാൽ 24-ന് (1958 മെയ് ) ആ മഹാനുഭാവൻ ഇഹലോകവാസം വെടിഞ്ഞു. അരിപ്ര വേളൂർ പള്ളി പരിസരത്ത് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നു.സമസ്തക്കും സമുദായത്തിനും വലിയ മുതൽക്കൂട്ട് ബാക്കിവച്ചാണ് അവർ അല്ലാഹുവിലേക്ക് യാത്ര പോയത്.ശൈഖുനാ അരിപ്ര മൊയ്തീൻ ഹാജിയുടെ ജിവിതവും സന്ദേശവും ഉൾക്കോള്ളുന്ന ഒരു അറബി ഗ്രന്ധം 2014 ൽ വിരചിതമായിട്ടുണ്ട്.
ശൈഖുനയുടെ പൗത്രനായ ഉസ്താദ് സി.കെ അബ്ദുറഹ്മാൻ ഫൈസി അരിപ്രയാണ് ഈ ഗ്രന്ധം രചിച്ചത്.
ശൈഖുനയുടെ ജനനം,കുടുംബം,ജീവിതം,പഠനം,അധ്യാപനം,നിലപാടുകൾ,യാത്രകൾ,സ്മൃതികൾ,ഉസ്താദുമാർ,ശിഷ്യന്മാർ,വഫാത്ത് തുടങ്ങി നിരവധി കാര്യങ്ങൾ അനാവരണം ചെയ്യുന്ന ബൃഹത്തായ ഗ്രന്ധം പുറത്തിറക്കിയത് ആലത്തൂർപടി ദർസ് വിദ്യാർത്ഥി സംഘടനയാണ്.
ഓതാം ആ ഹള്റത്തിലേക്കൊരു
ഫാതിഹ
#അൽ_ഫാതിഹ
നാഥൻ ശൈഖുനയോടൊത്ത് ജന്നത്തിൽ ഒരുമിപ്പിക്കട്ടെ!
#ആമീൻ
ദുആ വസ്വിയ്യത്തോടെ
കെ ടി #അജ്മൽ_പാണ്ടിക്കാട്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ