പ്രിയങ്കരനായ കാളാവ് സൈദലവി മുസ്ല്യാർ | അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി


 


പ്രിയങ്കരനായ സൈദലവി മുസ്ല്യാർ

--------------
ഒരു മുപ്പതുകൊല്ലം പിന്നിലേക്ക് ചെന്ന് സൈദലവി മുസ്ല്യാരെ ഓർക്കുകയാണ്:

 ഒരു പച്ച മനുഷ്യൻ.. ഇത്ര നിഷ്ക്കളങ്കനായ ഒരാളെ അന്ന് കാണാൻ കിട്ടിയിരുന്നില്ല.
നമുക്ക് പലരുടെയും സിദ്ധികളിൽ അത്ഭുതം തോന്നാറുണ്ട്. ആ അത്ഭുതം പ്രചോദനമായി നമ്മളെ മാറ്റിയെടുക്കാറുണ്ട്. പക്ഷെ സൈദലവി മുസ്ല്യാരുടെ സ്വഭാവശുദ്ധി അത്ഭുതസിദ്ധിയാണ്. അത് നമുക്ക് അങ്ങനെയങ്ങ് പകർന്നെടുക്കുക എളുപ്പമല്ല. അത്രമേൽ മനോഹരവും  ഹൃദ്യവും പൂർണ്ണതയുള്ളതുമായിരുന്നു അത്. 

നീണ്ട കൂട്ടുജീവിതത്തിൽ ഒരിക്കലെങ്കിലും ആരോടെങ്കിലും സൈദലവി മുസ്ല്യാർ കയർക്കുന്നതും പിണങ്ങുന്നതും കണ്ടിട്ടില്ല. എന്നാൽ അദ്ദേഹത്തിന് ഏതുകാര്യത്തിലും നിലപാടുണ്ടായിരുന്നു; നിലപാടിൽ നിലകൊള്ളുമായിരുന്നു. അത്ഭുതം! പറ്റാത്തത് കണ്ടാൽ ഏറെ സ്നേഹം ദ്യോതിപ്പിക്കുന്ന സംബോധനയിൽ തുടങ്ങി  ഭാവി വിജയത്തിന്റെ വഴികൾ ഉള്ളിൽ തട്ടി പറഞ്ഞുതരും.
 
അബൂദബി സുന്നി സ്റ്റുഡന്റ്സ് സെന്റർ (ഇപ്പോൾ പേരിൽ ചെറിയ മാറ്റമുണ്ടെന്ന് തോന്നുന്നു) പിളർപ്പിന്റെ ശക്തികളുടെ ശല്യത്തിൽ പെട്ടപ്പോൾ സൈദലവി മുസ്ല്യാരുടെ സർവ്വസ്വീകാര്യമായ വ്യക്തിത്വത്തിന്റെയും തച്ചറക്കൽ ഇബ്രാഹീം ഹാജിയുടെ പ്രഭാവത്തിന്റേയും ബലത്തിലാണ് ശരിയുടെ തീരത്ത് അണഞ്ഞത്. 

ഞങ്ങളൊക്കെ പട്ടാളക്കാരായിരുന്നു. വെള്ളപ്പട്ടാളം. (മുസ്ല്യാന്മാർക്ക് കാക്കിക്കുപ്പായം നിർബന്ധമായിരുന്നില്ല) കൂടുതൽ സംസാരിക്കാത്ത സൈദലവി മുസ്ല്യാരെ ഉന്നതോദ്യോഗസ്ഥന്മാർക്കൊക്കെ വലിയ ഇഷ്ടമായിരുന്നു. അദ്ദേഹത്തെ മുന്നിൽ നിറുത്തിയാൽ പറ്റാവുന്ന പലതും നേടിയെടുക്കാമായിരുന്നു. പട്ടാളപ്പണി (ഇമാമത്ത്) കഴിഞ്ഞാൽ ഉടൻ പുറത്ത് ചാടും. ഉമ്മത്തിന് വേണ്ടി 'മണ്ടിപ്പായാൻ'. എപ്പോഴും ചെലവുകൾ അദ്ദേഹം സ്വന്തമായാണ് വഹിക്കുക (വാഹനം, ഭക്ഷണം...). 

ഒരിക്കൽ ഞങ്ങൾ ഗെയ്റ്റിലെത്തിയപ്പോൾ 'ജുമുഅ'യുടെ ബാങ്ക് വിളിച്ചു. ഞങ്ങൾ 'ആൽ നഹ്‌യാൻ' പള്ളിയിൽ തിരിച്ചുചെന്നു. ജുമുഅ കഴിഞ്ഞപ്പോൾ ഷെയ്ഖ് അബ്ദുൽ മുബ്‌ദി (ഈജിപ്ഷ്യൻ) ചോദിച്ചു: എന്താ ഇവിടെ? സൈദലവി മുസ്ല്യാർ പറഞ്ഞു: ഷെയ്‌ഖിന്റെ പ്രസംഗം കേട്ടിട്ട് കുറേയായി... അത് കേൾക്കാൻ വന്നതാ..! സ്നേഹം കൊടുക്കാനും വാങ്ങാനും വലിയ കഴിവുണ്ടായിരുന്നു അദ്ദേഹത്തിന്. 

പൊതുപ്രവർത്തനം സൈദലവി മുസ്ല്യാർക്ക് അല്ലാഹുവിന്റെ പടപ്പുകളോടും തുടർന്ന് അല്ലാഹുവിനോടും അടുക്കാനുള്ള വഴിയായിരുന്നു. ഒരിക്കലും ദുനിയാവുണ്ടാക്കാനുള്ള മാർഗ്ഗമായിരുന്നില്ല. അബൂദബിയിൽ സുന്നത്ത് ജമാഅത്തിന് വേണ്ടി അദ്ദേഹം മുന്നിൽ ഓടി നടന്നു. ഏറെ പണവും എനർജിയും ചെലവാക്കി. അരക്കാശ് പ്രതിഫലം പറ്റിയില്ല. 

കാളികാവിൽ വാഫി കാമ്പസ് വരാൻ അദ്ദേഹം വലിയ പിന്തുണ നൽകി. എല്ലാവരെയും പിന്തുണക്കാരാക്കി മാറ്റുകയല്ല! ബാപ്പു ഹാജി 15 ഏക്കർ ഭൂമി തരാൻ തീരുമാനിക്കുമ്പോൾ അറിഞ്ഞിടത്തോളം അവസാനം സമ്മതം ചോദിച്ചത് സൈദലവി മുസ്ല്യാരോടാണ്. ബാപ്പു ഹാജി തന്നെ അക്കാര്യം പറഞ്ഞിട്ടുണ്ട്. ഏറ്റെടുത്തത് നടപ്പാക്കുമെന്ന് വ്യക്തിബന്ധം മുൻനിറുത്തി അദ്ദേഹം ബാപ്പുഹാജിയെ ബോധ്യപ്പെടുത്തിയിട്ടുണ്ടായിരുന്നു. മരിക്കുന്നതിന് മുമ്പ് ഒരു ഓലഷെഡ്ഡെങ്കിലും ഉയർന്ന്കാണണം എന്ന് ബാപ്പുഹാജി പറയുമായിരുന്നു. 6 മാസത്തിനകം വലിയ കെട്ടിടം തന്നെ അദ്ദേഹത്തിന് കാണാനായി. 

28 വർഷ മർക്കസ് ജീവിതത്തിൽ എന്നും ഉള്ളിൽ തണലും പിന്തുണയുമായി സൈദലവി മുസ്ല്യാരുണ്ടായിരുന്നു.അവസാന സമയത്തും. ഞങ്ങളുടെ സ്നേഹം ഉറച്ചതായിരുന്നു. എപ്പോഴും കാണണം പറയണം എന്നൊന്നുമുണ്ടായിരുന്നില്ല. അവകാശപ്പെട്ട സ്വന്തം സ്നേഹം! പക്ഷെ അതിങ്ങനെ പെട്ടന്ന് ബാഹ്യാവസാനത്തിലെത്തുമെന്ന് കരുതിയില്ല. വേദന. വല്ലാത്ത വേദന. അല്ലാഹുവേ നീ ഞങ്ങളുടെ സൈദലവി മുസ്ല്യാരെ മുത്തുനബി (സ) യുടെ ചാരത്തുവച്ച് കണ്ടുമുട്ടാൻ തൗഫീഖ് തരണേ.. (അവിടെ വൈറസുകളുണ്ടാകില്ലല്ലോ..) ആമീൻ..

അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി
(വാഫി - വഫിയ്യ കോർഡിനേറ്റർ)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only

Start typing and press Enter to search