പാതിരമണ്ണ മാനു മുസ്‌ലിയാർ | pathiramanna Manu Musliyar


പാതിരമണ്ണ_മാനു_മുസ്‌ലിയാർ;#ഭാഗ്യവാനായ_സൂഫീവര്യൻ

  #പാതിരമണ്ണയിലെ പൗരപ്രമുഖനായ
കോലക്കണ്ണി സുബൈർ ഹാജിയുടെ വീട്ടിൽ വന്നതായിരുന്നു സി.എം വലിയുല്ലാഹ്...... 1978 കാലഘട്ടമായിരുന്നുവത്....  
മാനു മുസ്ലിയാർ  അവിടെ ചെന്നു.....
വലിയുല്ലാഹിയെ വീട്ടിലേക്ക് ക്ഷണിച്ചു.... മഹാൻ ക്ഷണം സ്വീകരിച്ചു....
സൂഫിവര്യനും മാനു  മുസ്ലിയാരുടെ പിതാവുമായിരുന്ന പാതിരമണ്ണ കുഞ്ഞീൻ മുസ്ലിയാർ ആരാധനയിൽ കഴിഞ്ഞു കൂടുന്നതിനായി വീടിനോട് ചേർന്ന് നിർമ്മിച്ച പള്ളിയിലേക്ക് അവരെ കൂട്ടിക്കൊണ്ടുപോയി...... 
സി എം വന്നതറിഞ്ഞ് പലരും തറവാട്ടിലെത്തി........ 
പള്ളിക്ക് ചുറ്റും കൂടി......
ചായയും ബിസ്കറ്റും നൽകി മഹാനവർകളെ മാനു  മുസ്ലിയാർ സ്വീകരിച്ചു......
 ബിസ്ക്കറ്റ് പാക്കറ്റ് കൈയ്യിൽ വാങ്ങിയ വലിയുള്ളാഹി അവിടെ കൂടിയവർക്കിടയിൽ വീതിച്ചു നൽകി. ....
പല സംസാരങ്ങൾ നടക്കുന്നതിനിടയിൽ മാനു  മുസ്ലിയാർ മടവൂരോരോട് പറഞ്ഞു:
'എനിക്ക് ഒരു ഹജ്ജുകൂടി ചെയ്യണമെന്നുണ്ട്; ദുആ ചെയ്യണം.'
മുമ്പു  രണ്ട് ഹജ്ജ് ചെയ്തിട്ടുണ്ടായിരുന്നു.
"നിങ്ങൾക്ക് ഒരു ഹജ്ജല്ല; കുറേ ഹജ്ജ് ചെയ്യാനുള്ള തൗഫീഖ് ഉണ്ടല്ലോ"  വലിയുല്ലാഹിയുടെ വാക്കുകൾ പകൽ വെളിച്ചം പോലെ പുലർന്നു....
അതിനുശേഷം മാനു മുസ്ലിയാർ ചെയ്തത് പതിനെട്ട് ഹജ്ജുകളാണ്...കൂടെ എണ്ണമറ്റ ഉംറകളും.... 
1933-ല്‍ പെരിന്തല്‍മണ്ണ താലൂക്കില്‍ പുഴക്കാട്ടിരി പഞ്ചായത്തിലെ പാതിരമണ്ണയില്‍ വിശാരത്തൊടി കുഞ്ഞീദു മുസ്‌ലിയാരുടെയും മടത്തൊടി യൂസുഫ് മുസ്‌ലിയാരുടെ മകള്‍ ആഇശയുടെയും മകനായാണ് ജനനം..... 
യഥാര്‍ത്ഥ നാമം മുഹമ്മദ് കുഞ്ഞീന്‍ എന്നാണ്...... 
അരിപ്ര വേളൂര്‍ ദര്‍സില്‍ ഇമ്പിച്ചി മുസ്‌ലിയാരുടെയും ചെമ്മങ്കടവില്‍ അബ്ദുറഹ്മാന്‍ ഫദ്ഫരിയുടെയും കീഴില്‍ പഠനം നടത്തി. പഠനാനന്തരം പുഴക്കാട്ടിരി ജുമാമസ്ജിദില്‍ ഖത്വീബും മുദരിസുമായും പാതിരമണ്ണ ഹിദായതുസ്വിബ്‌യാന്‍ മദ്‌റസയില്‍ സ്വദര്‍ മുഅല്ലിമായും സേവനം ചെയ്തു.... സൂഫീ ജിവിതം നയിച്ചിരുന്ന അദ്ദേഹം ഹജ്ജ്, ഉംറ, മറ്റു തീര്‍ത്ഥാടനങ്ങളില്‍ കൂടുതല്‍ താല്‍പര്യം കാണിച്ചു....1978-ല്‍ സഊദിയിലെത്തിയ അദ്ദേഹം ഇരുപത് വര്‍ഷത്തോളം മക്കയിലും മദീനയിലുമായി ചിലവഴിച്ചു...... 
ഹറമിലും പരിസരത്തും നടക്കുന്ന ആത്മീയ-വൈജ്ഞാനിക ചടങ്ങുകളില്‍ സജീവ സാന്നിധ്യമായിരുന്നു..... 
മക്കയില്‍ മലയാളികളുടെ ക്ഷേമകാര്യങ്ങള്‍ക്കുവേണ്ടിയ പ്രവര്‍ത്തിക്കുകയും ചെയ്തു.....
ഭാഗ്യം ചെയ്ത മഹാനായിരുന്നു മാനു മുസ്ലിയാർ..... ഐഹിക സൗന്ദര്യങ്ങളെന്ന് അല്ലാഹു പരിചയപ്പെടുത്തിയ മക്കളും സമ്പത്തും വേണ്ടപോലെ ഉള്ള ഒരാൾ.....  മതബിരുദമുള്ള എട്ട് ആൺമക്കളുടെയും നാല് മരുമക്കളുടെയും പിതാവ്....വലിയ ഭൂസ്വത്തുക്കളുടെ ഉടമ....
 ഇരുപത് ഹജ്ജുകൾ നിർവഹിക്കാനും പതിനെട്ടുവർഷം മസ്ജിദുൽ ഹറാമിൽ അസർ മുതൽ ഇശാ വരെ ഇഅ്തികാഫിരുന്ന് ആരാധനാ നിമഗ്നനായി കഴിഞ്ഞുകൂടാനും 
മദീന മുനവ്വറയിൽ പരിശുദ്ധ റൗളക്ക് ചുറ്റും, വഹ്‌യ് ഇറങ്ങിയ സ്ഥലത്തും, ഭൂമിയിലെ സ്വർഗമെന്ന് പുണ്യ റസൂൽ വിശേഷിപ്പിച്ചിടത്തിലും തുടങ്ങി നിരവധി പവിത്ര സ്ഥലങ്ങളിൽ ഒരുപാടുകാലം സേവനം ചെയ്യാനും ഭാഗ്യം ലഭിച്ചവർ....
അരിപ്ര ഖാസിയായിരുന്ന ചൂരിപ്പുറത്ത് ഉണ്ണീന്‍കുട്ടി മുസ്‌ലിയാരുടെ പുത്രി ആമിനയാണ് ഭാര്യ.... മാനു മുസ്‌ലിയാരുടെ കുടുംബത്തില്‍ കേരളത്തിലെ തലയെടുപ്പുള്ള പ്രഗത്ഭരായ പണ്ഡിതരെ കാണാം...
അവർ സമസ്തയെ സ്നേഹിച്ചു.സമസ്തയുടെ വേദികളിൽ നിറഞ്ഞുനിന്നു... മക്കളെ സമസ്തയുടെ സേവകരാക്കി.....
ജാമിഅ നൂരിയ്യ പ്രൊഫസർ ശൈഖുന അബ്ദുല്ലത്വീഫ് ഫൈസി(ബാപ്പു ഉസ്താദ്), ബശീര്‍ ഫൈസി, അബ്ദുറഹ്മാന്‍ ഫൈസി, സ്വാലിഹ് ഫൈസി, സലീം ഫൈസി, അന്‍വര്‍ ഫൈസി, അബ്ദുല്‍ മജീദ് ദാരിമി, അസ്‌ലം അന്‍വരി എന്നിവര്‍ മക്കളും എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, അബ്ദുല്‍ ജബ്ബാര്‍ ഫൈസി, പുത്തനഴി മൊയ്തീന്‍ ഫൈസി, അബ്ദുല്‍ കരീം ബാഖവി ഇരിങ്ങാട്ടിരി എന്നിവര്‍ ജാമാതാക്കളുമാണ്.
ജീവിതത്തിൻ്റെ സായംസന്ധ്യയിൽ പ്രവാസം നിർത്തി വീട്ടുവളപ്പിലെ പള്ളിയിൽ ആരാധനയുമായി കഴിഞ്ഞുകൂടിയ ആ മഹാനുഭാവൻ വിശ്രമജീവിതം നയിക്കുന്നതിനിടയിൽ വീണ്ടും പരിശുദ്ധ ഉംറ നിർവഹിക്കാൻ മക്കയിലെത്തി.... ഒരു ഉംറ പരിപൂർണ്ണമായി നിർവഹിച്ചു..... പിന്നെ ജിഅ്റാനയിൽ പോയി ഇഹ്റാം ചെയ്തു വന്നു.... ത്വാവാഫു കഴിഞ്ഞ് സഅയ് ചെയ്യുന്നതിന്  സഫയിലെത്തി... 
 "ഞാൻ ഒന്ന് വിശ്രമിക്കട്ടെ, നിങ്ങൾ സഅയ് ചെയ്തോളൂ."  കൂടെയുള്ളവരോട് പറഞ്ഞു....
കൂടെയുള്ളവർ മർവയിൽ പോയി തിരിച്ചു സഫയിൽ എത്തുമ്പോൾ അല്ലാഹുവിൻ്റെ അലംഘനീയമായ വിധിക്ക് ഉത്തരം നൽകി പുഞ്ചിരി തൂകി കിടക്കുന്ന മാനു ഹാജിയെയാണ് അവർ കണ്ടത്.2011 മാര്‍ച്ച് 12-നായിരുന്നുവത്....  ജന്നത്തുല്‍ മുഅല്ലായില്‍ 32-ാം ബ്ലോക്കിലാണ് അന്ത്യവിശ്രമം.
നാഥൻ അവരോടൊത്ത് ജന്നത്തിൽ ഒരുമിപ്പിക്കട്ടെ! 

#ആമീൻ!

ഓതാം ആ ഹള്റത്തിലേക്കൊരു 
ഫാതിഹ

#അൽഫാതിഹ

ദുആ വസ്വിയത്തോടെ

കെ ടി #അജ്മൽ_പാണ്ടിക്കാട്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only

Start typing and press Enter to search