കോഴിക്കോട് :സിഐസിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ യോഗങ്ങളില്‍ കൈക്കൊണ്ട തീരുമാനങ്ങളില്‍ മാറ്റമില്ലെന്ന് കോഴിക്കോട് സമസ്ത കാര്യാലയത്തില്‍ ചേര്‍ന്ന മുശാവറ യോഗം ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു. പൊതുസമൂഹത്തിന്റെ നന്മക്കും പരിശുദ്ധ അഹ്ലു സ്സുന്നത്തി വല്‍ ജമാഅത്തിന്റെ വിശ്വാസ ആചാര അനുഷ്ഠാനങ്ങളുടെ സംരക്ഷണത്തിനും ബിദഈ കക്ഷികളുടെയും യുക്തിവാദികള്‍ തുടങ്ങി മറ്റു വഴിപിഴച്ച പ്രസ്ഥാനക്കാരുടെയും അബദ്ധങ്ങള്‍ തുറന്നുകാട്ടുന്നതിനും അത്തരം കാര്യങ്ങള്‍ നിയമത്തിനും ശരീഅത്തിനും അനുസൃതമായി പ്രതിരോധിക്കുന്നതിനും വേണ്ടി നിലനിന്നു പോരുന്ന പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ.
സമസ്തയുടെ ഏതു തീരുമാനങ്ങളും ആവശ്യമായ പഠനങ്ങളും ചര്‍ച്ചകളും നടത്തിയ ശേഷമാണ് എടുക്കാറുള്ളത്. ബിദ്ഈ പ്രസ്ഥാനക്കാരെ സംബന്ധിച്ചും പിഴച്ച ത്വരീഖത്തുകളെ സംബന്ധിച്ചും എല്ലാം ഇങ്ങനെ തന്നെയാണ് തീരുമാനങ്ങള്‍ എടുത്തിട്ടുള്ളത്. അബ്ദുല്‍ ഹക്കീം ഫൈസി ആദര്‍ശേരിയെ സംബന്ധിച്ച് അദ്ദേഹത്തിന്റെ ലേഖനങ്ങള്‍, പ്രസംഗങ്ങള്‍, ക്ലാസുകള്‍, അദ്ദേഹം നേതൃത്വം നല്‍കുന്നതോ പങ്കാളിത്തം വഹിക്കുന്നതോ ആയ സ്ഥാപനങ്ങളിലെ ലൈബ്രറികള്‍, സിലബസ് തുടങ്ങിയവ പരിശോധിച്ചപ്പോള്‍ അബ്ദുല്‍ ഹകീം ഫൈസിയുടെ ആദര്‍ശ നിലപാടുകളില്‍ വിധവ ചിന്തകള്‍ കടന്നുകൂടിയിട്ടുണ്ടെന്ന് സമസ്തക്ക് ബോധ്യമായി.അക്കാരണത്താലാണ് 1 .4. 2023ന് ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ യോഗം അബ്ദുല്‍ ഹക്കീം ഫൈസി ആദര്‍ശേരി നേതൃത്വം നല്‍കുന്നതോ അദ്ദേഹത്തിന് പങ്കാളിത്തം ഉള്ളതോ ആയ വിദ്യാഭ്യാസ സംവിധാനങ്ങളുമായി സമസ്തക്ക് ബന്ധമില്ലെന്ന് പ്രഖ്യാപിച്ചത്. സമസ്ത ഈ തീരുമാനം പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിലാണ് സി.ഐ.സിയുമായി ബന്ധപ്പെട്ട പല സ്ഥാപന മാനേജ്‌മെന്റുകളും അബ്ദുല്‍ ഹകീം ഫൈസിയുടെ നേതൃത്വത്തില്‍ നിന്ന് പിന്മാറുകയും സമസ്തയെ സമീപിക്കുകയും അവര്‍ക്ക് ബദല്‍ സംവിധാനം ഏര്‍പ്പെടുത്തി കൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷിക പദ്ധതിയില്‍പ്പെട്ട ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സമസ്ത നാഷണല്‍ എജുക്കേഷന്‍ കൗണ്‍സിലിന് രൂപം നല്‍കുകയും പരിശുദ്ധ അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ മുറുകെപ്പിടിച്ച് ഏറ്റവും നല്ല നിലവാരത്തില്‍ മത ഭൗതിക വിദ്യാഭ്യാസ സംവിധാനം ഏര്‍പ്പെടുത്തിയത് സ്ഥാപനങ്ങള്‍ക്കും രക്ഷിതാക്കള്‍ക്കും തണലേകയും ചെയ്തിട്ടുണ്ട്. ഇതിനിടയില്‍ സമൂഹത്തില്‍ പലവിധ തെറ്റിദ്ധാരണകളും പരത്തി പലതരത്തിലുള്ള ഭിന്നിപ്പുകളും ഉണ്ടാക്കാന്‍ ചിലരുടെ ഭാഗത്തുനിന്നും ശ്രമങ്ങള്‍ തുടങ്ങി. ചില വാര്‍ത്താമാധ്യമങ്ങളും ചില ചാനലുകളും അതില്‍ പങ്കുചേരുകയും സോഷ്യല്‍ മീഡിയ അതിനു വേണ്ടി ചിലര്‍ ദുരുപയോഗം ചെയ്യുകയും ഉണ്ടായി. ഈ സാഹചര്യത്തില്‍ സമസ്തയുടെയും മുസ്ലിംലീഗിന്റെയും നേതാക്കള്‍ പല പ്രാവശ്യം യോഗം ചേര്‍ന്ന് പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഏതാനും തീരുമാനങ്ങള്‍ കൈകൊള്ളുകയുണ്ടായി. സമസ്തയെ സംബന്ധിച്ചിടത്തോളം മേല്‍ തീരുമാനങ്ങളില്‍ സമസ്ത ഉറച്ചു നില്‍ക്കുകയാണ്. സമസ്തയുടെ നിലപാടുകള്‍ക്കോ തീരുമാനങ്ങള്‍ക്കോ യാതൊരുവിധ മാറ്റവും വരുത്താതെ സമൂഹത്തെ പരമാവധി ഒന്നിച്ചു നിര്‍ത്താന്‍ സമസ്ത പരിശ്രമിക്കുന്നതാണ്. സമസ്തയുടെ പ്രവര്‍ത്തകരോ പ്രസ്ഥാനബന്ധുക്കളോ ആയ അനാവശ്യ ചര്‍ച്ചകളിലോ തെറ്റിദ്ധാരണകളിലോ അകപ്പെട്ടു പോകരുതെന്ന് പ്രത്യേകം ഉണര്‍ത്തുന്നതായും യോഗം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറയുടെ തീരുമാനപ്രകാരം നടന്ന ജില്ലാ ഉലമാസമ്മേളനം വന്‍വിജയമായിരുന്നു എന്ന് യോഗം വിലയിരുത്തി. ബാക്കി ജില്ലകളില്‍ നടക്കുന്ന ഉലമാ സമ്മേളനങ്ങളുടെ തീയതിയും പ്രഖ്യാപിച്ചു. പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, പി.പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട്, യു എം അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, കോട്ടുമല മൊയ്തീന്‍കുട്ടി മുസ്ലിയാര്‍, എം.പി കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍, കെ. ഉമര്‍ ഫൈസി മുക്കം, എ വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, വി മൂസക്കോയ മുസ്ലിയാര്‍, പി കെ മൂസക്കുട്ടി ഹസ്രത്ത്, കെ. ഹൈദര്‍ ഫൈസി പനങ്ങാങ്ങര, എം. മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ വാക്കോട്, ഡോ. സി.കെ.മുഹമ്മദ് അബ്ദുറഹ്മാന്‍ ഫൈസി അരിപ്ര, കെ.കെ.പി അബ്ദുല്ല മുസ്‌ലിയാര്‍, ഇ എസ് ഹസ്സന്‍ ഫൈസി, പി കെ ഹംസക്കുട്ടി മുസ്‌ലിയാര്‍ ആദര്‍ശേരി, ഐബി ഉസ്മാന്‍ ഫൈസി, എം.എം അബ്ദുല്ല ഫൈസി, എം പി മുസ്തഫല്‍ ഫൈസി, ബി കെ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ ബംബ്രാണ, മാഹിന്‍ മുസ്ലിയാര്‍ തൊട്ടി, പി എം അബ്ദുസ്സലാം ബാഖവി , എം പി അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ പൈങ്കണ്ണിയൂര്‍ , ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, സി കെ സൈദാലിക്കുട്ടി ഫൈസി , അസ്‌കര്‍ അലി ഫൈസി പട്ടിക്കാട്, കെ എം ഉസ്മാന്‍ ഫൈസി തോടാര്‍, അബൂബക്കര്‍ ദാരിമി ഒളവണ്ണ, എന്‍ അബ്ദുല്ല മുസ്‌ലിയാര്‍ ,അബ്ദുസ്സലാം ദാരിമി ആലംപാടി ചര്‍ച്ചയില്‍ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ