സൽക്കർമങ്ങൾക്കായി ദുൽ ഹിജ്ജയിലെ 10 ദിനങ്ങൾ

ഡോ. മൻസൂർ ഹുദവി പതിരമണ്ണ

ഹജ്ജിൻ്റെ മാസം/ഹജ്ജ് ഉൾപെടുന്ന മാസം എന്ന അർഥം വരുന്ന ദുൽ ഹജ്ജ് മാസത്തിലേക്ക് ലോക മുസ്ലിംകൾ പ്രവേശിച്ചിരിക്കുകയാണ്.
ചില സമയങ്ങൾ/സ്ഥലങ്ങൾ/വ്യക്തികൾ/കാലങ്ങൾ/ദിവസങ്ങൾ എന്നിവക്ക് മറ്റു സമയങ്ങൾ/സ്ഥലങ്ങൾ/വ്യക്തികൾ/കാലങ്ങൾ/ദിവസങ്ങൾ എന്നിവയെക്കാൾ പ്രാധാന്യം കല്പിക്കുന്നത് ഇസ്ലാമിൻ്റെ ഒരു രീതിയാണ്.
അത്തരത്തിൽ വലിയ പ്രധാന്യം നൽകപ്പെട്ട മാസത്തിലേക്കും ദിവസങ്ങളിലേക്കും സമയങ്ങളിലേക്കുമാണ് ദുൽ ഹജ്ജ് പ്രവേശനത്തോടെ മുസ്‌ലിം ലോകം പ്രവേശിച്ചിരിക്കുന്നത്.
യുദ്ധം നിഷിദ്ധമാക്കപ്പെട്ട /പവിത്രമാക്കപ്പെട്ട നാലു മാസങ്ങളിൽ ഒരു മാസമാണ് ദുൽ ഹജ്ജ്.
ഈ മാസത്തിന് പൂർണ്ണമായി പവിത്രത കൽപിക്കപ്പെടുമ്പോൾ തന്നെ അതിലെ ആദ്യ പത്തു ദിവസങ്ങൾ ഏറെ പ്രാധാന്യമുള്ളവയാണ്.
പരിശുദ്ധ ഖുർആനിലെ സൂറത്തുൽ ഫജ്റിൽ പരാമർശിക്കപ്പെട്ട والفجر (പ്രഭാതം) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ബലിപെരുന്നാൾ ദിനത്തിലെ പ്രഭാതമാണെന്നും അടുത്ത ആയത്തിലെ وليال عشر (പത്തു രാത്രികൾ) എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് ദുൽഹിജ്ജ മാസത്തിലെ ആദ്യ പത്തു രാത്രികളും അവയുടെ പകലുകളും ആണെന്നും തഫ്സീറിൽ കാണാം. 
സൂറത്തുൽ ഹജ്ജിലെ ഇരുപത്തിയെട്ടാം ആയത്തിൽ പറയപ്പെട്ട "അറിയപ്പെട്ട ദിവസങ്ങൾ" എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ദുൽഹിജ്ജയിലെ 10 ദിവസങ്ങൾ ആണെന്നാണ് പ്രധാന മുഫസിറുകളായ മുജാഹിദ് (റ), അത്വ അ് (റ), ഖത്താദ (റ), ഹസൻ (റ) എന്നിവർ ഉൾപ്പെടെ പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്. ഈ പത്തു ദിനങ്ങളുടെ മഹത്വം വിവരിച്ചുകൊണ്ട് നിരവധി ഹദീസുകൾ വന്നിട്ടുണ്ട്. അവയിൽ ഒരു ഹദീസിൽ ഇപ്രകാരം കാണാം.
ما من ايام العمل الصالح فيه احب الى الله من هذه الايام. اي ايام العشر من ذي الحجة (صحيح البخاري, سنن ابي داوود).
ദുൽഹിജ്ജ മാസത്തിലെ പത്തു ദിനങ്ങളിൽ സൽകർമ്മം ചെയ്യുന്നതിനേക്കാൾ സൽകർമ്മം ചെയ്യുന്നത് അല്ലാഹു ഇഷ്ടപ്പെടുന്ന മറ്റു ദിനങ്ങൾ ഇല്ല (സ്വഹീഹുൽ ബുഖാരി, സുനനു അബീ ദാവൂദ്).
പ്രവാചകർ ഇപ്രകാരം പറഞ്ഞപ്പോൾ സ്വഹാബികൾ ചോദിച്ചു. മറ്റു മാസങ്ങളിൽ യുദ്ധത്തിൽ ഏർപ്പെടുന്നതിനേക്കാളും മഹത്വമുള്ളതാണോ ഈ 10 ദിവസത്തിനുള്ള സൽകർമ്മങ്ങൾ. 
പ്രവാചകർ പ്രതികരിച്ചു അതെ, എന്നാൽ ഒരാൾ ഈ ദിവസങ്ങൾക്ക് മുമ്പേ തൻ്റെ ധനം കൊണ്ടും ശരീരംകൊണ്ടും ജിഹാദിന് പുറപ്പെട്ടു മടങ്ങിവരാത്തവൻ ഒഴികെ. 
മറ്റു മാസങ്ങളിലും ദിവസങ്ങളിലും ജിഹാദിൽ ഏർപ്പെടുന്നതിനേക്കാൾ പ്രതിഫലം ഈ പത്തു ദിവസങ്ങളിലെ സൽകർമ്മങ്ങൾ കൊണ്ട് നേടിയെടുക്കാൻ ആവുമെന്ന് ചുരുക്കം. 
ഇസ്ലാമിലെ സുപ്രധാന ആരാധനകളായ നിസ്കാരം, നോമ്പ്, സ്വദക്ക, ഹജ്ജ് തുടങ്ങിയവ എല്ലാം ഈ ദിനങ്ങളിൽ ഒരുമിച്ചു കൂടുന്നതുകൊണ്ടാണ് ഈ ദിവസങ്ങൾക്ക് ഈ മഹത്വം കൽപ്പിക്കപ്പെട്ടത് എന്ന് പണ്ഡിതർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ദുൽഹിജ്ജയുടെ ആദ്യത്തെ 9 ദിവസങ്ങളിലും പ്രവാചകർ (സ) നോമ്പനുഷ്ഠിച്ചിരുന്നു എന്നും ചില റിപ്പോർട്ടുകളിൽ കാണാൻ സാധിക്കും.
നമ്മിലേക്ക് സമാഗതമായി ഇന്ന് മുതലുള്ള 10 ദിവസങ്ങളെ പടച്ചവൻ്റെ പൊരുത്തത്തിലും അവൻ ഇഷ്ടപ്പെടുന്ന കർമ്മങ്ങളിലും ചെലവഴിക്കാൻ പരിശ്രമിക്കണം. റവാത്തിബ് സുന്നത്തുകളും മറ്റുള്ള സുന്നത്തുകളും അനുഷ്ഠിക്കുക, സ്വദഖകൾ അധികരിപ്പിക്കുക, ദിക്റുകൾ ചൊല്ലുക, സ്വലാത്ത് ആധികരിപ്പിക്കുക, ഖുർആൻ പാരായണം അധികരിപ്പിക്കുക തുടങ്ങിയ എല്ലാ സൽ കർമ്മങ്ങളെയും അധികരിപ്പിക്കാൻ ശ്രദ്ധിക്കണം. 
ദുൽഹിജ്ജ ഒമ്പത് വലിയ മഹത്വം കൽപിക്കപ്പെടുന്ന അറഫാ ദിനമാണ്. അറഫ ദിനത്തിൽ ഹജ്ജ് ചെയ്യാത്ത എല്ലാവർക്കും സുന്നത്ത് നോമ്പനുഷ്ടിക്കൽ പ്രത്യേകം സുന്നത്തുള്ളതാണ്. സുന്നത്ത് നോമ്പുകളുടെ കൂട്ടത്തിൽ ഏറ്റവും മഹത്വമുള്ളത് അറഫ നോമ്പിനാണെന്നും അത് കഴിഞ്ഞ് പോയ ഒരു വർഷത്തെയും വരാനിരിക്കുന്ന ഒരു വർഷത്തെയും പാപങ്ങൾ പൊറുപ്പിക്കപ്പെടാൻ കാരണമാകുമെന്നും ഹദീസുകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും. നമ്മിലേക്ക് സമാഗതമായ ഈ പുണ്യ മാസത്തെ പടച്ചതമ്പുരാൻ അവൻ്റെ പൊറുതത്തിലും ഇഷ്ടത്തിലും ചെലവഴിക്കാൻ നമുക്കേവർക്കും സൗഭാഗ്യം നൽകുമാറാവട്ടെ.... ആമീൻ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only

Start typing and press Enter to search