> ✍️ കെ ടി അജ്മൽ ഫൈസി പാണ്ടിക്കാട്
വിനയത്തിൻ്റെ നിറവസന്തം
പെയ്തൊരാൾ കൂടി യാത്രയായി.
നിറ പുഞ്ചിരിയുടെ സുഗന്ധം പരത്തി മാണിയൂരുസ്താദും വിടപറഞ്ഞു.
മാണിയൂർ അഹ്മദ് മുസ്ലിയാർ എന്ന
തഖ് വയിൽ ലിബാസിട്ട സൂഫിവര്യൻ..
പച്ച ഷാളും ഗാംഭീര്യം തോന്നിക്കുന്ന തലപ്പാവും അർത്ഥഗർഭമായ
നോട്ടവും ഭംഗി വിടർത്തുന്ന
താടിയും പുഞ്ചിരി തളം കെട്ടി
നിഷ്കളങ്കതയുടെ മുഖസൗന്ദര്യവും കണ്ടാൽ ആർക്കാണ്
ആ മുഖത്ത് നിന്ന്
കണ്ണെടുക്കാൻ തോന്നുക.
നമ്മെ വിസ്മയിപ്പിക്കുന്ന ചില ജീവിതങ്ങളില്ലേ.ഉള്ളിൻ്റെയുള്ളിൽ
ഈമാൻ്റെ കണികകൾക്കാവേശം
നൽകുന്ന ചില മുഖ കമലങ്ങൾ...
സമസ്തയെന്ന നന്മയുടെ പ്രസ്ഥാനത്തിനോടൊപ്പം അണിചേർന്നതിൽ അഭിമാനം തോന്നുന്ന നിമിഷങ്ങൾ. അതായിരിക്കും
മാണിയൂരുസ്താദിൻ്റെ
ചാരെയിരിക്കുമ്പോൾ
നമുക്കനുഭവപ്പെടുക.
ഒരു കൊച്ചു കുട്ടിയെ പോലെ.
അകം നിറഞ്ഞിട്ടും തുളുമ്പാതെ,
അറിവിൻ്റെ ഗരിമ നടിക്കാതെ
മുഖാതബിനെ ഏറെ
ബഹുമാനിച്ചാദരിച്ച് ജ്ഞാനിയായ
ആ സൂഫി മധുവൊഴുക്കുമ്പോൾ
നമ്മൾ ഉരുകിയൊലിക്കും.
മുഖത്തെ പുഞ്ചിരിയും
ചുണ്ടിലെ പ്രസന്നതയും
കാരുണ്യം ചുരത്തുന്ന കണ്ണും... കാഴ്ചക്കാരൻ്റെ വേദനയും
ആകുലതയും പമ്പകടക്കാൻ
അത് മതി.
ആത്മീയതയുടെ അകക്കാമ്പ് കൊണ്ട്
ആ വലിയ മനുഷ്യൻ നമുക്കു
മുമ്പിലെ വലിയ മാതൃകയായി.
മുഖത്തേക്ക് നോക്കിയാൽ
അല്ലാഹുവിനെ ഓർമ്മ വരുന്ന അപൂർവ്വങ്ങളിൽ ഒരാൾ.
അംഗീകാരങ്ങൾ ആ വലിയ
പണ്ഡിതനെ തേടിയെത്തിയത് വിനയത്തിന്റെ നിറപ്പകിട്ടുകൊണ്ട് തന്നെയായിരുന്നു.
ഉസ്താദിനെ ഒരൊറ്റ
നോക്കുകാണാൻ എത്രയെത്ര മനുഷ്യജന്മങ്ങളാണ്
വീട്ടുമുറ്റത്തൊരുമിച്ചു കൂടിയത്.
ഉസ്താദിന്റെ വീടിനരികിലൂടെ ഓടുന്ന ബസ്സിന്റെ ബോർഡിൽ 'മാണിയൂർ ഉസ്താദ്' എന്ന സ്ഥലപേര് കൊടുത്തത്
ആ വലിയ മനുഷ്യനുള്ള ജനാംഗീകാരം അല്ലാതെ മറ്റെന്താണ് ?
പണം സമ്പാദിക്കാനുള്ള ആഗ്രഹമുള്ളവരാണെങ്കിൽ കോടിക്കണക്കിന് രൂപ ഉസ്താദിന് സമ്പാദിക്കാം. രാവിലെ മുതൽ വൈകുന്നേരം വീട്ടുമുറ്റത്ത്
വരുന്ന തിരക്കുതന്നെ അതിനു സാക്ഷിയാണ്.
എന്നാൽ അതിനൊന്നും മുതിരാതെ
ലൗകിക ജീവിതത്തിലല്ല പാരത്രിക ജീവിതത്തിലാണ് കഴമ്പും കാര്യവുമെന്ന് ശൈഖുനാ വിശ്വസിച്ചു.
ഉസ്താദിനെ കാണണമെന്ന്
ഉദ്ദേശത്തോടെ മാത്രം കണ്ണൂർ
ജില്ലയിലേക്ക് പല പ്രാവശ്യം
യാത്ര ചെയ്തിട്ടുണ്ട്.
ഏതാണ്ട് ഒരു വർഷം മുമ്പ്
അവസാനമായി സന്ദർശിച്ചു
പോരുമ്പോൾ കയ്യിൽ തബറുക്കിന്റെ
പണം നൽകി മനസ്സിന് കുളിരു
നൽകിയത് ഇന്നും ഓർമ്മയിൽ
തെളിയുന്നു.
പുറത്തീൽ പുതിയകത്ത് ശൈഖ്
അബ്ദുൽ ഖാദിർ സാനി (റ) വിന്റെ കുടുംബത്തിൽ വി.കെ അബ്ദുല്ല മുസ്ലിയാരുടെയും പുറത്തീൽ പുതിയത് ഹലീമയുടെയും മകനായി 1949 ജൂൺ 19 നാണ് ജനനം.
സമസ്തയുടെ ആദ്യകാല
നേതാവായിരുന്ന റശീദു ദ്ദീൻ മൂസ മുസ്ലിയാർ ശൈഖുനയുടെ മൂത്താപ്പയാണ്. മദ്രസ പഠനത്തിനുശേഷം കാപ്പാട് എം.വി ഇബ്രാഹിം മുസ്ലിയാരുടെ ശിക്ഷണത്തിൽ പാപ്പിനിശ്ശേരി റൗളത്തുൽ ജന്ന ദർസിലും സ്വന്തം പിതാവ് വി.കെ അബ്ദുല്ല മുസ് ലിയാരുടെ ശരീക്കായിരുന്ന അഹ്മദ് മുസ്ലിയാർ എന്നിവരുടെ ശിക്ഷണത്തിൽ മുട്ടം റഹ്മാനിയ്യയിലും തൃക്കരിപ്പൂർ മുനവ്വിറിലും കൂട്ടിലങ്ങാടി ബാപ്പു മുസ്ലിയാരുടെ ശിക്ഷണത്തിൽ
തൃക്കരിപ്പൂർ തങ്കയം ദർസിലും പഠനം നടത്തി. പിന്നീട് ഉപരിപഠനത്തിനായി ദാറുൽ ഉലൂം ദയൂബന്ദിൽ പോയി. ഹസ്റത്ത് മൗലാന ഖാരി മുഹമ്മദ് ത്വയ്യിബ്, ഹസ്റത്ത് മൗലാന ശരീഫുൽ ഹസ്സൻ, ഹസ്റത്ത് മൗലാന ഫഖ്റുൽ ഹസൻ, ഹസ്റത്ത് മൗലാന മിഅ്റാജുൽ ഹഖ്, ഹസ്റത്ത് മൗലാന അബ്ദുൽ ഹസനുൽ ബിഹാരി, ഹസ്റത്ത് മൗലാന നസീർ അഹമ്മദ് ഖാൻ, ഹസ്റത്ത് മൗലാന അൻദർ ഷാഹ് കാശ്മീരി, ഹസ്റത്ത് മൗലാന മുഹമ്മദ് സാലിം, ഹസ്റത്ത് മൗലാന മുഹമ്മദ് നഈ, ഹസ്റത്ത് മൗലാന ഖമറുദ്ദീൻ, ഹസ്റത്ത് മൗലാനാ മുഫ്ത്തി അബുൽഹസൻ എന്നിവർ ദയൂബന്തിലെ പ്രധാന ഉസ്താദുമാരാണ്. ഇതിൽ മൗലാനാ സാലിം മൗലാന ഖമറുദ്ദീൻ എന്നിവരൊഴികെ മറ്റെല്ലാവരും ശൈഖ് ഹസൻ ഹസ്റത്തിൻ്റെ ശരീക്കുമാരാണ്. ദർസിൽ പഠിക്കുന്ന കാലത്ത് തന്നെ ഉസ്താദ് അധ്യാപനം നടത്തിയിട്ടുണ്ട്.
ഉപരിപഠനത്തിനു ശേഷം തൃക്കരിപ്പൂരിലായി രുന്നു അധ്യാപനം നടത്തിയത്. ഖുർആൻ പഠന സഹായി എന്ന പേരിൽ ഗ്രന്ഥം എഴുതിയിട്ടുണ്ട്. അതിന്റെ പത്ത് ഭാഗങ്ങളാണ് എഴുതിയിട്ടുള്ളത്.
ഉത്തര മലബാറിന്റെ മാണിക്യമായി
വെളിച്ചം മാത്രം ബാക്കിവച്ച് ഉസ്താദ് യാത്രയായി.ഭക്ഷണം, നടത്തം, നിസ്കാരം, ജീവിത ചിട്ട എല്ലാം ഒരു തികഞ്ഞ സൂഫിയുടേതാണെന്ന് ഉസ്താദിനെ അടുത്ത് കണ്ടവർക്കെല്ലാം മനസ്സിലാവും.
‘മാണിയൂരുസ്താദിനോട് എന്തെങ്കിലും സംസാരിച്ചാൽ നമുക്ക് തോന്നും നമ്മളാണ് ഉസ്താദിനെക്കാൾ വിവരം ഉള്ളവർ എന്ന് ’ പറഞ്ഞത് സാധാരണക്കാരാണ്. ആ വാക്കുകൾ ആ വിനയ ജീവിതത്തിന്റെ ആഴവും പരപ്പും നമുക്ക് ബോധ്യപ്പെടുത്തി തരും.
ഇനി രക്ഷയില്ലെന്ന് പറഞ്ഞ്
വിദഗ്ദ ഡോക്ടർമാർ തിരിച്ചയച്ച
രോഗികൾ പൂർണ്ണാരോഗ്യത്തോടെ ഉസ്താദിന്റെ ഒരൊറ്റ മന്ത്രത്തിലൂടെ, മന്ത്രിച്ചൂതിയ വെള്ളത്തിലൂടെ ഇന്നും ഓടിച്ചാടി നടക്കുന്നത് പതിവ് കാഴ്ചയാണ്.
പെട്ടെന്ന് മേജർ ഓപ്പറേഷൻ ചെയ്തില്ലെങ്കിൽ "കാര്യം പോക്കാണ് "
എന്ന് പറഞ്ഞവരെത്ര പേരാണ് ഓപ്പേഷറനൊന്നുമില്ലാതെ
സുഖ സുന്ദരജീവിതം നയിക്കുന്നത്.
നീറുന്ന മനസ്സുമായി ചെന്നവർ ആശ്വാസത്തിന്റെ
തെളിനീരുറവയുമായി മാണിയൂരിലെ
ആ വീട്ടിൽ നിന്നും യാത്രയായി.
ഉസ്താദേ"ഒരു വഴിയും തെളിയുന്നില്ല മരിച്ചാൽ മതിയായിരുന്നു എന്ന് പറഞ്ഞ് പൊട്ടിക്കരയുന്ന എത്ര പേരെയാണ് ഉസ്താദ് കൂടെ നിർത്തി സ്വദഖ നൽകി "പോയ്ക്കോളൂ" അള്ളാഹു ബർക്കത്ത് ചെയ്യട്ടെ എന്ന് പറഞ്ഞ് സമാധാനത്തോടെ തിരിച്ചയച്ചത്.
ഉസ്താദിന്റെ പ്രഭാഷണങ്ങൾ അർത്ഥഗർഭമായിരുന്നു.
നമ്മുടെ ഹൃദയത്തിലേക്ക് തുളച്ചു
കയറുന്ന വാക്കുകൾ.
കേട്ടിരുന്നാൽ സൗമ്യതയുടെ
രൂപഭാവം നമ്മയാകെ
പൊതിയുന്നതായി തോന്നും.
ഓരോ വാക്കുകളും എത്ര
ശ്രദ്ധയോടെയാണ് ജനങ്ങൾ ശ്രവിച്ചത്.
ബാക്കിയാക്കിയ ഓർമ്മകളുമായി ആത്മീയതയുടെ പച്ചപ്പുതപ്പണഞ്ഞ്
ചെയ്ത സുകൃതങ്ങളുടെ ഫലങ്ങളാസ്വദിക്കാൻ ഉസ്താദ് യാത്രയായിരിക്കുകയാണ്.
മഹത്തുക്കൾ നയിക്കുന്ന
സമസ്തയെന്ന സംഘശക്തിക്കു
കീഴിൽ അണി നിരക്കാൻ കഴിഞ്ഞ നമ്മളൊക്കെ ഭാഗ്യവാന്മാർ
തന്നെയാണെന്ന് മനസ്സിലാക്കാൻ
മാണിയൂർ ഉസ്താദ് എന്ന
ഒറ്റ ജീവിതത്തെ വായിച്ചാൽ മതി.
ഇതെഴുതുമ്പോഴും
വീടിന്റെ മൂലയിൽ എന്നെയും
നോക്കി കരയുന്ന 'മാണിയൂർ
ഉസ്താദ് മന്ത്രിച്ച നാല് കുപ്പി വെള്ളം'
ആ വലിയ സൂഫിവര്യൻ്റെ സുഗന്ധമുള്ള ഓർമ്മകളായി അവശേഷിക്കും.
ആ ജീവിതം സമസ്ത എന്ന
സരണിയിൽ വീണ്ടും വീണ്ടും
അടിയുറച്ചു നിൽക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന ചാലക
ശക്തിയാവും.
നാഥാ... നീ ജന്നത്തിൽ ഒരുമിപ്പിക്കണേ.
ആമീൻ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ