മാമ്പുഴ പള്ളിമിഹ്റാബിന്റെ വലത് ഭാഗത്തെ ചെറിയമുറയിലൊരു വലിയ മനുഷ്യനുണ്ട്.ഉമ്മത്തിന്റെ ഓത്തുമുറിയിലിരുന്ന് പതിറ്റാണ്ടുകളോളം അറിവ് കൊണ്ട് അന്നമൂട്ടിയ തലമുറകളുടെ ഗുരു.കുളിരേറ്റ തളിരിലയിലേക്ക് ഹിമകണം പെയ്തിറങ്ങും പോലെ ശാന്തമായി പെയ്യുന്ന സബ്ഖുകൾ.ഉമ്മത്തിന്റെ സ്വപ്നങ്ങൾക്ക് കാവലിരുന്ന്,സ്വയം സ്വപ്നം കാണാൻ മറന്ന ഇഖ്ലാസ്വിന്റെ നിറപൗർണമി.കാലുഷ്യത്തിന്റെ കെട്ടുപാടുകൾക്കിടയിലെ കനലുകൾക്ക് ചെറുപുഞ്ചിരി കൊണ്ട് പരിഹാരമേകിയ മാമ്പുഴ മഹല്ല് ഖാളി.മൂന്നു പതിറ്റാണ്ടിലധികം കാലത്തെ സേവനം കൊണ്ട് ദേശാതിർത്തികൾക്കപ്പുറം പരന്ന മാമ്പുഴദേശത്തിന്റെ ഇസ്സത്താർന്ന ഖിസ്സകളിലെ വിജയശിൽപി.എല്ലാത്തിലുമപരി,ഹൃദയം തുറന്ന് ചേർത്ത്പിടിച്ചും വർത്തമാനങ്ങളോതിയും ഞങ്ങളുടെ മാമ്പുഴപ്പകലുകളെ മനോഹരമാക്കിത്തന്ന ബഹുവന്ദ്യരായ ശൈഖുനാ പി.സൈതാലി മുസ്ലിയാരെ സമസ്ത കേന്ദ്ര മുശാവറ അംഗമായി തെരഞ്ഞെടുത്തിരിക്കുന്നു.
ഉസ്താദ് നടന്നുതീർത്ത ജീവിതവഴികളും ഊർജ്ജം പകരുന്ന ഓർമ്മയോരങ്ങളും പങ്കുവെക്കുന്നു.
*ഉസ്താദിൻ്റെ കുടുംബം,ജനനം എന്നിവയെക്കുറിച്ച് പറഞ്ഞ് തുടങ്ങാം ലെ?*
തുവ്വൂർ ഐലാശ്ശേരിയിൽ പുതുപ്പറമ്പൻ മൊയ്തീൻ കുട്ടിയുടെയും പൂവത്തിക്കുണ്ടൻ ഫാത്തിമയുടെയും 6-ാമത്തെ മകനായി 1946 ലാണ് ജനനം.
*പ്രാഥമിക വിദ്യാഭ്യാസം എവിടെയായിരുന്നു..?*
ചക്കിപ്പറമ്പൻ ഉണ്ണിമൊയ്തീൻ മൊല്ലയുടെയും നെച്ചിക്കാടൻ ഇത്തോലു മൊല്ലാക്കയുടെയും ഓത്തുപള്ളികളിൽ നിന്നാണ് മതപഠന രംഗത്തെ പ്രാഥമിക വിദ്യാഭ്യാസം.തുവ്വൂർ തറക്കൽ സ്കൂളിൽ നിന്നും അക്കരക്കുളം സ്കൂളിൽ നിന്നും അഞ്ചാം ക്ലാസ് വരെ ഭൗതിക പഠനവും കരസ്ഥമാക്കിയത്.
*ദർസ് പഠനം,ഉസ്താദുമാർ എന്നിവയെക്കുറിച്ച്..?*
തുവ്വൂർ പള്ളിപ്പറമ്പ് മർഹൂം ആലിപ്പറമ്പ് കുഞ്ഞീതു മുസ്ലിയാരുടെ ദർസിൽ ചേർന്ന് രണ്ടുവർഷം അവിടെ താമസിച്ചു പഠിച്ചു.പിന്നീട് ഇരിങ്ങാട്ടിരി മർഹൂം കെ.ടി മാനു മുസ്ലിയാരുടെ ദർസിൽ ചേരുകയും എട്ടു വർഷം അവിടെ പഠിക്കുകയും ചെയ്തു.കെ.ടി ഉസ്താദിൻ്റെ ദർസിൽ നിന്ന് ആദ്യ ബാച്ചായി ഉന്നത പഠനത്തിന് പോയത് ഞാനും സുഹൃത്ത് വെള്ളില അബ്ദുറഹ്മാൻ മുസ്ലിയാരുമായിരുന്നു.
*കോളേജ് ജീവിതം,പഠനങ്ങൾ വിശദീകരിക്കാമോ?*
1964 ലാണ് മർഹൂം കെ.ടി മാനു മുസ്ലിയാരുടെ ദർസിൽ നിന്നും ഉപരിപഠനാർത്ഥം വെല്ലൂർ ബാഖിയാത്തുസ്സ്വാലിഹാത്തിലേക്ക് പോകുന്നത്.പോകുമ്പോൾ തന്നെ വെല്ലൂരിൽ പൂക്കോയ തങ്ങളുടെ പിതാവിന്റെ മഖ്ബറയുണ്ടെന്നും അവിടെ സിയാറത്ത് ചെയ്യണമെന്നും ഉസ്താദ് നിർദ്ദേശിച്ചിരുന്നു.അതനുസരിച്ച് അവിടെ സിയാറത്ത് ചെയ്ത ശേഷമാണ് ഞങ്ങൾ പരീക്ഷക്കുവേണ്ടി കോളേജിലേക്ക് പോയത്.
അവിടെ പ്രവേശനം തേടി വന്ന ഇരുനൂറിലധികം വിദ്യാർത്ഥികളിൽ ഏറ്റവും ചെറിയ വ്യക്തിയായിരുന്നു ഞാൻ.അവിടുത്തെ രീതിയനുസരിച്ച് എനിക്ക് പ്രവേശനം ലഭിക്കാൻ സാധ്യത ഇല്ലായിരുന്നു.പക്ഷെ,എനിക്ക് പ്രവേശനം ലഭിച്ചുവെന്ന് മാത്രമല്ല,പ്രതീക്ഷിച്ചതിലേറെ മുൻപന്തിയിലെത്താനും സാധിച്ചു.രണ്ടു വർഷത്തെ മുത്വവ്വൽ കോഴ്സ് പൂർത്തിയാക്കി 1966 ലാണ് മൗലവി ഫാളിൽ ബാഖവി ബിരുദം നേടുന്നത്.അന്ന് വെല്ലൂർ ബാഖിയാത്തുസ്സ്വാലിഹാത്തിന്റെ പ്രിൻസിപ്പാൾ മർഹൂം അബൂബകർ ഹസ്രത്ത് ആയിരുന്നു. പിന്നീട് സമസ്തയുടെ പ്രസിഡൻ്റായിരുന്ന മർഹൂം കെ.കെ അബൂബകർ ഹസ്രത്ത് (താനൂർ), ശൈഖ് ഹസൻ ഹസ്രത്ത് തുടങ്ങിയവരുടെയെല്ലാം ശിഷ്യനായാണ് പഠനം പൂർത്തിയാക്കിയത്.
*പഠന കാലഘട്ടത്തിലെ ഭൗതിക സാഹചര്യങ്ങൾ എന്തായിരുന്നു? സാമ്പത്തികം മറ്റു സൗകര്യങ്ങൾ എല്ലാം സുരക്ഷിതമായിരുന്നോ?*
സാമ്പത്തികമായി ഉയർന്ന ഒരു സാഹചര്യമല്ല ഉണ്ടായിരുന്നത്.ചെറുപ്പത്തിൽ തന്നെ പിതാവ് മരണപ്പെട്ട കാരണത്താൽ മാതാവും ജ്യേഷ്ഠ സഹോദരൻ വാപ്പുവും ജോലിക്കുപോയിട്ടാണ് കുടുംബം പോറ്റിയിരുന്നത്. നാട്ടുകാരുടെയും മറ്റും സഹായം കൊണ്ടാണ് ഉയർന്നു പഠിക്കാൻ സാധിച്ചത്.പുറമെ പഠന സാമഗ്രികൾക്കും മറ്റുമായി വഅള് പറഞ്ഞും മുസ്ഹഫ് ജിൽദ് കെട്ടിയുമൊക്കെയാണ് പണം കണ്ടെത്തിയിരുന്നത്. എല്ലാ ആഴ്ചയും നാട്ടിലേക്ക് പോരുമ്പോൾ ഒന്നോ രണ്ടോ മുസ്ഹഫ് കൂടെ കൊണ്ടുവരും. വീട്ടിലിരുന്ന് അത് ജിൽദ് കെട്ടും.ഇന്നൊക്കെ അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് ആ അവസ്ഥയൊക്കെ മാറിമറിഞ്ഞു.അൽ ഹംദുലില്ലാഹ്.
*മത പ്രഭാഷണ മേഖലയിൽ ഉസ്താദ് തിളങ്ങിനിന്ന ഒരു കാലമുണ്ടായിരുന്നു എന്ന് കേൾക്കാൻ കഴിഞ്ഞു,അതിനെ സംബന്ധിച്ച്?*
മതപ്രഭാഷണ പരമ്പരകൾ നടത്തിയിരുന്നു.നാലും അഞ്ചും മണിക്കൂറുകൾ ഒരു വെള്ളം പോലും കുടിക്കാതെ വഅള് പറയാനൊക്കെ അന്ന് കഴിഞ്ഞിരുന്നു. ധാരാളം കാരണവന്മാർ തടിച്ചുകൂടുന്ന പ്രൗഢമായ സദസ്സുകളായിരുന്നു അന്നൊക്കെ. ധാരാളം പള്ളികൾക്കും മദ്രസകൾക്കുമൊക്കെ വലിയ വലിയ സംഖ്യകളും വസ്തുക്കളും പിരിച്ചെടുത്ത ധാരാളം അനുഭവങ്ങളുണ്ട്.
*ഏതെല്ലാം സ്ഥലങ്ങളിലാണ് ഉസ്താദ് ദർസ് നടത്തിയിട്ടുള്ളത് ?*
*അവിടെയെല്ലാം ശ്രദ്ദേയമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സാധിച്ചിരുന്നുവോ ?*
ബിരുദം ലഭിച്ച ശേഷം 1966 ൽ കാളികാവ് ചാഴിയോട് എന്ന സ്ഥലത്ത് ഒരു നിസ്കാര പള്ളിയിലാണ് ദർസ് ആരംഭിക്കുന്നത്.ദർസിൻ്റെ വളർച്ചയും വിദ്യാർത്ഥികളുടെ ആധിക്യവും കാരണം പള്ളി വിപുലീകരിക്കുകയും പള്ളിശ്ശേരി മർഹൂം അലി ഹസൻ മുസ്ലിയാരുടെ നേതൃത്വത്തിൽ ജുമുഅ ആരംഭിക്കുകയും ചെയ്തു.തുടർന്നുള്ള സേവനത്തിൽ വീണ്ടുംപള്ളിയും മദ്രസയും വിപുലീകരിക്കാൻ സാധിച്ചു.ചാഴിയോട് ദർസിൽ നിന്നാണ് ആദ്യമായി പത്തിരിയാൽ സൈനുദ്ദീൻ ഫൈസിയെ തുടർ പഠനത്തിന് ജാമിഅഃ നൂരിയ്യഃ യിലേക്ക് പറഞ്ഞയച്ചത്. ഏഴുവർഷം അവിടെ സേവനം ചെയ്തു.
ചാഴിയോട് ജോലി ചെയ്ത്കൊണ്ടിരിക്കുമ്പോഴാണ് സ്വന്തം നാടായ പാലക്കൽവെട്ടയിൽ പുതുതായി തുടങ്ങുന്ന ദർസിലേക്ക് തൽക്കാലം മാറിനിൽക്കാൻ നേതൃത്വം ആവശ്യപ്പെട്ടത്.അങ്ങിനെ അവിടെ ദർസ് ആരംഭിക്കുകയും 11 വർഷത്തെ നിരന്തര പ്രവർത്തനങ്ങളിലൂടെ പള്ളിയും ദർസും മദ്രസയും വികസിപ്പിക്കാനും കൂടുതൽ വിദ്യാർത്ഥികളെ ഉപരി പഠനത്തിന് ജാമിഅഃയിലേക്കും വെല്ലൂരിലേക്കും,ദയുബന്തിലേക്കും നന്തിയിലേക്കും അയക്കാനും കഴിഞ്ഞു. ഇതിനിടയിൽ കെ.ടി ഉസ്താദ് വിദേശത്തേക്ക് പോകുന്നതിനെ തുടർന്ന് തൽക്കാലം ഇരിങ്ങാട്ടിരിയിലേക്ക് മാറി നിൽക്കേണ്ടി വന്നു. ഉസ്താദ് തിരിച്ച് വന്നശേഷം പരിയങ്ങാട് പള്ളിയിലേക്ക് മാറി.ആറു വർഷത്തെ സേവനത്തിനിടയിൽ പള്ളി പുനർ നിർമ്മാണവും ദർസിന്റെ വിപുലീകരണവും സാധ്യമാവുകയും ചെയ്തു.അതിനു ശേഷമാണ് മാമ്പുഴയിൽ എത്തുന്നത്.
*ഉസ്താദ് ഹജ്ജിനു പോയിട്ടുണ്ടോ ? മറ്റേതെങ്കിലും വിദേശ യാത്രകൾ നടത്തിയിട്ടുണ്ടോ ?*
രണ്ട് തവണ ഹജ്ജ് യാത്ര നടത്തിയിട്ടുണ്ട്.ആദ്യ ഹജജ് യാത്ര ചാഴിയോട് ദർസ് നടത്തുന്ന സമയത്തായിരുന്നു. കപ്പൽമാർഗ്ഗമാണ് അന്ന് ഹജ്ജിനു പോയത്. പോവുന്നതിനു മുമ്പ് തന്നെ കെ.ടി ഉസ്താദ് നൽകിയ നിർദ്ദേശമനുസരിച്ച് മക്കയിൽ വെച്ചു പണ്ഡിതനും ശൈഖുമായ സയ്യിദ് അലവി മാലിക്കി എന്നവരിൽ നിന്ന് ബുഖാരി ഓതാനും ഇജാസത്ത് വാങ്ങാനും സാധിച്ചു. വിദ്യാർത്ഥികളുടെയും മറ്റും പ്രോത്സാഹന പ്രകാരം മറ്റൊരിക്കൽക്കൂടി പുണ്യ ഹജ്ജ് കർമ്മം നിർവഹിക്കാൻ കഴിഞ്ഞു.
*ഉസ്താദിനു ലഭ്യമായിട്ടുള്ള അംഗീകാരങ്ങൾ ?*
മാതാപിതാക്കളുടെയും ഉസ്താദ്മാരുടെയും അംഗീകാരമാണ് ഏറ്റവും പ്രധാനമായികാണുന്നത്.കെ.ടി ഉസ്താദ് തന്നെ പല വേദികളിലും വളരെ വലിയ പ്രശംസകൾ നടത്തിയിരുന്നു. അതിലും വലിയ അംഗീകാരം ഇല്ലല്ലോ.പുറമെ 201ൽ മാതൃകാ മുദരിസിനുള്ള ശിഹാബ് തങ്ങൾ അവാർഡ് ഹൈദരലി തങ്ങളിൽ നിന്നും ഏറ്റുവാങ്ങാനും ഭാഗ്യം കിട്ടി.
*മാമ്പുഴയുമായി ബന്ധപ്പെട്ട ഓർമ്മകൾ എന്തെങ്കിലും ?*
ഞാൻ ഇവിടെ വരുമ്പോൾ ഒരു പള്ളി മാത്രമായിരുന്നു ഉണ്ടായിരുന്നത്.
പിന്നീട് പല ഘട്ടങ്ങളിലായി മാനേജ്മെന്റിന്റെയും നാട്ടുകാരുടെയും താൽപര്യത്തോടുകൂടി ഉസ്താദുമാരുടെയൊക്കെ നിർദ്ദേശപ്രകാരം പള്ളി വിപുലീകരിക്കുകയും സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്തു.ഏറ്റവും അവസാനം വിപുലീകരണ ശേഷം പാണക്കാട് ഹൈദരലി തങ്ങൾ തന്നെ ഉദ്ഘാടനം നിർവ്വഹിച്ചു. ഇവിടുത്തെ നേർച്ചയും ചെറിയ രീതിയിലായിരുന്നു നടന്നു വന്നിരുന്നത്.അത് ഇത്ര വിപുലമായ രീതിയിലായത് ഈ അടുത്ത ഏതാനും വർഷങ്ങളെ കൊണ്ടാണ്.അഞ്ചു മദ്രസകളും പതിനാല് നിസ്കാര പള്ളികളും ഒരു ജുമുഅത്ത് പള്ളിയും ഇപ്പോൾ മാമ്പുഴ പള്ളിക്കു കീഴിലുണ്ട്.
*ഉസ്താദ് സേവനം ചെയ്ത പ്രദേശങ്ങളിലെ നാട്ടുകാരുമായി ഇപ്പോഴും ബന്ധങ്ങളുണ്ടോ ?*
ജോലി ചെയ്ത എല്ലാ സ്ഥലങ്ങളിലേയും നാട്ടുകാരുമായൊക്കെ ഇപ്പോഴും നല്ല ബന്ധം തന്നെയാണുള്ളത്.പ്രധാനപ്പെട്ട എന്തുകാര്യങ്ങൾ അവിടെ നടക്കുകയാണെങ്കിലും ക്ഷണി ക്കപ്പെടുകയും സാധ്യമാകുന്നത്ര പങ്കെടുക്കുകയും ചെയ്യാറുണ്ട്.
*വിവാഹം,കുടുംബം?*
ചാഴിയോട് സേവനം ചെയ്യുമ്പോഴാണ് വിവാഹം നടക്കുന്നത്.ഒരു വിവാഹ സദ്യ ഒരുക്കി ആളുകളെ പങ്കെടുപ്പിക്കാൻ പറ്റിയ വീടായിരുന്നില്ല ഞങ്ങളുടേത്.അതിനാൽ ചെറിയ ചടങ്ങുകളിൽ വിവാഹം നടന്നു.ചാഴിയോട് പള്ളിയിൽ നിന്നാണ് പുതിയാപ്ല പുറപ്പെട്ടത്. ഭാര്യ ടി.കെ ഫാത്തിമ പുൽവെട്ട.
*മാമ്പുഴയിലൊരു കോളേജെന്നത് ഉസ്താദിന്റെ ചിന്തയായിരുന്നല്ലോ.,അതിനെക്കുറിച്ച്..?*
ഇരുപത്തൊന്നം നൂറ്റാണ്ടിന്റെ തുടക്കകാലത്തോടെയാണ് നമ്മുടെ കോളേജ് പ്രയാണമാരംഭിക്കുന്നത്.കാലോചിതമായി മത-ഭൗതിക സമന്വയ വിദ്യാഭ്യാസം നൽകുന്നൊരു സ്ഥാപനമെന്ന രീതിയിലാണ് കോളേജ് സ്ഥാപിതമായത്.
*കോളേജിന്റെ തുടക്കകാലങ്ങൾ,അഭ്യുദയ കാംക്ഷികൾ ഇതെല്ലാം ഓർക്കുന്നുണ്ടോ..?*
എന്റെ ഉസ്താദും മാർഗദർശിയുമായിരുന്ന കെ.ടി ഉസ്താദിന്റെ പിന്തുണയായിരുന്നു വലിയ ശക്തിയായുണ്ടായത്.കിടങ്ങഴി യു.അബ്ദുറഹ്മാൻ മുസ്ലിയാരായിരുന്നു കോളേജിന്റെ തുടക്കകാലത്തെ പ്രിൻസിപ്പൾ.തുടക്കകാലങ്ങളിൽ തന്നെ ജാമിഅ ജൂനിയർ സംവിധാനമെന്നുമില്ലല്ലോ..!ഡോ: ബഹാഉദ്ദീൻ മുഹമ്മദ് നദ്വി നമ്മുടെ കേളേജിനായി നിർമ്മിച്ച അക്കാദമിക കരിക്കലമനുസരിച്ച്വണ് പ്രയാണം തുടർന്നിരുന്നത്.
*നമ്മുടെ കോളേജ് സിൽവർ ജൂബിലിയുട നിറവിലാണ്.കോളേജിന്റെ പഠന-പാട്യേതര രംഗത്തെ ഇടപെടലുകളെക്കുറിച്ച്...?*
കിഴക്കനേറനാടിന്റെ വൈജ്ഞാനിക ചരിത്രത്തിൽ അടയാളപ്പെടുത്തിയ കാലങ്ങളാണ് ഹസനാത്തിന്റെ രണ്ടരപ്പതിറ്റാണ്ട്. മുന്നൂറിലധികം യുവ പണ്ഡിതരെ സമൂഹ സമക്ഷം സമർപ്പിക്കുകയെന്നത് നിസാരമല്ല.ജാമിഅ:ജൂനിയർ ഫെസ്റ്റുകളിലും ഏകീകൃത പരീക്ഷകളിലുമെല്ലാം നമ്മുടെ കോളേജ് പതിവായി വിജയികളാണല്ലോ..!
*ഇപ്പോഴത്തെ ചുറ്റുപാടുകൾ, ജീവിത രീതികൾ എങ്ങനെയാണ് ?*
മൂന്ന് ആണും ഒരു പെണ്ണുമായി നാലു മക്കളാണ് ഉള്ളത്. എല്ലാവരും വിവാഹിതരും സ്വന്തമായി കുടുംബമുള്ളവരുമാണ്.മൂത്ത മകൻ അബ്ദുൽ റഊഫ് ഫൈസിയും,രണ്ടാമൻ അ ബ്ദുൽ ഗനിയ്യ് ഹുദവിയും മുന്നാമൻ മുഹമ്മദ് സലീമുമാണ്.മകൾ സാജിദയെ വിവാഹം കഴിച്ചത് അലി ദാരിമിയാണ്.സാജിത വാഴക്കിളി,റുബീന വലിയട്ട, സജി വടക്കാങ്ങര എന്നീ മൂന്നു മരുമക്കളുമടങ്ങുന്നതാണ് നിലവിലുള്ള കുടുംബം.
*വലില്ലാഹിൽ ഹംദ്.😍*
സമസ്തക്ക് വേണ്ടി ഓടിനടന്ന് പകലസ്തമിച്ച കെ.ടി ഉസ്താദെന്ന മഹാമനീഷയുടെ മറ്റൊരു അരുമ ശിഷ്യൻ കൂടി ഉമ്മത്തിന്റെ പരമോന്നത സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.
കെ.ടി ഉസ്താദ്.💜😍
അങ്ങ്,ശാന്തമായി ഉറങ്ങുക.
അങ്ങ്,കൊളുത്തിവെച്ച വസന്തങ്ങളുടെ സൗന്ദര്യം ചെറുതൊന്നുമല്ല.
ഉമ്മത്തിന് ദീർഘകാലം ആ തണലേകണേ നാഥാ.. 🤲
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ