ശൈഖുനാ കെ കെ പി അബ്ദുള്ള ഉസ്താദ്. |


ഒരു നിയോഗം പോലെ ഉസ്താദും
 തന്റെ ജീവിതമവസാനിപ്പിച്ചു 
നാഥനിലേക്ക് യാത്രയായിരിക്കുന്നു.
ഓർമ്മയുടെ കടൽ തിരമാലകൾ മനസ്സിനകത്ത് അലയടിക്കുന്നു.
തീർത്തും അപ്രതീക്ഷിതമായ വിടവാങ്ങൽ.
ആത്മീയതയുടെ അകക്കാമ്പ് കണ്ട 
ആ മഹാമനീ ഇത്ര പെട്ടെന്ന് വിടപറഞ്ഞു പോകുമെന്നാരു കണ്ടു.
ഒച്ചപ്പാടുകളിൽ നിന്നും ബഹളങ്ങളിൽ 
നിന്നും ഒഴിഞ്ഞുമാറി വീട്ടിൽ ദിക്റും ചൊല്ലിക്കൂടി തന്റെ പൂർവികരുടെ 
പാതയിൽ ലയിച്ചിരുന്ന മഹത് വ്യക്തിത്വം.

വരക്കൽ മുല്ലക്കോയ തങ്ങളുടെ 
സമീപത്തു നിന്ന് ലഭിച്ച ഇജാസുകൾ അടക്കം കയ്യിൽ ഉണ്ടായിരുന്ന വലിയ മഹാൻ.ആത്മീയതയുടെ അഗസാരമായിരുന്നു ശൈഖുനാ കെ കെ പി ഉസ്താദ്.

മാതാവിൻ്റെ പിതാവും സ്വന്തം പിതാവും ആത്മീയ ലോകത്തെ നക്ഷത്രങ്ങൾ.

അൽ ആരിഫുബില്ലാഹി പാലത്തുങ്കര റമളാൻ ശൈഖ് തങ്ങളുടെ പരമ്പരയിൽ
പെട്ട നഖ്‌ശബന്ദിയ്യ, ഖാദിരിയ്യ, രിഫാഇയ്യ, ശാദുലിയ്യ, സുഹ്‌റവർദിയ്യ എന്നീ ത്വരീഖത്തുകളുടെയും പല ഔറാദുകളുടെയും ശൈഖുമായ പാലത്തുങ്കര ശൈഖ് റമളാൻ ഹാജി തങ്ങളാണ് പിതാവ്.

വരക്കൽ മുല്ലക്കോയ തങ്ങൾ,പാങ്ങിൽ അഹ്‌മദ് കുട്ടി മുസ്‌ലിയാർ, അഹ്‌മദ് കോയ ശാലിയാത്തി, കൊല്ലോളി അബ്ദുൽ ഖാദിർ മുസ്‌ലിയാർ മുതലായ പണ്ഡിത മഹത്തുക്കളുടെ മുറബ്ബിയായ ശൈഖുമായിരുന്ന പാലത്തുങ്കര ശാഹുൽ ഹമീദ് ഔലിയായുടെ മകൾ ആയിഷയാണ് മാതാവ്.

ഉസ്താദിൻ്റെ പിതൃവ്യൻ മുഹമ്മദ് 
ഹാജി തങ്ങളുടെ പ്രധാന മുരീദായിരുന്നു ശൈഖുനാ ശംസുൽ ഉലമ.

മാതാവിൻ്റെ വഴിയും പിതാവിൻ്റെ വഴിയും ആത്മീയതയാൽ സമ്പന്നമാവുക.
മകൻ ആ ആത്മീയതയുടെ പിന്തുടർച്ചക്കാരനുമാവുക.
ഇതുപോരെ ഒരു പുത്രന്..

ഒട്ടനവധി ഇജാസത്തുകളുടെ ലോകം 
തൻ്റെ കൈവെള്ളയിൽ കൊണ്ടുനടന്നാണ് ഉസ്താദ് ജീവിച്ചത്.
ആരെയും അറിയിച്ചില്ല. 
അതാരെയും അറിയിക്കാൻ തുനിഞ്ഞതുമില്ല.
അറിഞ്ഞവരെ മറ്റുള്ളവരെ അറിയിക്കാതിരിക്കാൻ പ്രത്യേകം 
ശ്രദ്ധിച്ചത് അനുഭവമാണ്.

വരക്കൽ തങ്ങൾ തന്റെ തറവാട്ടു വീട്ടിൽ വന്ന ദിവസങ്ങളോളം താമസിച്ച കഥ ഉസ്താദ് പറഞ്ഞു തന്നിട്ടുണ്ട്. 
ഒട്ടനവധി മഹാമനീഷികളുടെ 
ഒരു കാലത്തെ ആത്മീയ കേന്ദ്രമായിരുന്നു പാലത്തുങ്കരയിലെ പഴയ തറവാടു വീട്. പലതവണ അവിടെ ചെന്നിട്ടുണ്ട്.
അനുഭവങ്ങൾ പലതുമുണ്ട്.
രേഖപ്പെടുത്താൻ സമയം അനുവദിക്കട്ടെ.

ഹിസ്ബുന്നവവി, അഹ്‌മദുൽ ബദവിയുടെ അശ്ശജറത്തു നൂറാനിയ്യ, ബദ്‌രിയത്ത്, ഉഹ്ദിയ്യത്ത്. ബിർഹതിയ്യ, ബുർദ്ദ, 
ദഹ്റൂശിയ്യ, ദലാഇലുൽ ഖൈറാത്ത് മുതലായ വിർദുകളുടെ ഇജാസത്ത് കൊടുക്കാനുള്ള അനുവാദം പിതാവിൽ 
നിന്ന് ഉസ്താദിന് ലഭിച്ചിട്ടുണ്ട്. 
നഖ്ശബന്ദിയ്യ, രിഫാഇയ്യ,സുഹ്റവർദിയ്യ, ശാദുലിയ്യ, ഖാദിരിയ്യ തുടങ്ങിയ ത്വരീഖത്തുകളുമായി ബന്ധം 
സ്ഥാപിക്കാൻ സാധിച്ചിട്ടുണ്ട്.

പേരും പ്രശസ്തിയും ആഗ്രഹിക്കാതെ ആത്മീയതയുടെ അറ്റങ്ങൾ കണ്ട 
എണ്ണമറ്റ ആളുകളിൽ ഒരാളായി ഉസ്താദുമുണ്ടാവും.

നമ്മളൊക്കെയും യൂട്യൂബിനെയും ഫേസ്ബുക്കിനെയും ഇമാമാക്കുമ്പോൾ ഇവിടെ ആത്മീയത കണ്ടെത്തിയ,
ദിക്റിനാൽ സജീവമായ ലിസാനുള്ള അനേകം ആലിമീങ്ങളെ മറന്നു പോവുകയാണ്. അവർ വേഷം 
കെട്ടി മൈക്കിന് മുമ്പിൽ വരില്ല.പ്രശസ്തിയുടെ വാതിലുകൾക്കു മുമ്പിൽ അപ്രശസ്തിയുടെ കർട്ടൻ നിവർത്തിയിടും. അവരെ കണ്ടെത്തി 
കർട്ടൻ നീക്കി അകത്തെ 
മുത്തിനെ സ്വന്തമാക്കുകയാണ് നാം 
ചെയ്യേണ്ടത്.

വഴിവിളക്കുകൾ കണ്ണടക്കുമ്പോഴാണ് ഇത്രയും ദൂരം നമ്മൾ സഞ്ചരിച്ചതത്രയും
ഈ വെളിച്ചത്തിലായിരുന്നു എന്ന് തിരിച്ചറിയുന്നത്.

നാഥാ സ്വർഗ്ഗത്തിൽ ഒരുമിപ്പിക്കണേ.
ആമീൻ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only

Start typing and press Enter to search