ദുരിതാശ്വാസമല്ല ഉള്ഹിയ്യത് :-
ഉള്ഹിയ്യതിന്റെ പണം ദുരിതാശ്വാസത്തിന് നൽകണമെന്ന് പറയുന്നത് നിരർഥകമാണ്. ഈ അഭിപ്രായം എഴുന്നള്ളിക്കുന്നവരൊന്നും ഉള്ഹിയ്യതിൽ പങ്ക് കൊള്ളുന്നവരല്ല. ദുരിതാശ്വാസത്തിലും അവരുടെ പങ്ക് അഭിപ്രായപ്രകടനം മാത്രമാകാനാണ് സാധ്യത. കാരണം, പിശുക്കിന്റെ വർണവും വർഗവും മാറില്ല. അഭിപ്രായം പറയാൻ ചെലവില്ല. ഉള്ഹിയ്യതിൽ പങ്കെടുക്കുന്നവർക്കൊന്നും ദുരിതാശ്വാസം അതിന് പകരമാണെന്ന് തോന്നാനിടയില്ല. മാത്രമല്ല, അവർ ഉള്ഹിയ്യതിൽ പങ്കെടുക്കുന്ന ആവേശത്തിൽ ദുരിതാശ്വാസത്തിലും പങ്കെടുക്കുന്നുണ്ട്. ദുരിതവുമായി ബന്ധപ്പെട്ടതാണ് ദുരിതാശ്വാസം. ജാതി മത ഭേദമന്യേ നൽകാവുന്നത്. ബലിപെരുന്നാളുമായി ബന്ധപ്പെട്ടതും മുസ്ലിംകളിൽ പരിമിതമായതുമായ ഇബാദ താണ് ഉള്ഹിയ്യത്. ഇബ്റാഹീം നബി (അ) യുടെ ചര്യ. ബലിപെരുന്നാളിൽ മനുഷ്യൻ ചെയ്യുന്ന ഏറ്റവും വലിയ പുണ്യകർമം ബലിയാണെന്ന് നബി (സ) പറഞ്ഞിട്ടുണ്ട്. ദുരിതാശ്വാസമോ മാംസ വിതരണമോ അല്ല ഉള്ഹിയ്യത്. " അതിന്റെ മാംസങ്ങളോ രക്തങ്ങളോ അല്ലാഹുവിലേക്ക് എത്തുന്നില്ല. എന്നാൽ, നിങ്ങളുടെ തഖ് വ അവനിലേക്കെത്തും" (സൂറതുൽ ഹജ്ജ് 37). ഉള്ഹിയ്യതിന് കഴിവുള്ളവൻ അതിൽ പങ്കെടുക്കട്ടെ. ദുരിതാശ്വാസത്തിന് കഴിവുള്ളവൻ അതിലും. രണ്ടിനും സാധിക്കുന്നവർ രണ്ടിലും പങ്കെടുക്കട്ടെ. ഉള്ഹിയ്യത് കൊണ്ട് ദുരിതാശ്വാസം നിലച്ച് പോകുന്ന അവസ്ഥ നിലവിൽ സംജാതമല്ലല്ലോ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ