ജുമുഅനിസ്കാരം ഒരേ പള്ളിയിൽ തവണകളായി ട്രിപ്പടിക്കാനുള്ളതല്ല | എംടി അബൂബക്ർ ദാരിമി



എംടി അബൂബക്ർ ദാരിമി
**************************************
"ഒരു നാട്ടിൽ ഒരു ജുമുഅ" എന്നതാണ് ജുമുഅയുടെ അടിസ്ഥാനം. അഥവാ ജുമുഅയ്ക്ക് ഒരു സ്ഥലത്ത് ഒരുമിച്ചു കൂടണം. മുസ്‌ലിംകളുടെ ഏകത പ്രകടമാക്കുക എന്ന, ജുമുഅ കൊണ്ടുള്ള ഉദ്ദിഷ്ട ലക്ഷ്യം സാക്ഷാത്കരിക്കാൻ ഇതു അനിവാര്യമാണ്. നബി(സ)യോ ഖുലഫാക്കളോ ഒരു നാട്ടിൽ പല ജുമുഅകൾ നടപ്പാക്കിയിട്ടില്ല. അതിനാൽ ഒരു നാട്ടിൽ അകാരണമായി ഒന്നിലധികം ജുമുഅ - ഒരു സ്ഥലത്താവട്ടെ പല സ്ഥലത്താവട്ടെ - അനുവദനീയമല്ല. അകാരണമായ ഒന്നിലധികം ജുമുഅകൾ ഒപ്പം നടന്നാൽ എല്ലാ ജുമുഅകളും ബാത്വിലാകും. ഒപ്പമല്ലെങ്കിൽ ആദ്യ ജുമുഅ സഹീഹും മറ്റുള്ളവ ബാത്വിലുമാകും.

എന്നാൽ ഒരു സ്ഥലത്ത് ഒരുമിച്ചുകൂടൽ പ്രയാസമായാൽ, പ്രയാസം നീങ്ങാനാവശ്യമായ എണ്ണം മാത്രം, പല ജുമുഅകൾ നടത്തൽ ജാഇസാണ്. 'ജാഇസാണ്' എന്നതിന്റെ ഉദ്ദേശ്യം ഒന്നുകിൽ ഒന്നിൽ കൂടുതൽ ജുമുഅ നടത്തുക, അല്ലെങ്കിൽ ഏക ജുമുഅയിൽ വിഷമം സഹിച്ചു പങ്കെടുക്കുക എന്നാണ്. ഫത്ഹുൽ മുഈൻ പേജ് 138ൽ പറയുന്നു:-

ومن شروطها أن لا يسبقها بتحرم ولا يقارنها فيه جمعة بمحلها إلا أن كثر أهله وعسر اجتماعهم بمكان واحد منه ولو غير مسجد من غير لحوق مؤذ فيه كحر وبرد شديدين فيجوز حينئذ تعددها للحاجة بحسبها (فتح المعين ١٣٨) 
"ജുമുഅയുടെ ശർത്വുകളിൽ പെട്ടതാണ്, അന്നാട്ടിൽ മറ്റൊരു ജുമുഅ തക്ബീറത്തുൽ ഇഹ്‌റാം കൊണ്ട് മുൻകടക്കാതിരിക്കലും ഒപ്പമാവാതിരിക്കലും. എന്നാൽ നാട്ടുകാർ അധികരിക്കുകയും കഠിനമായ ചൂട്, തണുപ്പ് പോലുള്ള ഉപദ്രവമൊന്നുമേൽക്കാതെ ഒരു സ്ഥലത്ത് - അത് പള്ളിയല്ലെങ്കിലും - ഒരുമിച്ചുകൂടൽ  പ്രയാസമാവുകയും (പല സ്ഥലത്തു പ്രയാസമില്ലാതിരിക്കുകയും) ആണെങ്കിലൊഴികെയാണിത്. അപ്പോൾ ജുമുഅ ഒന്നിലധികമാകൽ ആവശ്യത്തിനു വേണ്ടി, ആവശ്യാനുസരണം മാത്രം ജാഇസാണ്."

ഈ ഇബാറത്ത് ശ്രദ്ധിച്ചു വായിക്കുക. وعسر اجتماعهم (ഒരുമിച്ചുകൂടൽ പ്രയാസമായി) എന്ന വാക്യത്തെ بمكان واحد (ഒരു സ്ഥലത്തിൽ) എന്നതിനോട് പ്രത്യേകം ബന്ധിപ്പിച്ചിരിക്കുന്നു. അതിനാൽ ഈ വാക്യത്തിലെ പ്രാധാന്യം പ്രസ്തുത പദത്തിലാണ് തിരിയുന്നത്. അതായത്, അതിന്റെ مفهوم (ഗ്രാഹ്യാർത്ഥം) لا بأمكنة متعددة (വിവിധ സ്ഥലങ്ങളിൽ പ്രയാസമില്ലെങ്കിൽ) എന്നാണല്ലോ. പല സ്ഥലങ്ങളിൽ ജുമുഅ നടത്തുകയാണെങ്കിൽ പ്രയാസം നീങ്ങുമെന്നുണ്ടെങ്കിലേ ഒന്നിലധികം ജുമുഅ പറ്റൂ എന്നു സാരം. 
മുഴുവനാളുകളെയും ഉൾകൊള്ളുന്ന ഒരു സ്ഥലത്തുള്ള അസഹ്യമായ ഉപദ്രവം പക്ഷേ, മറ്റു സ്ഥലങ്ങളിലും ഉണ്ടെങ്കിൽ പല ജുമുഅ പാടില്ലെന്നർത്ഥം. കാരണം ആ സ്ഥലങ്ങൾ കൊണ്ട് പ്രയാസം നീങ്ങുന്നില്ലല്ലോ.

ഉംദയുടെ ശർഹായ ഫൈളിൽ ഈ മഫ്ഹൂം വ്യക്തമാക്കിപ്പറയുന്നത് കാണുക:-
بل يحتاجون إلى أمكنة متعددة
"പ്രയാസം നീങ്ങാൻ 'ഒന്നിലധികം സ്ഥലങ്ങളിലേക്ക്' ആവശ്യമാകും" (ഫൈള് 1 - 198)
ഇമാം റംലി(റ) യുടെ വാക്കുകൾ നോക്കൂ:-
....إلى أن ينتهي عسر الاجتماع بأمكنة تلك الجمع
"ഒരുമിച്ചുകൂടുന്ന പ്രയാസം ആ ജുമുഅകളുടെ 'പല സ്ഥലങ്ങൾ കൊണ്ട്' തീരുന്നതുവരെ പല ജുമുഅ സഹീഹാകും." (ഫത്താവാ റംലി 1 - 275, നിഹായ 2 - 303)

ഒന്നിലധികം ജുമുഅ നടന്നാൽ ളുഹ്ർ നിസ്കരിക്കൽ സുന്നത്താണല്ലോ. അതെകുറിച്ച് ഫത്ഹുൽ അല്ലാമിൽ രേഖപ്പെടുത്തുന്നു:-
إن أعيدت مع تعدد المحل وإلا فلا يسن بل ولا يصح
'സ്ഥലം പലതായി' ജുമുഅ മടക്കപ്പെട്ടാൽ ളുഹ്ർ സുന്നത്താണ്. ഇല്ലെങ്കിൽ സുന്നത്തില്ല, എന്നല്ല സഹീഹുമല്ല. (പേജ്. 3 - 37)
എന്തുകൊണ്ടാണ് بمكان واحد എന്നതിന് لا بأمكنة متعددة എന്ന مفهوم ഉണ്ടായത്? مختصر المعاني യിലെ താഴെ രണ്ടു ഇബാറത്തുകൾ ഓതിയ മുതഅല്ലിമുകൾ അക്കാര്യം അറിയേണ്ടതാണ്.
1 - لأن الكلام إذا اشتمل على قيد زائد على مجرد الإثبات إو النفي فهو الغرض الخاص والمقصود من الكلام

2 - فإن قولنا فلان يعطي الدنانير يكون لبيان جنس ما يتناوله الإعطاء لا لبيان كونه معطيا ويكون كلاما مع من أثبت له إعطاء غير الدنانير لا مع من نفى أن يوجد منه إعطاء

ചുരുക്കത്തിൽ فيجوز التعدد / فتجوز الزيادة എന്നൊക്കെയുള്ള ഇബാറത്തുകളുടെ താല്പര്യം في موضعين وأكثر എന്നാണ്.അതുകൊണ്ടാണ് ധാരാളം ഫുഖഹാക്കൾ അപ്രകാരം ഉപാധി (قيد) നൽകിയത്. ഈ ഉപാധി غالب നാണ് എന്ന് പറയാൻ തെളിവില്ല.  

നിഹായത്തുസ്സയ്ൻ 239, ഫത്ഹുൽ അല്ലാം 3 - 37 ലും മറ്റും, 'പല സ്ഥലത്തായിട്ട് ജുമുഅ തഅദ്ദുദാവൽ നിർബന്ധമെന്ന്' വ്യക്തമാക്കിയിട്ടുണ്ട്.

ആയതിനാൽ ഒരേ സ്ഥലത്ത് ജുമുഅ 'ട്രിപ്പടിക്കൽ' പാടില്ല, സഹീഹല്ല. ജുമുഅയുടെ ശർത്വ് പാലിക്കാത്തത് കൊണ്ടാണത്. 
🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲
ഇനിയും ഈ ഇബാറത്ത് ചിന്തിച്ചുനോക്കൂ. ജുമുഅ തഅദ്ദുദാകാണമെന്നുണ്ടെങ്കിൽ ഒരുമിച്ചുകൂടൽ പ്രയാസമാകണമെന്നാണല്ലോ. ഈ പ്രയാസം നീങ്ങുക എന്നതാണ് ഫത്ഹുൽ മുഈനിൽ للحاجة എന്ന് പറഞ്ഞത്. പ്രയാസം നീങ്ങാൻ എത്രയെണ്ണമാണോ വേണ്ടതെങ്കിൽ അത്ര മാത്രമേ ജുമുഅ നടത്താവൂ. അതാണ് ശേഷം بحسبها എന്ന് നിബന്ധന പറഞ്ഞത്.

ഇനി നോക്കൂ. ഒരു നാട്ടിൽ 1000 ആളുകൾ ഉണ്ട്. 500 ആളുകൾ മാത്രം ഉൾകൊള്ളുന്ന ഒരു പള്ളിയും, 250 പേരെ മാത്രം ഉൾകൊള്ളുന്ന രണ്ടു പള്ളികളുമാണ് അന്നാട്ടിലുള്ളത്. എങ്കിൽ അവിടെ മൂന്നു വരെ ജുമുഅ സഹീഹാകുമല്ലോ. 

എന്നാൽ, ഒരേ പള്ളിയിൽ തന്നെ തവണകളായി തഅദ്ദുദ് പറ്റുമായിരുന്നെങ്കിൽ വലിയ പള്ളിയിൽ തന്നെ രണ്ടു തവണയായി (500+500) ജുമുഅ നിസ്കരിച്ചാൽ പ്രയാസം പരിഹരിക്കാമല്ലോ. അപ്പോൾ ആകെ രണ്ടു ജുമുഅ മാത്രമേ അവിടെ സാധുവാകൂ. എന്നിരിക്കെ, മൂന്നു പള്ളിയിൽ മൂന്നു ജുമുഅകൾ ഒപ്പമായി നടന്നാൽ മൂന്നും, അല്ലെങ്കിൽ ഒന്നാം ജുമുഅയല്ലാത്തവയോ മൂന്നാമത്തെ ജുമുഅയോ ബാത്വിലാണെന്ന് വരുന്നതാണ്. അതാണെങ്കിലോ തെറ്റുമാണ്. ആയതിനാൽ ഒരു പള്ളിയിൽ പല ജുമുഅ എന്നത് തെറ്റാണ്.
لأن اللازم باطل فالملزوم كذلك باطل
"ജുമുഅ ളുഹ്ർ പോലെ"യാണെന്ന ഒരു പരാമർശം പിടിച്ചു, ആവശ്യമില്ലെങ്കിലും ഒരു നാട്ടിൽ പല ജുമുഅ പറ്റും എന്ന് വാദിച്ച ഒരു ഹനഫീ മദ്ഹബുകാരനെ ഇമാം താജുസ്സുബുകി (റ) ഉത്തരം മുട്ടിച്ചത് കാണുക:-
يلزمك جواز جمعتين في مسجد واحد ثم أخرجت له قول صاحب الاختيار وغيره إن ذالك باطل إجماعا
അങ്ങനെയെങ്കിൽ 'ഒരേ പള്ളിയിൽ രണ്ടു ജുമുഅ ജാസാകുക' എന്ന അപകടം നിനക്കു لازم ആയി വരും. അതു ബാത്വിലാണെന്ന ഇഖതിയാറിന്റെ കർത്താവിന്റെയും മറ്റും ഉദ്ധരണി ഞാൻ അയാൾക്ക് കാണിച്ചുകൊടുക്കുകയും ചെയ്തു. (ഫതാവാ സുബ്കി 1 - 186)
നോക്കൂ, ഒരു പള്ളിയിൽ പലവട്ടം ജുമുഅ നടത്തൽ ബാത്വിലാണെന്നത് അവിതർക്കിതമായതു കൊണ്ടാണല്ലോ അതുവെച്ച് അയാളെ ഉത്തരം മുട്ടിച്ചത്.

✳️✳️✳️✳️✳️✳️✳️✳️✳️✳️✳️

ഫത്ഹുൽ മുഈനിന്റെ ഇബാറത്തിൽ ഒന്നുകൂടി ചിന്തിച്ചു നോക്കൂ. 
മുഴുവനാളുകൾക്കും ഒരുമിച്ചുകൂടാൻ വിശാലമായ ഒറ്റ സ്ഥലമുണ്ടെങ്കിലും പക്ഷേ അതിൽ അസഹ്യമായ ഉപദ്രവമേൽക്കുന്നുണ്ടെങ്കിൽ, പല സ്ഥലത്തു ജുമുഅയാവാം. അഥവാ അതിൽ ഒരുമിച്ചു കൂടുന്നില്ലെങ്കിൽ സൗകര്യപ്രദമായ പല സ്ഥലങ്ങളിൽ ജുമുഅ നിർബന്ധമാണ്. അങ്ങനെയെങ്കിൽ ഒരു പള്ളിയിൽ സാധാരണ പോലെ, നിറഞ്ഞ ആളുകൾ ചേർന്നുനിന്ന് ജുമുഅയ്ക്ക് ഒരുമിച്ചുകൂടുകയാണെങ്കിൽ 'കോവിഡ് -19' ന്റെ വ്യാപനത്തിന്റെ ഭയമുണ്ടെന്നിരിക്കട്ടെ. എങ്കിൽ, അകലം പാലിച്ചും മറ്റു സുരക്ഷാ മുറകൾ സ്വീകരിച്ചും, ഇപ്പോഴത്തെ സാഹചര്യത്തിൽ, സാധിക്കുമെങ്കിൽ പരമാവധി നൂറു പേരുടെ പല ജുമുഅകൾ പലയിടത്തായി ഭയമില്ലാതെ നടത്തൽ നിർബന്ധമാകുമെന്നല്ലേ മനസ്സിലാകുന്നത്. ഒരു സ്ഥലത്ത് എല്ലാവരും ചേർന്നാലാണല്ലോ കോവിഡ് ഉപദ്രവം.  മേൽപറഞ്ഞ 'പല ജുമുഅ'യിൽ അതില്ലല്ലോ. അതിനാൽ, നിലവിലെ 'കോവിഡ് വ്യാപന ഭയം' എന്നത്  ഉദ്‌റാണെന്നൊക്കെ പറഞ്ഞുകൊണ്ട്,  ആളുകൾക്ക് ജുമുഅ വാജിബല്ലാതാക്കാൻ മുതിരേണ്ട. 

⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️

(قوله: يؤدي إلى إنشاء جمعة الخ) أي: وذلك لا يجوز، وقد يؤخذ منه جواز ذلك حيث جاز التعدد كأن
لم يصلح إلا مكان واحد، ولم يسع الجميع دفعة .حاشية ابن قاسم على الغرر البھية في شرح البھجة
٣/ الوردية: ٣١
ഈ ഇബാറത്താണുപോലും ജുമുഅ നിസ്കാരം ഒരേ പള്ളിയിൽ ട്രിപ്പടിക്കാൻ 'നോക്കിനിൽക്കുന്ന' ചിലരുടെ 'വ്യക്തമായ തെളിവ്'!!!

നന്നായി ചിന്തിച്ചാൽ ഇതു അവർക്ക് തെളിവല്ലെന്ന് മനസ്സിലാക്കാൻ പ്രയാസമില്ല. കാരണം, ഇതിൽ പറയുന്നത് തഅദ്ദുദ് ജാഇസാകുമെങ്കിൽ മഅമൂമല്ലാത്തയാളെ استخلاف ചെയ്യൽ ജാഇസാകാമെന്നൊരു സാധ്യതയാണ്. എന്നാൽ ഇബ്നു ഖാസിം തന്നെ ഇതു, ആവശ്യമില്ലാത്തതാണെന്ന ന്യായം നിരത്തി ഇതിനെ തള്ളിയിട്ടുണ്ട്. കാരണം, മഅമൂമുകളിൽ പെട്ടൊരാളെത്തെന്നെ  استخلاف ചെയ്യാമല്ലോ. (ഹാശിയത്തുനിഹായ 2 -349)

എങ്കിൽ ആവശ്യമുണ്ടെങ്കിൽ ഒരേ സ്ഥലത്തും തഅദ്ദുദ് ആകാം എന്ന് വ്യക്തമായല്ലോ എന്നാണ് ഈ ഇബാറത്ത് തെളിവുദ്ധരിക്കുന്നവർ ഉന്നയിക്കുന്നത്. പക്ഷേ ആ استدلال ശരിയല്ല. ആവശ്യമില്ലാത്തത് കൊണ്ട് (ഒരേ സ്ഥലത്തുള്ള) استخلاف ന്റെ തഅദ്ദുദ് പറ്റില്ല എന്നത്, ഒരു ന്യായമാണ്. വേറെയും ന്യായങ്ങളുണ്ട്. പക്ഷേ ആവശ്യമുള്ള തഅദ്ദുദ് പല സ്ഥലത്തേ പറ്റൂ എന്ന് നാം നേരത്തെ തെളിയിച്ചല്ലോ. 

മഅമൂമല്ലത്തെയാളെ ജുമുഅയിൽ استخلاف ചെയ്യാൻ പാടില്ലെന്നത് ഫുഖഹാഇന്റെ إطلاق ആണ്. അത് إنشاء جمعة بعد أخرى യായതിനാൽ അത് പാടില്ലെന്ന് എല്ലാവരും പറഞ്ഞതാണ്. ഇതു مطلق ആയിട്ടാണ് ബഹു. ഫുഖഹാക്കൾ പറഞ്ഞത്. അതിനു കീഴിലുള്ള എല്ലാ രൂപങ്ങളെയും അതുൾപ്പെടുത്തി. പുറത്തുള്ളൊരാളെ, ആവശ്യത്തിന് വേണ്ടി استخلاف ചെയ്യുന്ന രൂപവും അതിലുൾപ്പെട്ടു. ഉദാഹരണത്തിന്,
متى كان في الأربعين أمي لم يقصر في التعلم لم تصح صلاة الجمعة عند حج وعند م ر تصح ما لم يكن مقصرا في التعلم (إثمد العينين ٤١) 
(ശർവാനി 2 - 438 കാണുക)

 ജുമുഅയിലെ മഅമൂമുകൾ പരസ്പരം തുടരാൻ പറ്റാത്ത ഉമ്മിയ്യുകൾ (ഓത്തറിയാത്തവർ) ആണ്. അവർ ഖുർആൻ പഠിക്കാൻ വീഴ്ച വരുത്താത്തവരുമാണ്.   അതോടൊപ്പം പുറത്തുള്ളയാൾ ഖാരിഉമാണ്. എങ്കിൽ നിസ്കാരത്തിൽ നിന്ന് പുറത്തുപോയ ഇമാമിന് ഈ ഖാരിഇനെത്തന്നെ استخلاف ചെയ്യാൻ ആവശ്യം വന്നു, മഅമൂമുകളിൽ ആരും ഇമാമത്തിന് പറ്റാത്തത് കൊണ്ട്. എന്നാലും استخلاف പാടില്ലെന്നാണല്ലോ ഫുഖഹാഇന്റെ إطلاق.

 കാരണം അത് 
 إنشاء جمعة بعد أخرى
യാണ്. ഒരേ സ്ഥലത്ത് അത് ഒരു രൂപത്തിലും പാടില്ല. ആയതിനാൽ ആവശ്യമുണ്ടെന്ന് കരുതി ഒരേ സ്ഥലത്ത് ജുമുഅ തഅദ്ദുദാകൽ ഫുഖഹാക്കൾ നിരുപാധികം നിരോധിച്ചതിന്റെ പരിധിയിലായതിനാൽ  അതു പാടില്ലാത്തതാണ്. 

✅✅✅✅✅✅✅✅✅✅✅

ജുമുഅ നിസ്കാരം ഒരേ സ്ഥലത്ത് ട്രിപ്പടിക്കൽ പറ്റില്ലെന്നതിന് ഇനിയും ധാരാളം തെളിവുകളുണ്ട്. അവ പിന്നീട് കുറിക്കാം. ഇൻശാഅല്ലാഹ്‌. ചിന്തിക്കാൻ കഴിയുന്നവർക്ക് ഇതു മതിയല്ലോ. 

എംടി അബൂബക്ർ ദാരിമി



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only

Start typing and press Enter to search