*#സയ്യിദ്_മുഹമ്മദ്_ജിഫ്രി_മുത്തുക്കോയ_തങ്ങൾ*
*#കുടുംബം*
ഹുസൈൻ ജിഫ്രി പൂക്കുഞ്ഞിക്കോയ തങ്ങളുടെയും ഫാത്വിമ ചെറിയ ബീവി ജമലുല്ലൈലിയുടേയും പുത്രനായി 1957 മാർച്ചിൽ ജില്ലയിലെ കുളപ്പുറം ഇരുമ്പുചോലയിലെ മാതൃഭവനത്തിൽ ജനിച്ചു. ചെമ്മാട് കരിപറമ്പ് എസ്.കെ.കെ. തങ്ങൾ ജമലുല്ലൈലിയുടെ മകൾ ഫാത്വിമത്തു മുത്ത് ബീവിയാണ് ഭാര്യ. മക്കൾ: ജഅ്ഫർ സ്വാദിഖ് തങ്ങൾ, ത്വാഹാ ഹുസൈൻ, നജ്‌വ ജിഫ്രി.
*#വിദ്യാഭ്യാസം*
പ്രാഥമിക പഠനം നടത്തിയത് സ്വദേശമായ ചെറുമുക്കിൽ. റൂഹുൽ ഇസ്‌ലാം മദ്രസ, കുണ്ടൂർ എംഎൽപി സ്‌കൂൾ, തിരൂരങ്ങാടി ഗവൺമെന്റ് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ പഠനം നടത്തി. മത പഠന മേഖലയിൽ താത്പര്യം പ്രകടിപ്പിച്ച അദ്ദേഹം ചെറുമുക്ക്, തിരൂരങ്ങാടി താഴെചെനക്കൽ, തെക്കുംപാടം എന്നിവിടങ്ങളിലെ ദർസുകളിൽ ചേർന്ന് വിവിധ മേഖലകളിൽ അവഗാഹം നേടി. ഉപരി പഠനാർത്ഥം പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ 1974-75 കാലത്ത് ഉപരി പഠനത്തിന് ചേർന്നു. ശേഷം 1976ഇൽ ചെന്നൈ ജമാലിയ്യാ അറബിക് കോളേജിൽ ചേർന്നെങ്കിലും ശക്തമായ പനിപിടിപെട്ട കാരണം ഒരുമാസത്തിന് ശേഷം അവിടെ നിന്നും പോന്നു. നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാരുടെ ദർസിൽ പഠന തുടർന്നു. ശേഷം 1977ഇൽ ലക്നോവിലെ ദയൂബന്ത് ദാറുൽ ഉലൂമിൽ ചേർന്ന് ദൗറത്തുൽ ഹദീസിൽ ഒരു വർഷത്തെ കോഴ്‌സ് പൂർത്തീകരിച്ചു. തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാർ, അബൂ ബുശ്റ കുഞ്ഞീൻ മുസ്‌ലിയാർ, ഇ.കെ അബൂബക്കർ മുസ്‌ലിയാർ, കോട്ടുമല അബൂബക്കർ മുസ്‌ലിയാർ, കുമരം പുത്തൂർ എ.പി. മുഹമ്മദ് മുസ്‌ലിയാർ, കോട്ടുമല മൊയ്തീൻ കുട്ടി മുസ്‌ലിയാർ, എം.ടി. അബ്ദുല്ല മുസ്‌ലിയാർ പനങ്ങാങ്ങര എന്നിവരാണ് പ്രധാന ഗുരുനാഥന്മാർ.
*#അധ്യാപനം*
ദയൂബന്തിലെ ബിരുദ പഠന ശേഷം കേരളത്തിലെ വിവിധ സ്ഥലങ്ങളായ പാണ്ടിക്കാട് - കൊടശ്ശേരി, കോട്ടക്കൽ - കൂരിയാട്, പുതുപ്പറമ്പ് എന്നിവിടങ്ങളിൽ ദർസ് നടത്തി. 1990ഇൽ റഹ്മാനിയ്യ അറബിക് കോളേജ് കടമേരി, 1992ഇൽ നന്തി ദാറുസ്സലാം അറബിക് കോളേജ് എന്നിവിടങ്ങളിലും അധ്യാപകനായി സേവനം ചെയ്തു. നന്തി ദാറുസ്സലാമിൽ വൈസ് പ്രിൻസിപ്പാളായും പിന്നീട് പ്രിൻസിപ്പാളായും സേവനം ചെയ്ത ശേഷം കുറ്റിക്കാട്ടൂർ ശംസുൽ ഉലമ ഇസ്ലാമിക് സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന ജാമിഅ യമാനിയ്യ അറബിക് കോളേജിൽ പ്രിൻസിപ്പാളായും ദാറുൽ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റി വിസിറ്റിംഗ് ലക്ചറായും സേവനം ചെയ്യുന്നു. കൂടാതെ മടവൂർ അശ്അരി കോളേജിന്റെയും പ്രൻസിപ്പാൾ ആണ്.
*#പൊതു_പ്രവർത്തന_രംഗം*
ജാമിഅയിൽ പഠനകാലത്ത് നൂറുൽ ഉലമയുടെ വായന ശാലയുമായി ബന്ധപ്പെട്ട സമിതിയിൽ അംഗമായിരുന്നു. പിന്നീട് തിരൂർ താലൂക്ക് സമസ്ത വിദ്യാർത്ഥി സംഘടന രൂപീകരിക്കപ്പെട്ടപ്പോൾ അതിന്റെ അധ്യക്ഷ സ്ഥാനത്ത് പ്രവർത്തിച്ചിട്ടുണ്ട്. അധ്യാപന രംഗത്ത് കൂടാതെ പൊതുരംഗത്തും ശ്രദ്ധേയനായത് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേത്രസ്ഥാനത്തേക്ക് തെരെഞ്ഞെടുത്തതോട് കൂടിയാണ്. സമസ്തയുടെ നാല്പതംഗ കേന്ദ്ര മുശാവറയിൽ ചേർക്കപ്പെട്ട അദ്ദേഹം പാറന്നൂർ പി.പി ഇബ്രാഹീം മുസ്‌ലിയാരുടെ വിയോഗത്തോടെ 2013 ഡിസംബറിൽ ഖജാഞ്ചിയായും തെരഞ്ഞെടുക്കപ്പെട്ടു. കുമരംപുത്തൂർ എ.പി മുഹമ്മദ് മുസ്‌ലിയാരുടെ വിയോഗ ശേഷം ശേഷം 2017 ജനുവരിയിൽ സമസ്തയുടെ പ്രസിഡന്റ് പദത്തിലേക്കും അദ്ദേഹത്തെ തെരഞ്ഞെടുക്കപ്പെട്ടു.കൂടാതെ സമസ്തയുടെ ഏറ്റവും ഉന്നത സമിതിയായ ഫത്’വ കമ്മിറ്റി അംഗം കൂടിയാണ്. കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത്, കോട്ടിക്കുളം മുസ്‌ലിം ജമാഅത്ത് ഉൾപ്പെടെ കാസറഗോഡ്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ നൂറിലധികം മഹല്ലുകളുടെ ഖാസിയാണ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ. സുപ്രഭാതം ദിനപത്രത്തിന്റെയും ഇഖ്‌റഅ് പബ്ലിക്കേഷന്റെയും ചെയർമാൻ കൂടിയാണ് ഇദ്ദേഹം . കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാരുടെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന പദവിയിലേക്കാണ് നിയമനം നടത്തിയത്.
*അല്ലാഹു സുന്നീ കൈരളിയുടെ പകരം വെക്കാനില്ലാത്ത ആത്മീയ നായകന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ*
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ