വിശപ്പിന്‍റെ പ്രയോജനങ്ങളും വയര്‍ നിറക്കുന്നതിന്‍റെ അപകടങ്ങളും (ഭാഗം :2) LABEEB WAFY Pathiramanna


✍️ | LABEEB WAFY PATHIRAMANNA |
വിശ്വ പ്രസിദ്ധ പണ്ഡിതൻ ഹുജ്ജതുൽ ഇസ്ലാം അബൂഹാമിദുൽ ഗസാലി (റ) യുടെ പ്രസിദ്ധ ഗ്രന്ഥമായ ഇഹിയാഉലുമിദ്ദീനിൽ നിന്ന്


വിശപ്പിന്‍റെ പ്രയോജനങ്ങളും വയര്‍ നിറക്കുന്നതിന്‍റെ അപകടങ്ങളും
(ഭാഗം :2)


2) ദിക്റിന്റെ ഫലവും മുനാജാതി (അല്ലാഹുവുമായുള്ള അഭിമുഖം) ന്റെ ആനന്ദവും മനസ്സിലാക്കാൻ കഴിയുന്ന തരത്തിലുള്ള ഹൃദയത്തിന്റെ  ശുദ്ധമാകലും അലിവുള്ളതാകലും

ദിക്ർ ഫലം ചെയ്യുന്നതിനും ഹൃദയത്തിനുമിടയിൽ ഹൃദയ കാഠിന്യമുള്ളത് കാരണം അവിടെ  മറയുള്ളതുപോലെ ഹൃദയത്തിന് ആനന്ദവും ഫലവും ലഭിക്കാത്ത എന്നാൽ ഹൃദയ സാന്നിധ്യത്തോടെ തന്നെയുള്ള എത്രയെത്ര ദിക്റുകളാണ് നാവുകളിലൂടെ ചലിക്കാറുള്ളത്! എന്നാൽ ചില സമയങ്ങളിൽ ഹൃദയം അലിവുള്ളതാകുകയും അപ്പോൾ ദിക്റുകൊണ്ട് ലഭിക്കുന്ന ഹൃദ്യാനുഭവവും മുനാജാതിന്റെ ആനന്ദവും വമ്പിച്ചതാകുകയും ചെയ്യാറുണ്ട്. ഇങ്ങനെ സംഭവിക്കാനുള്ള ഏറ്റവും പ്രകടമായ കാരണം ആമാശയം ഭക്ഷണത്തിൽ നിന്ന് ഒഴിവാകുന്നു എന്നതാണ്.

അബൂസുലൈമാനുദ്ദാറാനി (റ) പറഞ്ഞു: എന്റെ പുറംഭാഗം വയറുമായി ചേർന്നിരിക്കുമ്പോഴുള്ള ആരാധനയാണ് എനിക്ക് ഏറ്റവും മാധുര്യമുള്ളത്.

ജുനൈദ് (റ) പറഞ്ഞു: ചിലർ അവർക്കും അവരുടെ നെഞ്ചിനുമിടയിൽ ഭക്ഷണ സഞ്ചി ആക്കുകയും മുനാജാതിന്റെ മാധുര്യം നുകരാൻ ആഗ്രഹിക്കുകയും ചെയ്യുന്നു!

അബൂസുലൈമാനുദ്ദാറാനി (റ) പറഞ്ഞു: ഹൃദയം വിശക്കുകയും ദാഹിക്കുകയും ചെയ്താൽ അത് തെളിയുകയും അലിവുള്ളതാകുകയും ചെയ്തു. അത് നിറഞ്ഞതായാൽ അജ്ഞനാവുകയും നശിക്കുകയും ചെയ്തു.

അതുകൊണ്ട് ചിന്തയെ എളുപ്പമാക്കുകയും മഅ് രിഫത്ത് സമ്പാദിക്കുകയും ചെയ്യുക, എന്നതിന് പുറമെ മുനാജാതിന്റെ രസം ഹൃദയം അനുഭവിക്കുന്നു എന്ന പ്രയോജനവും കൂടി വിശപ്പ് സഹിക്കുന്നതിനുണ്ട്.


3) ശരീരത്തെ കീഴ്പെടുത്തലും വിധേയപ്പെടുത്തലും, അല്ലാഹുവിനെ കുറിച്ച് അശ്രദ്ധയിലാകുന്നതിന്റെയും അതിക്രമം പ്രവർത്തിക്കുന്നതിന്റെയും ഉറവിടമായ സൗഭാഗ്യത്തിൽ മതിമറക്കൽ, സന്തോഷം, ആഹ്ലാദം എന്നിവയെ നീക്കം ചെയ്യലും.

വിശപ്പുകൊണ്ട് ശരീരം വിധേയപ്പെടുന്നതുപോലെ ഒന്നുകൊണ്ടും ശരീരം കീഴ്പെടുകയോ വിധേയപ്പെടുകയോ ചെയ്യില്ല. വിധേയപ്പെട്ടാൽ അത് അല്ലാഹുവിന് വേണ്ടി ജീവിക്കുകയും അവനെ ഭയപ്പെടുകയും അതിന്റെ നിസാരതയെയും അശക്തതയെയും മനസ്സിലാക്കുകയും ചെയ്യും. 
ഒരാൾ സ്വശരീരത്തിന്റെ നിസാരതയും അശക്തതയും കാണാത്ത കാലത്തോളം അവന്റെ യജമാനന്റെ പ്രതാപവും അധികാരവും കാണുകയില്ല. തീർച്ചയായും അവന്റെ വിജയം കുടികൊള്ളുന്നത് അശക്തതയുടെയും നിന്ദ്യതയുടെയും കണ്ണുകൊണ്ട് സദാസമയം  സ്വശരീരത്തെയും, അധികാരത്തിന്റെയും ശക്തിയുടെയും പ്രതാപത്തിന്റെയും കണ്ണുകൊണ്ട് അവന്റെ യജമാനനെയും ദർശിക്കുന്നതിൽ മാത്രമാണ്. അതിനാൽ അവൻ നിത്യവും വിശക്കുന്നവനും, അവന്റെ യജമാനനെ ആവശ്യമുള്ളവനും അനുഭൂതികളെ തീർച്ചയായും നേരിൽ കാണുന്നവനുമാകണം.
അതുകൊണ്ടാണ് ഭൂമിയും അതിന്റെ സംഭരണികളുമെല്ലാം  വെളിവാക്കപ്പെട്ടപ്പോൾ നബി (സ്വ) പറഞ്ഞത്: എനിക്കത് വേണ്ട. മറിച്ച് ഒരു ദിവസം ഞാൻ നോമ്പ് നോൽകുന്നു. ഒരു ദിവസം ഞാൻ വയർ നിറക്കുന്നു. ഞാൻ വിശപ്പനുഭവിക്കുമ്പോൾ ക്ഷമിക്കുകയും അല്ലാഹുവിനോട് കേണപേക്ഷിക്കുകയും വയർ നിറക്കുമ്പോൾ നന്ദി ഉള്ളവനാകുകയും ചെയ്യുന്നു. 

അപ്പോൾ വയറും ഗുഹ്യസ്ഥാനവും നരക കവാടങ്ങളിൽ പെട്ടതാണ്. അതിന്റെ അടിസ്ഥാനം വയർ നിറക്കലാണ്. ശരീരത്തെ വിധേയപ്പെടുത്തലും നിസ്സാരമാക്കലും സ്വർഗ കവാടങ്ങളിലും പെട്ടതാണ്. അതിന്റെ അടിസ്ഥാനം വിശപ്പുമാണ്.  ആരെങ്കിലും നരക കവാടം അടച്ചാൽ തീർച്ചയായും അവൻ സ്വർഗ കവാടമാണ് തുറന്നത്. കാരണം അവരണ്ടും കിഴക്കും പടിഞ്ഞാറുംപോലെ വൈരുദ്ധ്യങ്ങളാണ്. അതിനാൽ ഒരുവശത്തോടുള്ള അടുപ്പം എതിർവശത്തോടുള്ള അകൽച്ചയാണ്.


‌‌4) അല്ല‌ാഹുവിൽ നിന്നുള്ള കഷ്ടതയെയും ശിക്ഷയെയും കഷ്ടതയനുഭവിക്കുന്നവരെയും മറക്കാതിരിക്കൽ

വയർ നിറക്കുന്നവൻ തീർച്ചയായും വിശക്കുന്നവനെയും വിശപ്പിനെയും മറക്കും. ബുദ്ധിമാനായ അടിമ മറ്റുള്ളവരുടെ കഷ്ടത കാണുമ്പോൾ പരലോക കഷ്ടതയെ ഓർക്കുകയും ചെയ്യും. അപ്പോൾ ദാഹിക്കുമ്പോൾ ഖിയാമത്ത് നാളിലെ ദാഹവും വിശക്കുമ്പോൾ നരക നിവാസികളുടെ വിശപ്പും അവനോർക്കും. നരക നിവാസികൾക്ക് വിശക്കുമ്പോൾ നരകത്തിലെ ഭക്ഷണമായ ളരീഉ(മുള്ളുനിറഞ്ഞ ഉണക്കപ്പുല്ല്)ം സഖൂമു(ഒരുതരം വൃക്ഷം)ം ഭക്ഷിക്കപ്പെടുകയും ദാഹിക്കുമ്പോൾ നരകപാനീയങ്ങളായ ഗസ്സാഖ് (ചീഞ്ചലം),മുഹൽ (ശവത്തിന്റെ ചലം) എന്നിവ കുടിപ്പിക്കപ്പെടുകയും ചെയ്യും. അതിനാൽ പരലോക ശിക്ഷയും അതിന്റെ വേദനകളും മറക്കൽ അടിമക്ക് ഭൂഷണമല്ല. 

പരലോക ശിക്ഷ അവനിൽ അല്ലാഹുവിനെ കുറിച്ചുള്ള ഭയമുണ്ടാക്കും. അവൻ നിന്ദ്യതയിലും വിപത്തിലും ദൗർലഭ്യത്തിലും കഷ്ടതയിലും ആയില്ലെങ്കിൽ പരലോക ശിക്ഷയെ മറക്കുകയും അതിനെ മനസ്സിലാകാതെ വരികയും സ്വഹൃദയത്തെ കീഴ്പെടുത്താത്തവനാകുകയും ചെയ്യും. അതിനാൽ അവൻ കഷ്ടതയെ കാണുന്നവനോ അനുഭവിക്കുന്നവനോ ആകണം. 

കഷ്ടതകളിൽ വെച്ച് അവൻ അനുഭവിക്കുന്നതിൽ ഏറ്റവും നല്ലത് വിശപ്പാണ്. പരലോക സ്മരണ ഉണർത്തൽ കൂടാതെത്തന്നെ ധാരാളം പ്രയോജനങ്ങൾ അതിലുണ്ട്. പ്രവാചകന്മാർക്കും ഔലിയാക്കൾക്കും അവരെ പോലെയുള്ളവക്കും കഷ്ടതയനുഭവിക്കൽ ആവശ്യമായിത്തീരാനുള്ള കാരണങ്ങളിൽ ഒന്ന് അതാണ്. അതുകൊണ്ടാണ് ഭൂസമ്പത്ത് നിങ്ങളുടെയടുത്തുണ്ടായിട്ടും എന്തുകൊണ്ട് പട്ടിണി കിടക്കുന്നുവെന്ന് പ്രവാചകൻ യൂസുഫ് നബി (അ) നോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്: വയർ നിറക്കൽ ഞാൻ പേടിക്കുന്നു. അപ്പോൾ ഞാൻ വിശന്നവനെ മറക്കും.

വിശക്കുന്നവരേയും ആവശ്യക്കാരേയും ഓർക്കൽ വിശപ്പിന്റെ പ്രയോജനങ്ങളിൽ ഒന്നാണ്. തീർച്ചയായും അത് അല്ലാഹുവിന്റെ സൃഷ്ടികളോട് കാരുണ്യം ചെയ്യുന്നതിലേക്കും അവരെ ഭക്ഷിപ്പിക്കുന്നതിലേക്കും അവരോട് വാത്സല്യം കാണിക്കുന്നതിലേക്കും നയിക്കും. എന്നാൽ വയർ നിറച്ചവൻ വിശക്കുന്നവന്റെ വേദനയെ കുറിച്ച് അശ്രദ്ധയിലായിരിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only

Start typing and press Enter to search