വിശപ്പിന്‍റെ പ്രയോജനങ്ങളും വയര്‍ നിറക്കുന്നതിന്‍റെ അപകടങ്ങളും (ഭാഗം :3) | LABEEB WAFY PATHIRAMANNA




✍️ | ലബീബ് വാഫി പാതിരമണ്ണ |

വിശ്വ പ്രസിദ്ധ പണ്ഡിതന്‍ ഹുജ്ജതുല്‍ ഇസ്ലാം അബൂഹാമിദുല്‍ ഗസാലി (റ) യുടെ പ്രസിദ്ധ ഗ്രന്ഥമായ ഇഹിയാഉലൂമിദ്ദീനില്‍ നിന്ന്.


വിശപ്പിന്‍റെ പ്രയോജനങ്ങളും വയര്‍ നിറക്കുന്നതിന്‍റെ അപകടങ്ങളും
 (ഭാഗം :3).


5) തെറ്റ് ചെയ്യാനുള്ള സര്‍വ ആഗ്രഹങ്ങളെയും ഇല്ലാതാക്കലും തെറ്റുകൊണ്ട് കൂടുതല്‍ കല്‍പിക്കുന്ന മനസ്സിനുമേല്‍ ആധിപത്യം സ്ഥാപിക്കാന്‍ കഴിയലും. വിശപ്പിന്‍റെ ഏറ്റവും വലിയ പ്രയോജനങ്ങളില്‍ പെട്ടതാണിത്.

തീര്‍ച്ചയായും എല്ലാ തെറ്റുകളുടെയും ഉത്ഭവം ആഗ്രഹങ്ങളും ശരീരത്തിനുള്ള ശക്തിയുമാണ്. ആഗ്രഹങ്ങളുടെയും ശക്തിയുടെയും മൂലകം -ഒരു സംശയവുമില്ല- ഭക്ഷണപദാര്‍ത്ഥങ്ങളുമാണ്. അപ്പോള്‍ ഭക്ഷണം കുറക്കല്‍ എല്ലാ ആഗ്രഹങ്ങളെയും ശക്തിയെയും ബലഹീനമാക്കും.

തീര്‍ച്ചയായും സര്‍വ വിജയങ്ങളും കുടികൊള്ളുന്നത് ഒരാള്‍ തന്‍റെ ശരീരത്തെ കീഴ്പെടുത്തുന്നതിലും പരാജയം നിലകൊള്ളുന്നത് ശരീരം അവനെ കീഴ്പ്പെടുത്തുന്നതിലും മാത്രമാണ്.

മോട്ട്കാണിക്കുന്ന മൃഗത്തെ വിശപ്പിന്‍റെ ബലഹീനത കൊണ്ടല്ലാതെ നിനക്ക് കീഴ്പ്പെടുത്താനാകില്ല. കാരണം, അത് വയര്‍ നിറച്ചാല്‍ ശക്തവാനും ഓടുന്നതും മോട്ട്കാണിക്കുന്നതുമായിത്തീരും. ഇതുപോലെത്തന്നെയാണ് ശരീരത്തിന്‍റെ കാര്യവും. ശരീരം ശോഷിച്ചിട്ടും വാര്‍ധക്യകാലത്തും അതിനെ ഗൗനിക്കാത്ത അവസ്ഥയെന്താണെന്ന് ചോദിക്കപ്പെട്ടപ്പോള്‍ ചിലര്‍ പറഞ്ഞത് എന്‍റെ ശരീരം വേഗം അഹങ്കരിക്കുന്നതും ആര്‍ത്തി കാണിക്കുന്നതുമാണ്. അതിനാല്‍ അത് എന്നോട് മോട്ട്കാണിക്കുന്നതിനെയും അങ്ങനെ എന്നെ അപകടത്തില്‍ പെടുത്തുന്നതിനെയും ഞാന്‍ ഭയപ്പെടുന്നു. ശരീരത്തെ ബുദ്ധിമുട്ടുകളുടെ മേല്‍ പ്രേരിപ്പിക്കുന്നതാണ് അതിനെ തെറ്റിനു മേല്‍ പ്രേരിപ്പിക്കുന്നതിനെക്കാളും എനിക്കേറ്റവുമിഷ്ടം എന്നായിരുന്നു.
ദുന്നൂനുല്‍ മിസ്രി (റ) പറഞ്ഞു : തെറ്റ് ചെയ്യുകയോ തെറ്റ് ചെയ്യാന്‍ വിചാരിക്കുകയോ ചെയ്തിട്ടെല്ലാതെ ഞാന്‍ തീരെ വയര്‍ നിറച്ചിട്ടില്ല.

ആയിശ (റ) പറഞ്ഞു : പ്രവാചകന്‍ (സ്വ) ക്ക് ശേഷം ഉടലെടുത്ത ആദ്യ ബിദ്അത്ത് (പുത്തനാചാരം) വയര്‍ നിറക്കലായിരുന്നു. ആളുകളുടെ വയര്‍ നിറഞ്ഞപ്പോള്‍ അവരുടെ ശരീരം മോട്ട്കാണിക്കുകയുണ്ടായി.

അതിനാല്‍ ശരീരത്തിനുമേല്‍ ആധിപത്യം നേടാനാകലും തെറ്റുചെയ്യാന്‍ നന്നായി കല്‍പ്പിക്കുന്ന ശരീരത്തെ നിയന്ത്രിക്കാനാകലും കേവലം ഒരു പ്രയോജനമല്ല. മറിച്ച്, പ്രയോജനങ്ങളുടെ ശേഖരങ്ങളില്‍ പെട്ടതാണ്. അതുകൊണ്ടാണ് ഇപ്രകാരം പറയപ്പെട്ടത് : വിശപ്പ് അല്ലാഹുവിന്‍റെ ശേഖരങ്ങളില്‍ പെട്ടഒരു ശേഖമാണെന്ന്.

ലൈംഗിക ദാഹവും സംസാരിക്കാനുള്ള താല്‍പര്യവും ഇല്ലാതാകുന്നു എന്നതാണ് വിശപ്പുകൊണ്ടുണ്ടാകുന്ന ഒന്നാമത്തെ കാര്യം. തീര്‍ച്ചയായും വിശക്കുന്നവന്‍റെ മേല്‍ അനാവശ്യ സംസാരത്തിനുള്ള താല്‍പര്യം സഞ്ചരിക്കുകയില്ല. അതിനാലവന്‍ പരദൂഷണം, ദുഷിച്ച സംസാരം, കളവ്, ഏഷണി തുടങ്ങിയവയെപ്പോലെയുള്ള നാവിന്‍റെ അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടും. വിശപ്പ് അവനെ ഇവയില്‍ നിന്നെല്ലാം തടയും. എന്നാല്‍ വയര്‍ നിറച്ചാല്‍ അവന്‍ തമാശയിലേക്ക് ആവശ്യമുള്ളവനാകും. അപ്പോളവന്‍ -ഒരു സംശയവുമില്ല- ആളുകളുടെ അഭിമാനത്തെ കുറിച്ച് പരദൂഷണം പറഞ്ഞ് രസിക്കും. ആളുകളെ നരകത്തിലേക്ക് മുഖംകുത്തി വീഴ്ത്തുന്നത് അവരുടെ ആക്ഷേപകരമായ സംസാരങ്ങള്‍ മാത്രമാണ്.

ലൈംഗിക ദാഹത്തിന്‍റെ ദുരന്തവും അവ്യക്തമായ കാര്യമല്ല. ഒരുത്തന്‍ വയര്‍ നിറച്ചാല്‍ ഗുഹ്യസ്ഥാനത്തെ നിയന്ത്രിക്കാന്‍ അവന് കഴിയില്ല. ഇനി അല്ലാഹുവിലുള്ള സൂക്ഷ്മത അവനെ അതില്‍ നിന്ന് തടഞ്ഞാലും കണ്ണിനെ നിയന്ത്രിക്കാനവനാകില്ല. അപ്പോള്‍ ഗുഹ്യം വ്യപിചരിക്കുന്നതുപോലെ അവന്‍റെ കണ്ണുകള്‍ വ്യപിചരിക്കും. ഇനിയവന്‍ കണ്ണ്ചിമ്മി അതിനെ നിയന്ത്രിച്ചാല്‍ തന്നെയും ചിന്തയെ നിയന്ത്രിക്കാന്‍ അവനാകില്ല. അങ്ങനെ അല്ലാഹുവോടുള്ള മുനാജാതില്‍ നിന്നും ശ്രദ്ധതിരിക്കുന്ന മോശപ്പെട്ട ചിന്തകളും മറ്റും അവന്‍റെ മനസ്സില്‍ തോന്നും. പലപ്പോഴും അത്തരം ചിന്തകള്‍ നിസ്കാരത്തിനിടയില്‍ പോലും വരുന്നതായി തീരും.

ഗുഹ്യത്തിന്‍റെയും നാവിന്‍റെയും അപകടങ്ങള്‍ മാത്രമാണ് നാമിവിടെ ഉദാഹരണമായി പറഞ്ഞത്. ഏഴ് അവയവങ്ങള്‍ കൊണ്ടുള്ള സര്‍വ്വ തെറ്റുകളുടെയും കാരണം വയര്‍ നിറച്ചതിനാല്‍ കരസ്ഥമായ ശരീരത്തിന്‍റെ ശക്തിയാണ്.

ഒരു തത്വജ്ഞാനി പറഞ്ഞു: അധികാരത്തില്‍ നിന്ന് മാറിനില്‍ക്കുകയും ഒരു വര്‍ഷം മുഴുവനും റൊട്ടി മാത്രം കഴിക്കുകയും അതിനോടൊപ്പം രുചിയുണ്ടാക്കാന്‍ ഒന്നും ചേര്‍ക്കാതിരിക്കുകയും വയറിന്‍റെ പകുതി മാത്രം ഭക്ഷിക്കുകയും ചെയ്ത എല്ലാ മുരീദിനെയും അല്ലാഹു സ്ത്രീയുടെ ചെലവിനെതൊട്ട് ഉയര്‍ത്തുന്നതാണ്.(അപ്പോള്‍ അവന് സ്ത്രീയോട് ഹലാലായോ ഹറാമായോ താല്‍പര്യം തോന്നില്ല). 


6) ഉറക്കിനെ പ്രതിരോധിക്കാനും ഉറക്കമൊഴിക്കലിനെ പതിവാക്കാനും സാധിക്കുന്നു.

തീര്‍ച്ചായും വയര്‍ നിറച്ചവന്‍ ധാരാളം വെള്ളം കുടിക്കും. അപ്പോള്‍ അവന്‍റെ ഉറക്കും അധികരിക്കും. അതുകൊണ്ടാണ് മുന്നിലേക്ക് ഭക്ഷണമെത്തുമ്പോള്‍ ചില ശൈഖുമാര്‍ ഇപ്രകാരം മുരീദുമാരോട് പറയാറുണ്ടായിരുന്നത്: നിങ്ങള്‍ കൂടുതല്‍ ഭക്ഷിക്കരുത്. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ കൂടുതല്‍ വെള്ളം കുടിക്കുന്നവരാകും. അങ്ങനെ നിങ്ങള്‍ കൂടുതല്‍ ഉറങ്ങുന്നവരും കൂടുതല്‍ പരാജയപ്പെടുന്നവരുമായിത്തീരും.

അമിത ഉറക്കം അമിത തീറ്റ കാരണമാണെന്നതില്‍  എഴുപത് സ്വിദ്ധീഖുകളുടെ അഭിപ്രായം ഏകോപിച്ചിട്ടുണ്ട്.

അമിതമായി ഉറങ്ങുന്നതില്‍ വയസ്സ് പാഴാകലും തഹജ്ജുദ് നഷ്ടപ്പെടലും സ്വപ്രകൃതി മടിയനാകലും ഹൃദയം കഠിനമാകലുമുണ്ട്. വയസ്സ് ഏറ്റവും അമൂല്യമായ രത്നവും അടിമയുടെ മൂലധനവുമാണ്. അതുകൊണ്ടാണവന്‍ കച്ചവടം ചെയ്യുന്നതും ലാഭം കൊയ്യുന്നതും. എന്നാല്‍ ഉറക്കം മരണമാണ്. അപ്പോള്‍ അതിനെ വര്‍ധിപ്പിക്കല്‍ ആയുസ്സ് ചുരുക്കലാണ്.

തഹജ്ജുദിന്‍റെ ശ്രേഷ്ടത അവ്യക്തമായ കാര്യമല്ല. ഉറക്കില്‍ അതിനെ നഷ്ടപ്പെടുത്തലുണ്ട്. ഉറക്കം അധികരിക്കുമ്പോഴെല്ലാം തഹജ്ജുദ് നിസ്കരിച്ചാലും ആരാധനയുടെ മാധുര്യം അവന് ലഭിക്കാതെ വരും. ഇനി അവിവാഹിതന്‍റെ കാര്യമെടുത്താല്‍ വയര്‍ നിറച്ച് ഉറങ്ങിയാല്‍ അവന് സ്ഖലനമുണ്ടാകും. അത് അവനെയും തഹജ്ജൂദില്‍ നിന്ന് തടയും. അവന് കുളിക്കേണ്ടതായി വരും. ഒന്നുകില്‍ തണുത്ത വെള്ളം ഉപയോഗിക്കേണ്ടി വരും. അതുകൊണ്ടവന്‍ വിഷമിക്കും. അല്ലെങ്കില്‍ അവന് കുളിമുറിയിലേക്ക് പോകേണ്ടതായിവരും. രാത്രി ചിലപ്പോള്‍ അവനതിന് സാധിക്കാതെ വരികയും ചെയ്യും. അപ്പോള്‍ തഹജ്ജുദിലേക്ക് പിന്തിപ്പിച്ചിട്ടുണ്ടെങ്കില്‍ പോലും വിത്റവന് നഷ്ടപ്പെടും. കുളിപ്പുര ഉപയോഗിക്കാന്‍ അവന് ചെലവുണ്ടാകും. ചിലപ്പോള്‍ കുളിമുറിയിലേക്ക് പ്രവേശിക്കുമ്പോള്‍ അവന്‍റെ കണ്ണുകള്‍ ഔറതിലേക്ക് സംഭവിക്കാനും സാധ്യതയുണ്ട്. അതിന്‍റെ അപകടങ്ങളെല്ലാം ശുദ്ധീകരണത്തിന്‍റെ അധ്യായത്തില്‍ നാം പറഞ്ഞിട്ടുള്ളതാണ്. ഇതെല്ലാം വയര്‍ നിറച്ചതിന്‍റെ അനന്തര ഫലമാണ്.

അബൂസുലൈമാനുദ്ദാറാനി (റ) പറഞ്ഞു : സ്ഖലനം ശിക്ഷയാണ്. എല്ലാ സമയത്തും കുളിക്കല്‍ പ്രയാസമായതിനാല്‍ ഒരുപാട് ആരാധനകളില്‍ നിന്ന് സ്ഖലനം തടയുന്നു എന്നതിനാലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. അപ്പോള്‍, ഉറക്കമാണ് അപകടങ്ങളുടെ ഉറവിടം. വയര്‍ നിറക്കലാണ് അതിന്‍റെ പ്രേരകം. വിശപ്പ് അതിനെ പ്രതിരോധിക്കുന്നതും.

7) ആരാധനയില്‍ പതിവാകല്‍ എളുപ്പമാക്കല്‍.

തീറ്റ തീര്‍ച്ചയായും ധാരാളം ആരാധനകളില്‍ നിന്ന് തടയുന്നു. തീറ്റയുമായി ഏര്‍പ്പെടാനുള്ള സമയം അവന് ആവശ്യമായി വരുന്നു എന്നതാണ് അതിന് കാരണം. ചിലപ്പോള്‍ ഭക്ഷണം വാങ്ങാനും അത് പാചകം ചെയ്യാനുമുള്ള സമയവും അവന് ആവശ്യമായി വരും. കൂടാതെ, കൈകഴുകലും പല്ലിനിടയില്‍നിന്ന് മിച്ചഭക്ഷണം പുറത്തെടുക്കലും അവന് ചെയ്യേണ്ടതായി വരികയും ചെയ്യും. അവന്‍റെ കുടിക്കല്‍ അധികരിച്ചതിനാല്‍ അതിനായി ജല സംഭരണിയിലേക്കുള്ള അവന്‍റെ പോക്കും വര്‍ദ്ധിക്കും. ഇതിനെല്ലാം വിനിയോഗിക്കപ്പെട്ട സമയങ്ങള്‍ അല്ലാഹുവിനെ ഓര്‍ക്കാനും അവനോട് മുനാജാത് നടത്താനും മറ്റു ആരാധനകള്‍ക്കും വിനിയോഗിച്ചിരുന്നെങ്കില്‍ അവന്‍റെ ലാഭം വര്‍ദ്ധിക്കുമായിരുന്നു.

സിരിയ്യു സഖത്വി (റ) പറഞ്ഞു : ധാന്യം പൊടി രൂപത്തിലാക്കി കൂടെ കൊണ്ടുനടക്കുന്നതായി അലിയ്യുല്‍ ജുര്‍ജാനി എന്നവരെ ഞാന്‍ കണ്ടു. ധാന്യം പൊടി രൂപത്തിലാക്കാന്‍ പ്രേരിപ്പിച്ച ഘടകം എന്താണെന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു; ധാന്യം ചവച്ച് പൊടിരൂപത്തിലാക്കാവുന്ന സമയത്തിനിടയില്‍ എഴുപത് തസ്ബീഹ് ചൊല്ലാന്‍ കഴിയുമെന്ന് ഞാന്‍ കണക്കാക്കി. നാല്‍പത് വര്‍ഷമായി ഞാന്‍ റൊട്ടി ചവച്ചിട്ടേയില്ല.   

എങ്ങനെയാണ് അദ്ദേഹം സമയത്തെ സൂക്ഷിച്ചെതന്ന് നീ നോക്കൂ. ഭക്ഷണം ചവക്കുന്നതില്‍ പോലും അദ്ദേഹം സമയം പാഴാക്കിയില്ല. ആയുസ്സിലെ ഒരോ ശ്വാസോഛാസവും അമൂല്യമായ രത്നമാണ്. അതിനാല്‍ കിട്ടുന്ന മുഴുവന്‍ അമൂല്യ രത്നത്തെയും അന്ത്യമില്ലാത്ത ആഖിറത്തില്‍ അവശേഷിക്കുന്ന സംഭരണിയായി നേടിയെടുക്കല്‍ അത്യാവശ്യമാണ്. അല്ലാഹുവിനെ ഓര്‍ക്കുന്നതിലേക്കും അവനെ വഴിപ്പെടുന്നതിലേക്കും ആയുസ്സിനെ തിരിക്കല്‍ കൊണ്ടാണ് അത് നേടിയെടുക്കാന്‍ കഴിയുന്നത്.

അമിത തീറ്റകാരണം മൊത്തത്തില്‍ അവന് പ്രയാസമാകുന്ന കാര്യം, ശുദ്ധിയില്‍ നിത്യമാകലും പള്ളിയെ അനിവാര്യമാക്കലുമാണ്. ധാരാളം വെള്ളം കുടിക്കാനായി പുറത്തേക്ക് പോകേണ്ടതായി വരും അവന്.

അവന് പ്രയാസമാകുന്ന മറ്റൊന്നാണ് നോമ്പെടുക്കല്‍. വിശപ്പ് പതിവാക്കിയവന് അത് എളുപ്പമായിരിക്കും. അപ്പോള്‍ നോമ്പ്, ഇഅ്തികാഫും ശുദ്ധിയും നിത്യമാക്ക തീല്‍, തീറ്റകൊണ്ട് വ്യാപൃതമാകുന്ന സമയം ആരാധനയിലേക്ക് തിരിക്കല്‍ തുടങ്ങിയവ ധാരാളം ലാഭമുള്ള കാര്യമാണ്. ഐഹിക ജീവിതം തൃപ്തിപ്പെടുകയും ദീനിന്‍റെ വിലയറിയാത്ത അശ്രദ്ധരുമാണ് തീര്‍ച്ചയായും ഇതിനെ നിസ്സാരമായി കാണുക. ഐഹിക ജീവിതത്തില്‍ നിന്ന് പ്രത്യക്ഷമായത് അവര്‍ മനസ്സിലാക്കുന്നു. പരലോകത്തെ പറ്റി അവര്‍ അശ്രദ്ധയില്‍ തന്നെയാകുന്നു (സൂറതു റൂം:7).

വിശപ്പിന്‍റെ ആറ് അപകടങ്ങളിലേക്ക് അബൂസുലൈമാനുദ്ദാറാനി സൂചിപ്പിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞു : ആരെങ്കിലും വയര്‍ നിറച്ചാല്‍ അവനില്‍ ആറ് അപകടങ്ങള്‍ പ്രവേശിച്ചു: മുനാജാതിന്‍റെ മാധുര്യം നഷ്ടപ്പെടല്‍, ഹിക്മത്ത് മനപാഠമാക്കാന്‍ പ്രയാസമാകല്‍, അവന്‍ വയര്‍ നിറച്ചാല്‍ എല്ലാ സൃഷ്ടികളും വയര്‍ നിറച്ചവരാണ് എന്ന് വിചാരിക്കുന്നതിനാല്‍ അവര്‍ക്ക് കാരുണ്യം ചെയ്യുന്നതില്‍ നിന്ന് അവന്‍ തടയപ്പെടല്‍, ആരാധന ഭാരമാകല്‍, ദേഹേച്ഛകള്‍ വര്‍ധിക്കല്‍, എല്ലാ വിശ്വാസികളും പള്ളികള്‍ക്ക് ചുറ്റുമാകുമ്പോള്‍ വയര്‍ നിറച്ചവര്‍ കുപ്പത്തൊട്ടികള്‍ക്ക് ചുറ്റുമായിരിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only

Start typing and press Enter to search