ദുഷ്‌പ്രചരണം നടത്തുന്നവരോട് | അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് | Abdul Hameed faizy Ambalakadavu


വിശുദ്ധ ദിനരാത്രങ്ങൾ ഇതാ വന്നെത്തി. "ദുൽഹിജ്ജ ഒന്ന് മുതൽ പത്തു വരെയുള്ള ദിനങ്ങൾ ദുനിയാവിലെ ഏറ്റവും ശ്രേഷ്ഠമായ ദിനങ്ങളാണ്. സൽകർമ്മങ്ങൾ ചെയ്യാൻ ഇത്ര അനുയോജ്യമായ ദിനങ്ങൾ വേറെ ഇല്ല. മറ്റു ദിനങ്ങളിൽ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ യുദ്ധം ചെയ്താൽ പോലും ഈ ദിനങ്ങളിൽ ചെയ്യുന്ന പുണ്ണ്യകർമ്മങ്ങളെ പോലെ മഹത്വം ലഭിക്കില്ലേ..? ഇല്ല, ഒരിക്കലുമില്ല. യുദ്ധത്തിൽ പങ്കെടുക്കുകയും തല മണ്ണിൽ കുത്തുകയും  (രക്തസാക്ഷി) ചെയ്തവനൊഴികെ."

   ഒരു നബിവചനത്തിന്റെ ആശയ സംഗ്രഹമാണ് മുകളിൽ കൊടുത്തത്. പ്രിയ സഹോദരാ, ഇന്ന് മുതൽ നമുക്ക് ഇക്കാര്യം ഒന്നു ശ്രദ്ധിച്ചു കൂടെ..? മരണം എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് നമുക്കറിയില്ലല്ലോ. നമ്മുടെ കർമ്മരംഗത്തെ സജീവ സാന്നിധ്യമായിരുന്ന മടവൂർ ശരീഫ് മാസ്റ്റർ താൻ ജോലി ചെയ്തിരുന്ന സ്കൂളിലേക്ക് തന്റെ ബൈക്കിൽ പോകവേ ഒരു മരക്കൊമ്പ് തലയിൽ വീണു തൽക്ഷണം മരണപ്പെട്ടു. കാറ്റോ മഴയോ ഇല്ല. കാർമേഘം പോലും ഉണ്ടായിരുന്നില്ല. അങ്ങിനെ നമ്മുടെ എത്രയെത്ര സുഹൃത്തുക്കൾ...?

ഈ ദിനങ്ങളിൽ സൽകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിന്റെ പ്രാധാന്യം പോലെ തന്നെയാണ് ദുഷ്കർമ്മങ്ങൾ ചെയ്യുന്നതിന്റെ ഗൗരവവും.

     ഇന്ന് നാം എന്താണ് ചെയ്ത് കൊണ്ടിരിക്കുന്നത്..?

     തിന്മകളുടെ ആധിക്യം നൻമകളെ മറികടക്കുന്നു. തിന്മകൾ സർവ്വത്ര ആധിപത്യം നേടിക്കൊണ്ടിരിക്കുന്നു.
സ്തീപുരുഷ സങ്കലനങ്ങളും തെറ്റായ ചാറ്റിംഗുകളും ഗാനമേളകളും താളമേളങ്ങളുമെല്ലാം ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി. കല്ല്യാണ സദസ്സുകളിൽ ആണിനും പെണ്ണിനും വെവ്വേറെ സൗകര്യങ്ങൾ ചെയ്യണമെന്നതെല്ലാം നാം മറന്നു കഴിഞ്ഞു. ഒളിച്ചോടലുകൾക്കും തട്ടിക്കൊണ്ടു പോകലുകൾക്കുമെല്ലാം കാരണക്കാർ മതനിഷേധികളും ഫാഷിസ്റ്റ് 
ചിന്താഗതിക്കാരുമാണന്ന് പറഞ്ഞ് നാം കെെ കഴുകുന്നു.

     സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും എത്രയെത്ര കളവുകളാണ് ദിനംപ്രതി പ്രചരിപ്പിക്കുന്നത്..? 
ഷെയർ ചെയ്ത് കിട്ടുന്ന ഇത്തരം കളവുകൾ അതിന്റെ നിജസ്ഥിതി അറിയാതെ, അത് മനസിലാക്കാൻ ശ്രമിക്കാതെ, ഷെയറുന്നത് ആ കളവുകൾ പടച്ചുണ്ടാക്കിയവരുടെ തുല്യ കുറ്റമാണ് ഏറ്റെടുക്കേണ്ടി വരുന്നതെന്ന് ഓർത്തിട്ടുണ്ടൊ..? ഇല്ലെങ്കിൽ അതൊന്ന് ഗൗരവത്തിൽ എടുക്കുന്നത് നന്നായിരിക്കും. അതേസമയം, സമൂഹത്തിൽ സൃഷ്ടിക്കപ്പെട്ട , സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്ന തെറ്റിദ്ധാരണകൾ തിരുത്താൻ, തിരുത്തിക്കാൻ വേണ്ടി നിജസ്ഥിതി ബോധ്യപ്പെടുത്തി കൊടുക്കുന്നത് ഉത്തരവാദപ്പെട്ടവരുടെ ബാധ്യതയാണ്. കർത്തവ്യമണ്. അതവർ നിവവേറ്റിയേ പറ്റു.

     സമൂഹത്തിലെ സമുന്നതരായ സാദാത്തുക്കളേയും പണ്ഡിതൻമാരെയും പോലും സമൂഹത്തിൽ അവമതിക്കുന്ന വിധം കളവും പരദൂഷണവും ഏഷണിയും പറഞ്ഞും എഴുതിയും പ്രചരിപ്പിക്കുന്നവർ ഓർക്കുക മഹ്ശറ വരാനുണ്ട്. ആരെയൊക്കെ കുറിച്ചാണോ ദുഷ്പ്രചരണം നടത്തിയത് അവർക്ക് കളവ് പ്രചരിപ്പിച്ചവർ ചെയ്ത സൽകർമ്മങ്ങളിൽ നിന്ന് ഒന്നൊന്നായി നാളെ അല്ലാഹു നൽകുകയും സൽകർമ്മങ്ങൾ ഒന്നും തന്നെ ബാക്കിയില്ലാതെ അവർ പാപ്പരായിത്തീരുകയും ചെയ്യുന്ന ഒരു ദിനം വരുമെന്ന് സത്യം മാത്രം പറയുന്ന മുത്ത് റസൂൽ (സ) തങ്ങൾ നമ്മെ പഠിപ്പിച്ചിട്ടുണ്ട്.

     ഈ വിശുദ്ധ ദിനരാത്രങ്ങൾ ഉപയോഗപ്പെടുത്താൻ  ദയാലുവായ റബ്ബ് നമ്മെ അനുഗ്രഹിക്കട്ടെ.  ആമീൻ

 അമ്പലക്കടവ്
19.06.2023

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only

Start typing and press Enter to search