✍️ മൊയ്തു റഹ്മാനി ,അസ്ലമി
തിരുവള്ളൂർ
1973 ൽ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജിൽ നിന്നും ശൈഖുനാ എം.ടി ഉസ്താദിൻ്റെ ബാച്ചിൽ ഒന്നാം റാങ്കോട് കൂടി കണ്ണിയത്ത് ഉസ്താദിൻ്റെയും ,ശംസുൽ ഉലമയുടെയും ,പാണക്കാട് സയ്യിദന്മാരുടെയും സാന്നിധ്യത്തിൽ ഫൈസി ബിരുദം നേടിയ വലിയ പണ്ഡിത പ്രതിഭയാണ് സമസ്ത ജോയൻ്റ്സെക്രട്ടറി ശൈഖുനാ ഉമ്മർ ഫൈസി മുക്കം .കർമ്മ ശാസ്ത്രത്തിലും ,ഹദീസ് വിഭാഗത്തിലും അറബി ഗ്രാമറിലും ഭാഷയിലും മഹാനവർകളുടെ പ്രാവീണ്യവും കഴിവും അപാരമായിരുന്നു. പട്ടിക്കാട് പഠിക്കുന്ന സമയത്ത് ശംസുൽ ഉലമ ,കോട്ടുമല എന്നീ ഉസ്താദ്മാർ സബ്ഖ് എടുക്കുമ്പോൾ ഒന്നാം ബെഞ്ചിലിരുന്ന് കിതാബിലെ അറബി ഇബാറത്ത് തർക്കീബ് അനുസരിച്ച് തെറ്റാതെ വായിക്കാനും ആശയങ്ങൾ ഗുരുവര്യരിൽ നിന്ന് കേട്ടത് അതേ പോലെ മനസ്സിലാക്കാൻ സാമർത്ഥ്യമുള്ള വ്യക്തിയാണ് മഹാനവർകൾ .അന്നത്തെ പ്രകൽഭരായ പണ്ഡിത മഹത്തുക്കളായ ഉസ്താദുമാർ തന്നെ ഇക്കാര്യം പ്രശംസിക്കാറുണ്ട് .ഒഴിവ് വേളകളിൽ ലൈബ്രറിയിലെ കിതാബ് പാരായണവും മറ്റുമായി മഹാനവർകൾ സമയം ചിലവഴിച്ചു. അതി ശക്തമായ ബുദ്ധികൂർമ്മതയുടെ ഉടമയായിരുന്നു ഉമർ ഫൈസി ഉസ്താദ് .ഒരു സൂഫീ ജീവതമാണ് മഹാനവർകളുടെത്.
ജാമിഅയിലെ പഠന ശേഷം മഹാനായ ശംസുൽ ഉലമയുടെ സഹചാരിയായി ഉമർ ഫൈസിയെ കൂടെ കൂട്ടി .സമസ്തയുടെ എല്ലാ പ്രവർത്തന മേഖലയിലും ശംസുൽ ഉലമയിൽ നിന്നുള്ള ബാലപാഠവും ഉമർ ഫൈസി ഉസ്താദിന് പകർന്നു നൽകി . ശംസുൽ ഉലമയുടെ ഖാദിമായി നിഴൽ പോലെ അവിടത്തെ തൃപ്തിയിൽ അവിടത്തെ തർബിയ്യത്തിലായിരുന്നു ഉമർ ഫൈസി ഉസ്താദിൻ്റെ ജീവിതവും വളർച്ചയും .ശംസുൽ ഉലമ ഏത് കാര്യത്തിലും ആദ്യം തൻ്റെ അരുമ ശിഷ്യനായ ഉമർ ഫൈസിയുടെ അഭിപ്രായവും മറ്റും ചോദിക്കുമായിരുന്നു. അവിടത്തെ പ്രതാപവും ലാളനയും കര സ്പർശനവും ഉമർ ഫൈസി ഉസ്താദിനെ എല്ലാ നിലക്കും വലിയ ഉന്നതിയിലെത്തിച്ചു. ഇബാദത്തിലെ കാർക്കഷ്യവും അവ്വലു വഖ്ത്തിൽ തന്നെയുള്ള നിസ്കാരവും മറ്റുള്ളവരിൽ നിന്നും ഉസ്താദിനെ വേർതിരിക്കുന്നു. ദാഇമായ വുളൂഉം, എവിടെയാണെങ്കിലും സമയത്ത് നിസ്കരിക്കാൻ വേണ്ടി ഒരു ഷാളും കയ്യിൽ കരുതുന്ന രീതിയാണ് മഹാൻ്റേത് . 1989 ലെ സമസ്തയിലെ പിളർപ്പ് കാലത്ത് ശംസുൽ ഉലമയുടെ നിർദേശപ്രകാരം കേരളത്തിൽ അങ്ങോളമിങ്ങോളം യഥാർത്ഥ സമസ്തക്ക് കീഴിലും ,സുന്നത്ത് ജമാഅത്തിന് കീഴിലും മുസ്ലിം കൈരളിയെ അടിയുറച്ച് നിർത്താൻ ഉസ്താദ് സി.എച്ച് മഹമൂദ് സഅദി എന്നിവരുടെ കൂടെ ഓടി നടന്ന് പ്രവർത്തിച്ച പ്രകൽഭ സംഘാടന വൈഭവത്തിൻ്റെ ഉടമയാണ് മുക്കം ഉസ്താദ് .ശംസുൽ ഉലമ പല സന്ദർഭങ്ങളിലായി ഉമർ ഫൈസി മുക്കം ഉസ്താദിനെ കുറിച്ച് പറയാറുള്ളത് " ബുദ്ധിയും ഓർമ്മ ശക്തിയും ,തന്ത്രവും ,സംഘടനാ ശേഷിയുമുള്ള കർമ്മ നിരതനായ ശിഷ്യർ " എന്നാണ് .ശംസുൽ ഉലമ ഈ ലോകത്തോട് വിട പറയുന്ന സന്ദർഭത്തിൽ അരികിലിരുത്തി ആദ്യം യാസീൻ ഓതാൻ കൽപ്പിച്ചത് ശൈഖുന ഉമർ ഫൈസി ഉസ്താദിനോടായിരുന്നു. രോഗപ്രയാസ സന്ദർഭത്തിൽ ഫാത്തിമ ഹോസ്പിറ്റലിൽ ശംസുൽ ഉലമയുടെ ചാരത്ത് തൻ്റെ ശിഷ്യരിൽ പ്രമുഖനായ ഉമർ ഫൈസി കൂടെ ഉണ്ടായിരുന്നു.
കർമ്മ ശാസ്ത്ര തർക്ക വിശയങ്ങളിലും ,ഹദീസ് വിഷയങ്ങളിലും ഏതൊരാൾക്കും സംശയം നിവാരണം കിതാബിൻ്റെ ഉദ്ധരണി, പേജ് ,ഭാഗം സഹിതം പറഞ്ഞ് കൊടുക്കാൻ കഴിവും പാണ്ഡിത്യവും ഉസ്താദിനുണ്ട് .ആയിരക്കണക്കിന് ഹദീസുകൾ സനദ് സഹിതം കാണാപ്പാഠവുമാണ് ഉസ്താദിന് .വിനയവും ,നിഷ്കളങ്കതയും ഉസ്താദിൽ എന്നും പ്രകഘടമായിരുന്നു. തെറ്റിനെ തെറ്റായി കണ്ട് സമസ്തക്ക് വേണ്ടി ,സുന്നത്ത് ജമാഅത്തിന് വേണ്ടി, ആദർശവും ,നിലപാടും പറയാൻ ഒരാളെയും ഭയക്കാത്ത നിലപാടിൻ്റെ ഉടമ കൂടിയാണ് ഉമർ ഫൈസി മുക്കം .സമസ്തയുടെ നയ നിലപാടുകൾക്ക് എതിരായി വരുന്ന എല്ലാ തരം വെല്ലു വിളിയും ഏറ്റെടുത്ത് കറക്ട് മറുപടി നൽകി ശത്രുക്കളുടെ മുന ഒടിക്കാൻ ശംസുൽ ഉലമയിൽ നിന്ന് പകർന്ന് കിട്ടിയ ബാല പാഠo സമസ്തയുടെ ശത്രുക്കൾക്ക് പേടി സ്വപ്നമായി ശൈഖുന ഉമർ ഫൈസിമാറുകയുണ്ടായി .പ്രസംഗത്തിലും ,ആദർശ പ്രചരണത്തിൽ ഇ.കെ ഹസൻ മുസ്ലിയാരുടെ മാതൃകയും ശൈലിയുമാണ് സ്വീകരിച്ചിരുന്നത് . പാണ്ഡിത്യത്തിൻ്റെ നിറകുടമായി മഹാൻ സമസ്തയുടെ തണലും കോഴിക്കോട്ടുകാരുടെ അഭയവുമാണ് .ഹരിത രാഷ്ട്രീയത്തെ നെഞ്ചോട് ചേർത്ത് വെച്ച് ജീവിതമാണ് മഹാനവർകളുടെത്.
കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽനിന്ന് അഫ്ദലുൽ ഉലമയും അതിൽ ഒന്നാം റാങ്കും വാങ്ങിച്ച മഹാനവർകൾ അക്കാലത്ത് പണ്ഡിതരിലെ മതപഠനത്തോടൊപ്പം ഭൗതിക ഡിഗ്രി നേടിയ ഏക വ്യക്തിയായിരുന്നു അദ്ധേഹം . ഇംഗ്ലീഷ് ,ഉറുദു ഭാഷകളിൽ നല്ല ജ്ഞാനമായിരുന്നു അദ്ധേഹത്തിന് . പി. എസ്.സി പരീക്ഷയിൽ പോലും ഉന്നത വിജയം നേടി 1975ൽ അമ്പലവയൽ ഹൈസ്കൂളിൽ ജോലിയിൽ പ്രവേശിച്ചു. ശംസുൽ ഉലമയുടെ നിർദേശപ്രകാരം സർക്കാർ ജോലി ഉപേക്ഷിച്ച് നന്തി ദാറുസ്സലാമിൽ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.
കണ്ണിയത്ത് അഹമ്മദ് മുസ്ലിയാർ, ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, തിരൂരങ്ങാടി ബാപ്പു മുസ്ലിയാർ, വൈലത്തൂർ ബാവ മുസ്ലിയാർ തുടങ്ങിയവരുടെ ശിഷ്യനാണ് അദ്ദേഹം. എസ്.കെ.ഐ.എം.വി ബോർഡ് അംഗം, എസ്.എം.എഫ് സംസ്ഥാന ട്രഷറർ, എസ്.കെ.ഐ.എം.വി.ബി പരിശോധന ബോർഡ് കൺവീനർ, അൽബിർറ് പ്രീ സ്കൂൾ കൺവീനർ, കോഴിക്കോട് തർബിയ്യത്തുൽ ഇസ്ലാം സഭ വർക്കിങ് സെക്രട്ടറി, മുക്കം ദാറുസ്സലാം പ്രസിഡൻറ്, മുക്കം ഓർഫനേജ് കമ്മിറ്റി അംഗം, മതകാര്യ വകുപ്പ് ചെയർമാൻ, മഹല്ല് പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിക്കുന്നതോടൊപ്പം കേരള സർക്കാർ മദ്റസാധ്യപക ക്ഷേമനിധി ബോർഡ് അംഗവുമാണ്. കാരമൂല ദാറുസ്സലാഹ് ഇസ്ലാമിക് അക്കാദമിയിൽ പ്രിൻസിപ്പലായി സേവനം ചെയ്യുന്ന ഫൈസി ഹജ്ജും ഉംറയും ഒരു വിശദ പഠനം ഉൾപ്പെടെ നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. അല്ലാഹു മഹാനവർകൾക്ക് ദീർഘായുസ്സ് നൽകട്ടെ .ഒരുപാട് കാലം സമസ്തക്ക് നേതൃത്വം നൽകാൻ ശക്തിയും ഊർജവും നാഥൻ നൽകട്ടെ .ആമീൻ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ