റജുലാനി തഹാബ്ബാ ഫില്ലാഹി വ ജ്തമആ അലൈഹി... എന്ന
തിരുവചനപ്പൊരുളിന്റെ
കേരളീയ പണ്ഡിതനിരയിലെ പ്രതീകങ്ങളായിരുന്നു
മേലാറ്റൂർ കുഞ്ഞാണി മുസ്‌ലിയാരും
കാപ്പിൽ ഉമർ മുസ്‌ലിയാരും.
പണ്ഡിതന്മാർക്ക് പോലും അന്യം നിന്നു പോവുന്ന മൻത്വിഖും മആനിയും കലക്കിക്കുടിച്ച രണ്ട് മഹാമനീഷികൾ.
ഒരാൾ മഅഖൂൽ ഉമർ മുസ്‌ലിയാരാണെങ്കിൽ മറ്റെയാൾ മൻത്വിഖ് കുഞ്ഞാണി മുസ്‌ലിയാർ.
മർഹൂം മൗലാനാ കെ.സി ജമാലുദ്ധീൻ മുസ്ലിയാരുടെ കരുവാരക്കുണ്ട്
ദർസിൽ നിന്ന് തുടങ്ങിയ ആ ബന്ധം ബാഖിയാത്തും കഴിഞ്ഞ്
മരണം വരെയും തുടർന്നു. പണ്ഡിതന്മാർക്കിടയിലെ കിലയും കിൽത്തയുമായി സൗഹൃദകൊട്ടാരം
പണിത ആ മഹാ മനീഷികളുടെ കഥ പയ്യനാട്ടെ പള്ളിയിലെ മൊല്ലാക്ക തന്നെ പറയട്ടെ:
"ഞാൻ പെരീന്ന് സുബ്ഹിക്ക് വാങ്ക് കൊടുക്കാൻ പള്ളിയിൽ വരുമ്പോളും മൂപ്പെരും ഉമ്മർ മൂല്യേരും കൂടി കിതാബ് നോക്കാകും,
ഓല് അങ്ങനേണ് ചെലപ്പോ ഒറങ്ങലില്ല
കെസിക്ക് ഓലെ ഭയങ്കര കാര്യയ്നി..ന്റെ പെരീൽ ചക്കയൊക്കെ കായ്ച്ചുമ്പോ കുട്ട്യാൾക്ക് എല്ലാർക്കും ഇല്ലെങ്കിൽ ഞാൻ ഓല്ക് മാത്രം കൊടുന്ന് കൊടുക്കും.. ഇഞ്ഞേ നല്ല ഇഷ്ട്ടായ്നി"
നീണ്ട അമ്പത്തിയേഴ് വർഷമാണ് ആ ബന്ധം നീണ്ടത്.മരണത്തിലും സാമ്യത
നൽകിയാണ് ഇരുവരുടെയും ഇഹലോകത്തെ ജീവിതത്തിന് ഇലാഹായ അഹദവൻ ഫുൾസ്റ്റോപ്പിട്ടത്.
ഉമർ മുസ്‌ലിയാർ വഫാത്തായത് 2017 മുഹർറം 11 ന്.കുഞ്ഞാണി മുസ്‌ലിയാരാവട്ടെ 2018 മുഹർറം 10 നും.
അഭേദ്യമായ ആ സൗഹാർദ്ദ ജീവിതത്തെക്കുറിച്ച് കുഞ്ഞാണി ഉസ്താദ് കുറിച്ചുവെച്ചത് ചേർക്കട്ടെ:
''ഞങ്ങൾ തമ്മിൽ മാനസികമായി പങ്കുവെക്കാത്ത കാര്യങ്ങളുണ്ടായിട്ടില്ല എന്ന് തന്നെ പറയാം. ഓത്തിന്റെ കാര്യത്തിൽ മാത്രമല്ല എന്റെ എല്ലാ കാര്യങ്ങളിലും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു.അദ്ദേഹത്തിന്റെ കാര്യങ്ങളിലെല്ലാം ഞാനുമുണ്ടായിരുന്നു. ശരീരവും മനസ്സും പരസ്പരം ലയിച്ചു ചേർന്ന ഒരു ബന്ധമായിരുന്നു അത്. ഏതു കാര്യവും എന്നോട് ചർച്ച ചെയ്ത് മാത്രമേ അദ്ദേഹം ചെയ്യൂ. ഞാനും തഥൈവ. വീട്ടിലെ കാര്യങ്ങൾ മാത്രമല്ല, സാമ്പത്തിക കാര്യങ്ങൾ, വീട് വെക്കുമ്പോഴും, ഭൂമി വാങ്ങുമ്പോഴും, മക്കളുടെ കല്യാണ കാര്യങ്ങളിലും എല്ലാം രണ്ട് പേരും കൂടിയായിരുന്നു.''
ആത്മസുഹൃത്തിന്റെ വിയോഗം തന്നെ തളർത്തിയെന്ന് കുഞ്ഞാണി ഉസ്താദ് തന്നെ അയവിറക്കുന്നു:
''എന്റെ മകളും മകനും മരണപ്പെട്ട അവസരത്തിലില്ലാത്ത മനോവേദനയാണ് ആ വിയോഗ വാർത്തയറിഞ്ഞ് ,ജനാസ കണ്ട് വന്ന് നേരം പുലരുവോളം ഞാനനുഭവിച്ചത്.''
വേർപ്പാടിന്റെ നൊമ്പരവും
ഓർമകളുടെ സുഗന്ധവും ഈ വരികളിലുണ്ട്.
ധിഷണ കൊണ്ട് കൈരളിയെ വിസ്മയിപ്പിച്ച ആ രണ്ട് പണ്ഡിതസൂനങ്ങളുടെയും ദറജ നാഥൻ ഉയർത്തട്ടെ.
#ആമീൻ!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ